നവകേരള യാത്ര കഴിഞ്ഞാല്‍ ഉടന്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടും; ക്രിസ്മസ് ഫെയറുമുണ്ടാകില്ല

സപ്ലൈകോ വഴി വില്‍ക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. 25 ശതമാനം വരെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്യുമെന്നാണ് അറിയുന്നത്. ആസൂത്രണ ബോര്‍ഡംഗം ഡോ. രവിരാമന്‍ അദ്ധ്യക്ഷനായ വിദഗ്ധസമിതി ഈ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വിലകൂട്ടാന്‍ കഴിഞ്ഞമാസം ഇടത് മുന്നണിയോഗം അനുമതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ നവകേരള യാത്രയ്ക്ക് ശേഷം മതിയെന്ന നിലപാടാണ് സപ്ലൈകോ സ്വീകരിച്ചത്. 2016ലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കില്ലെന്നത്. അന്നു മുതലിതുവരെ വാഗ്ദാനം പാലിച്ചെങ്കിലും ഇപ്പോള്‍ വില കൂട്ടാനാകാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. നവ കേരള യാത്ര അവസാനിച്ചാലുടന്‍ വില വര്‍ധന സംബന്ധിച്ച പ്രഖ്യാപനുണ്ടായേക്കും.
പൊതു വിപണിയില്‍ ഇരട്ടി വില
ചെറുപയര്‍, വന്‍പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി, മട്ട അരി, കുറുവ അരി, തുവരപ്പരിപ്പ്, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ 13 ഉത്പന്നങ്ങള്‍ക്കാണ് സബ്‌സിഡിയുള്ളത്. 13 ഇനത്തിനും കൂടി 612 രൂപയാണ് സപ്ലൈകോയില്‍ വില വരുന്നതെങ്കില്‍ പൊതുവിപണിയില്‍ ഇത് 1300 രൂപയോളം വരും.
കഴിഞ്ഞ ഏഴ് വര്‍ഷമായി സപ്ലൈകോ വഴി ജയ അരി കിലോയ്ക്ക് 27 രൂപയ്ക്ക് ലഭിക്കുമ്പോൾ പുറം വിപണിയില്‍ 44 രൂപയ്ക്ക് മുകളിൽ നല്‍കണം. അര ലിറ്റര്‍ വെളിച്ചെണ്ണ 46 രൂപയ്ക്ക് ലഭിക്കുമ്പോള്‍ പുറത്ത് വില 80 രൂപ. എല്ലാ സാധനങ്ങൾക്കും ഇരട്ടിയോളമോ അതിൽ കൂടുതലോ വിലയുണ്ട് പൊതു വിപണിയിൽ. വില വര്‍ധന നടപ്പാകുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ആഘാതമായിരിക്കും പ്രത്യേകിച്ച് ക്രിസ്മസ്-പുതുവത്സരകാലത്ത്.
അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുമ്പോള്‍ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുന്നത്. ഇത് സര്‍ക്കാര്‍ നല്‍കുകയോ അല്ലെങ്കില്‍ വില വര്‍ധിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു സപ്ലൈകോയുടെ ആവശ്യം.
സാമ്പത്തിക പ്രതിസന്ധി മൂലം വിതരണക്കാര്‍ക്ക് കുടിശിക നല്‍കാത്തതിനാല്‍ സബ്‌സിഡി സാധനങ്ങള്‍ പലതും കഴിഞ്ഞ കുറച്ചു മാസങ്ങളായി സപ്ലൈകോ ഔട്ട്‌ലറ്റുകള്‍ ലഭ്യമല്ല. എന്നാല്‍ വില വര്‍ധനകൊണ്ടു മാത്രം പിടിച്ചു നില്‍ക്കാന്‍ സപ്ലൈകോയ്ക്ക് സാധിക്കില്ല.
ക്രിസ്മസ് ഫെയറുമില്ല

സര്‍ക്കാര്‍ അടിയന്തരമായി സപ്ലൈകോയ്ക്ക് പണം അനുവദിച്ചില്ലെങ്കില്‍ എല്ലാവര്‍ഷവും ഡിസംബര്‍ അവസാനത്തോടെ നടത്തുന്ന ക്രിസ്മസ് ഫെയറും ഇത്തവണ ഉണ്ടാകില്ല. കുടിശിക കിട്ടാത്തതിനാല്‍ സപ്ലൈകോ നടത്തിയ ടെന്‍ഡറില്‍ ഒട്ടുമിക്ക കമ്പനികളും പങ്കെടുത്തില്ല. നാല് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. സാധാരണ 80ലേറെ കമ്പനികള്‍ പങ്കെടുക്കാറുണ്ട്. ക്രിസ്മസിന് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ വീണ്ടും ടെന്‍ഡര്‍ വിളിച്ചാലും കമ്പനികള്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. നിലവില്‍ ടെന്‍ഡര്‍ ലഭിച്ചിട്ടുള്ളതും ഉയര്‍ന്ന തുകയ്ക്കാണ്. ടെൻഡർ അനുവദിക്കുന്നത് സപ്ലൈകോയെ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലാക്കും.

Related Articles

Next Story

Videos

Share it