

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ (NBFC) യോഗക്ഷേമം ലോണ്‍സിന്റെ (Yogloans) ഭൂരിപക്ഷ ഓഹരികളും ടാറ്റ കാപ്പിറ്റല്‍ സ്വന്തമാക്കി. പൂര്‍ണമായും പണമിടപാടിലൂടെ (All-cash transaction) യാണ് കരാര്‍.
ഈ ഏറ്റെടുക്കലിലൂടെ യോഗക്ഷേമം ലോണ്‍സിന്റെ ഇഷ്യൂ ചെയ്തതും പെയ്ഡ്-അപ്പുമായ ഓഹരികളുടെ 88.6 ശതമാനവും ടാറ്റ കാപ്പിറ്റലിന്റെ കൈകളിലെത്തും. യോഗക്ഷേമം ലോണ്‍സിന് ഏകദേശം 318 കോടി രൂപ പ്രീ-മണി ഇക്വിറ്റി മൂല്യം കണക്കാക്കിയാണ് ഈ കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതില്‍ കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കായി 93 കോടി രൂപയുടെ പ്രാഥമിക മൂലധന നിക്ഷേപവും (Primary capital infusion) ടാറ്റ നടത്തും.
ഉടമസ്ഥാവകാശം മാറിയെങ്കിലും നിലവിലെ പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമായ ഉണ്ണികൃഷ്ണന്‍ ഇലിച്ചാരം വീട്ടില്‍ തന്നെ കമ്പനിയെ തുടര്‍ന്നും നയിക്കും.
1991-ല്‍ തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് എന്ന ഗ്രാമത്തില്‍ 'യോഗക്ഷേമം കുറീസ് & ലോണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരില്‍ ഒരു പ്രാദേശിക സംരംഭമായാണ് ഈ ധനകാര്യ സ്ഥാപനത്തിന്റെ തുടക്കം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാട്ടുകാരുടെ വിശ്വസ്ത സ്ഥാപനമായി മാറിയ യോഗാക്ഷേമം, 2000-01 കാലഘട്ടത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എന്‍ബിഎഫ്സി (NBFC) രജിസ്‌ട്രേഷന്‍ സ്വന്തമാക്കിയതോടെയാണ് വലിയ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത്.
കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ച കമ്പനിക്ക്, 2015-ല്‍ വലിയൊരു വഴിത്തിരിവുണ്ടായി. പ്രമുഖ ആഫ്രിക്കന്‍ റീറ്റെയ്ല്‍ ശൃംഖലയായ ചോപ്പീസ് (Choppies) ഗ്രൂപ്പിന്റെ സിഇഒ രാമചന്ദ്രന്‍ ഒറ്റപ്പത്ത്, എന്‍ബിഎഫ്സി രംഗത്തെ പ്രമുഖനായ ഐ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കമ്പനിയില്‍ പുതിയ മൂലധനം നിക്ഷേപിക്കുകയും എന്‍.ഡി. നാരായണന്റെ നേതൃത്വത്തിലുള്ള സ്ഥാപക ടീമില്‍ നിന്ന് കമ്പനിയുടെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു.
മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ചുമതലയേറ്റ ഐ. ഉണ്ണികൃഷ്ണന്റെ തന്ത്രപരമായ നീക്കങ്ങളാണ് കമ്പനിയെ പിന്നീട് വലിയ വളര്‍ച്ചയിലേക്കും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലേക്കും നയിച്ചത്. ഇപ്പോള്‍ ടാറ്റ കാപ്പിറ്റല്‍ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുമ്പോഴും ഐ. ഉണ്ണികൃഷ്ണന്‍ തന്നെ കമ്പനിയുടെ അമരത്ത് തുടരുമെന്നത് ശ്രദ്ധേയമാണ്.
2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് റിസര്‍വ് ബാങ്ക് രജിസ്‌ട്രേഷനുള്ള യോഗക്ഷേമം ലോണ്‍സിന് 708 കോടി രൂപയുടെ കൈകാര്യം ചെയ്യുന്ന ആസ്തിയുണ്ട് (AUM - Assets Under Management). നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയെ, വരും ഘട്ടങ്ങളില്‍ പൂര്‍ണമായി ലയിപ്പിക്കാനും ടാറ്റ കാപ്പിറ്റലിന് പദ്ധതിയുണ്ട്.
രാജ്യത്ത് സുരക്ഷിത റീറ്റെയ്ല്‍ വായ്പകള്‍ക്ക് (Secured retail credit) വലിയ ഡിമാന്‍ഡുള്ള സമയമാണിത്. പ്രത്യേകിച്ച് ഈ വര്‍ഷം മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം എന്‍ബിഎഫ്സികളുടെ ഗോള്‍ഡ് ലോണ്‍ വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനത്തോളമാണ് വര്‍ധിച്ചത്. സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധനയുംം സ്വര്‍ണപ്പണയത്തോടുള്ള താല്പര്യവും വിപണിയെ സജീവമാക്കി നിര്‍ത്തുമ്പോള്‍, നേരിട്ടൊരു ബിസിനസ് തുടങ്ങുന്നതിനേക്കാള്‍ കേരളത്തില്‍ വേരുകളുള്ള ഒരു ബ്രാന്‍ഡിനെ സ്വന്തമാക്കുക എന്ന തന്ത്രമാണ് ടാറ്റ പയറ്റിയത്.
ടാറ്റ കാപ്പിറ്റലിന്റെ ഈ കടന്നുവരവ് കേരളത്തില്‍ നിന്നുള്ള മറ്റ് സ്വര്‍ണപ്പണയ ഭീമന്മാരായ മുത്തൂറ്റ്, മണപ്പുറം എന്നിവര്‍ തമ്മിലുള്ള മത്സരത്തിന് പുതിയൊരു മാനം നല്‍കും.
Tata Capital secures an 88.6% stake in Yogakshemam Loans in an all-cash deal, intensifying competition for Muthoot and Manappuram.
Read DhanamOnline in English
Subscribe to Dhanam Magazine