₹10,000 കോടിയുടെ വമ്പന്‍ ഐ.പി.ഒ അപേക്ഷ: സ്വിഗ്ഗി 'രഹസ്യമാക്കിയത്' എന്തിന്?

പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി (initial public offering/IPO) സെബിക്ക് അപേക്ഷ (Draft red herring prospectuses /DRHPs) സമര്‍പ്പിച്ചു. ഐ.പി.ഒ വഴി 10,400 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ഓഹരിയുടമകളില്‍ നിന്ന് അനുമതി തേടിയിരുന്നു.

പുതു ഓഹരികള്‍ വഴി 3,750 കോടി രൂപയും നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി 6,664 കോടി രൂപയുമാണ് സമാഹരിക്കുക.
ഐ.പി.ഒയ്ക്ക് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപയും സമാഹരിക്കാന്‍ സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്.
സ്വിഗ്ഗിയില്‍ 33 ശതമാനം ഓഹരിയുള്ള, ഏറ്റവും വലിയ നിക്ഷേപകരായ പ്രോസസിനെ കൂടാതെ സോഫ്റ്റ് ബാങ്കും ഒ.എഫ്.എസ് വഴി ഓഹരി വിറ്റഴിച്ചേക്കും.

രഹസ്യ സംവിധാനം വഴി

രഹസ്യ സംവിധാനം (confidential route) വഴിയാണ് സ്വിഗ്ഗി ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ചത്. 2022ല്‍ സെബി അവതരിപ്പിച്ചതാണ് കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിംഗ്. ഇത് വഴി അപേക്ഷിക്കുമ്പോൾ പൊതു പ്ലാറ്റുഫോമുകളിൽ പരസ്യപ്പെടുത്തേണ്ടതില്ല. കമ്പനികള്‍ക്ക് ഐ.പി.ഒയിൽ കൂടുതൽ ഫ്ലെക്സിബിലിറ്റി നേടാൻ ഇത് സഹായിക്കും. അതായത് ഡി.ആര്‍.എച്ച്.പി അന്തിമമാക്കുന്നതിന് മുമ്പ് പുതു ഓഹരികളുടെ വിഹിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഓഹരി അനുപാതത്തിൽ
50 ശതമാനം വരെ ഇത്തരത്തിൽ
മാറ്റാം.
ഇതിനു മുമ്പ് ഹോസ്പ്റ്റിലാറ്റി കമ്പനിയായ ഒയോയും കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിംഗ് നടത്തിയിരുന്നു. എന്നാല്‍ അവര്‍ ഐ.പി.ഒയുമായി മുന്നോട്ടു പോയില്ല.
ലാഭ പാതയിലേക്ക്
2022-23 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗിയുടെ വരുമാനം 45 ശതമാനം ഉയര്‍ന്ന് 8,265 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ 4,179 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. ഫുഡ് ഡെലിവറി കൂടാതെ ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തിലേക്കും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്.
2022 ജനുവരിയില്‍ അവസാനം ഫണ്ട് സമാഹരിച്ചപ്പോള്‍ 10.7 ബില്യണ്‍ ഡോളറാണ് സ്വിഗ്ഗിയുടെ മൂല്യം കണക്കാക്കിയിരുന്നത് .
ആക്‌സല്‍, എലിവേഷന്‍ ക്യാപിറ്റല്‍, ടെന്‍സെന്റ്, നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ഡി.എസ്.ടി ഗ്ലോബല്‍, മെയ്തുവാന്‍ (Meituan), കോട്ടു (Coatue), ഇന്‍വെസ്‌കോ തുടങ്ങിയവരാണ് സ്വിഗ്ഗിയുടെ മറ്റ് ഓഹരി ഉടമകള്‍.
വരുന്നൂ.. പുതുതലമുറ കമ്പനികളുടെ ഐ.പി.ഒ കാലം
സ്വിഗിയെ കൂടാതെ നിരവധി പുതുതലമുറ കമ്പനികളാണ് ഐ.പി.ഒയുമായി നിക്ഷേപകരിലേക്കെത്താൻ ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ഓല ഇലക്ട്രിക്, കോവര്‍ക്കിംഗ് സ്റ്റാര്‍ട്ടപ്പായ ആഫീസ് (Awfis), ഫിന്‍ടെക് സ്ഥാപനമായ മൊബിക്വിക്ക്, സോഫ്റ്റ് ബാങ്ക് പിന്തുണയ്ക്കുന്ന ഇ-കൊമേഴ്‌സ് സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ യൂണികൊമേഴ്‌സ്, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഇക്‌സിഗോ എന്നിവയും ഐ.പി.ഒ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്.
കുഞ്ഞുടുപ്പ് ബ്രാന്‍ഡായ ഫസ്റ്റ്‌ക്രൈ ഡിസംബറില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അവശ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് വീണ്ടും ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരും മാസങ്ങളില്‍ ഇവയെല്ലാം ഐ.പി.ഒയുമായി എത്തിയേക്കാം.
സ്വിഗ്ഗിയുടെ മുഖ്യ എതിരാളിയായ സൊമാറ്റോ 2021ലാണ് ലിസ്റ്റ് ചെയ്തത്. 9,375 കോടി രൂപയാണ് ഐ.പി.ഒ വഴി കമ്പനി സമാഹരിച്ചത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it