

കേരളത്തിലെ പൊതുവിതരണ രംഗത്ത് നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ (കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ). വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിനും സാധാരണക്കാർക്ക് മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനും സപ്ലൈകോയും അതിന്റെ കീഴിലുള്ള മാവേലി സ്റ്റോറുകളും വലിയ പങ്കാണ് വഹിക്കുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെയും വിപുലമായ വിപണി ഇടപെടലുകളിലൂടെയും സപ്ലൈകോ തങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ ആറുമാസത്തെ പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയോടെ ജൂലൈ മാസം 220 കോടിയുടെ വിൽപ്പന സപ്ലൈകോ നേടിയതായി മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി.എം പറഞ്ഞു. ഉപഭോക്താക്കളുടെ എണ്ണം 37 ലക്ഷമായും ഉയർന്നു. ഓഗസ്റ്റ് മാസത്തിൽ 400 കോടി രൂപയുടെ വിൽപ്പന കൈവരിക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
വിപണിയിലെ വിലക്കയറ്റം ഫലപ്രദമായി നേരിടാൻ 13 ഇനം സബ്സിഡി സാധനങ്ങളാണ് സപ്ലൈകോ വിതരണം ചെയ്യുന്നത്. പൊതുവിപണിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വിലക്കുറവിലാണ് സബ്സിഡി നിരക്കിൽ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് വിപണിയിലെ കൃത്രിമമായ വിലക്കയറ്റം തടഞ്ഞുനിർത്താൻ സഹായിക്കുന്നു. സബ്സിഡി ഇല്ലാത്ത ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പോലും വിപണി വിലയേക്കാൾ 5 മുതൽ 25 ശതമാനം വരെ വിലക്കുറവ് സപ്ലൈകോ ഉറപ്പാക്കുന്നുണ്ട്.
ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് വിതരണം ചെയ്യുന്നത് എന്ന പരാതികൾ സപ്ലൈകോ ഗൗരവമായി കാണുന്നു. സാധനങ്ങൾ വാങ്ങുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ (Specifications) നിശ്ചയിച്ചിട്ടുള്ളതായി സപ്ലൈകോ അധികൃതര്‍ ധനം ഓണ്‍ലൈനോട് പറഞ്ഞു. സപ്ലൈകോയുടെ ക്വാളിറ്റി ടീം ഓരോ ഘട്ടത്തിലും പരിശോധനകൾ നടത്തുന്നു. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ അപ്പപ്പോൾ തന്നെ റിജക്ട് ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ ഉടനടി ഇടപെട്ട് സാമ്പിളുകൾ ശേഖരിക്കുകയും അവ സി.എഫ്.ആർ.ടി (CFRT) ലാബുകളിൽ അയച്ച് പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
വലിയ അളവിൽ സാധനങ്ങൾ എത്തുമ്പോൾ (ചാക്കുകളിൽ എത്തുന്നവ ഉൾപ്പെടെ) അവയുടെ സാമ്പിളുകൾ പരിശോധിച്ച് അപ്രൂവ് ചെയ്തതിന് ശേഷം മാത്രമാണ് സ്റ്റോക്കിലേക്ക് സ്വീകരിക്കുന്നത്.
പതിവിൽ നിന്നും വ്യത്യസ്തമായി മൂന്നിടങ്ങളിൽ മെഗാ ട്രേഡ് ഫെയർ ഇത്തവണ സപ്ലൈകോ സംഘടിപ്പിക്കും. കോഴിക്കോട് ബീച്ചിലും എറണാകുളം കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലും തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലുമാണ് ഓണം മെഗാ ട്രേഡ്ഫെയർ നടത്തുക. 4000 സ്ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും ട്രേഡ് ഫെയറില്‍ ഉണ്ടാകും. മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.
മറ്റു 11 ജില്ലകളിൽ പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും. കൂടാതെ എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെയും നടത്തും. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പന ശാലകളിൽ ലഭിക്കും. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ് 2000 രൂപയ്ക്കും സപ്ലൈകോ നൽകുന്നു. സാധാരണക്കാർക്ക് ആശ്വാസകരമായ രീതിയിൽ ഓണവിപണിയിലെ തിരക്കും വിലക്കയറ്റവും നിയന്ത്രിക്കാൻ സപ്ലൈകോ ഇത്തരം മേളകളിലൂടെ ലക്ഷ്യമിടുന്നു.
മാവേലി സ്റ്റോറുകളെ കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അവയെ 'സൂപ്പർ മാവേലി സ്റ്റോറുകളായി' ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിലുള്ള പല മാവേലി സ്റ്റോറുകളും സ്ഥലപരിമിതി നേരിടുന്നവയാണ്. അവിടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ നേരിട്ട് കണ്ടു തിരഞ്ഞെടുക്കാനുള്ള സൗകര്യം കുറവാണ്. എന്നാൽ സൂപ്പർ മാവേലി സ്റ്റോറുകൾ കൂടുതൽ വിസ്തീർണമുള്ള സ്ഥലങ്ങളിലായിരിക്കും പ്രവർത്തിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കാനുള്ള (Self-service) സൗകര്യം നൽകുന്നു. ഇത്തരം സ്റ്റോറുകളിൽ കൂടുതൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും വൈവിധ്യമാർന്ന ഇനങ്ങളും ലഭ്യമാക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
24 മണിക്കൂർ കൺവീനിയൻസ് സ്റ്റോറുകൾ: തിരക്കുള്ള സ്ഥലങ്ങളായ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന 'കൺവീനിയൻസ് സ്റ്റോറുകൾ' തുടങ്ങാനും സപ്ലൈകോ ലക്ഷ്യമിടുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വൈറ്റില ഹബിലെ സ്റ്റോർ കൺവീനിയൻസ് സ്റ്റോറാക്കി മാറ്റാനുള്ള നടപടികൾ നടന്നുവരികയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine