കേരളത്തെ മാരിടൈം ശക്തിയാക്കാൻ ടാറ്റയുടെ വമ്പൻ നീക്കം; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ വികസനവും എം.എസ്.സി നിക്ഷേപത്തിനും പിന്നാലെ ടാറ്റയുടെ കപ്പൽ നിർമാണ പദ്ധതിയും കൂടിച്ചേരുമ്പോൾ കേരളത്തിന്റെ തലവര തെളിയുമെന്നാണ് പ്രതീക്ഷ
Tata Ship Building Project In Kerala
പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ (Image Source: Canva)
Published on

സംസ്ഥാനത്തിന്റെ മാരിടൈം സ്വപ്നങ്ങൾക്ക് കരുത്തേകും

രാജ്യത്തെ പ്രമുഖ മാരിടൈം-ലോജിസ്റ്റിക്സ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ടാറ്റ ​ഗ്രൂപ്പിന്റെ നിക്ഷേപം വലിയ ഊർജ്ജമേകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനവും കൊച്ചിയിലെ നിലവിലുള്ള കപ്പൽ നിർമ്മാണ വ്യവസായ ശൃംഖലയും മാരിടൈം മേഖലയിലേക്ക് വൻകിട നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായുള്ള കേരളത്തിന്റെ അനുകൂല ഘടകങ്ങളാണ്.

വിഴിഞ്ഞം ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് വികസിപ്പിക്കുന്ന അദാനി ഗ്രൂപ്പിന് പുറമെ, ആഗോള ഷിപ്പിംഗ് ഭീമനായ എം.എസ്.സി (MSC) വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾക്കായി 140 കോടി ഡോളറിന്റെ (ഏകദേശം 13,500 കോടി രൂപ) നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ടാറ്റ ​ഗ്രൂപ്പിന്റെ കപ്പൽ നിർമാണ പ​ദ്ധതിയുടെ നിർദേശവും എത്തിയിരിക്കുന്നത്.

കേരളത്തിന്റെ തലവര തെളിയും?

ടാറ്റയുടെ കപ്പൽ നിർമാണ മേഖലയിലെ മെ​ഗാ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിനകത്ത് പതിനായിരക്കണക്കിന് പ്രത്യക്ഷ-പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതായിരിക്കും. അതോടൊപ്പം സ്റ്റീൽ, ഹെവി എഞ്ചിനീയറിംഗ്, മറൈൻ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, അനുബന്ധ ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്കും ഈ പദ്ധതിയിലൂടെ വലിയ വിപണി തുറക്കപ്പെടും.

പ്രതിരോധ-വ്യാവസായിക മേഖലകളിൽ ആഭ്യന്തര കപ്പൽ നിർമ്മാണ ശേഷി വർധിപ്പിക്കാനും സ്വയംപര്യാപ്ത കൈവരിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും ഈ പദ്ധതി പിന്തുണയേകും. അതേസമയം ഭൂമി ലഭ്യമാക്കൽ, നിയന്ത്രണ അനുമതികൾ, സാങ്കേതിക പങ്കാളിത്തം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയപരമായ പിന്തുണ എന്നിവയെ ആശ്രയിച്ചിരിക്കും ഈ പദ്ധതിയുടെ ഭാവി​ഗതി നിശ്ചയിക്കപ്പെടുക.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com