Begin typing your search above and press return to search.
ലോക നിരത്തുകളിലേക്ക് ഇ.വി ഇന്ത്യയില്‍ നിര്‍മിക്കും; വമ്പന്‍ നീക്കവുമായി ടാറ്റ മോട്ടോഴ്‌സും ജാഗ്വാറും
ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറും (JLR) ടാറ്റ മോട്ടോഴ്‌സും പുതിയൊരു ഉദ്യമത്തിനു കൂടി തുടക്കം കുറിക്കുകയാണ്. ആഗോള വിപണികളിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഇനി ജാഗ്വാറും ടാറ്റമോട്ടോഴ്‌സും സംയുക്തമായി ഇന്ത്യയില്‍ നിര്‍മിക്കും.
ജെ.എല്‍.ആറിന്റെ ഇലക്ട്രിഫൈഡ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (Electrified Modular Architecture/EMA) പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ടാറ്റ മോട്ടോഴ്‌സും ജെ.എല്‍.ആറും ഓരോ മോഡലുകള്‍ വീതം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജെ.എല്‍.ആര്‍ കാറുകള്‍ സനന്ദ് പ്ലാന്റില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
ഹബ് ആകാന്‍ ഇന്ത്യ
അടുത്ത 12 മാസത്തിനുള്ളില്‍ കയറ്റുമതി തുടങ്ങാനാകുമെന്നാണ് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ അടുത്തിടെ പറഞ്ഞത്. എന്നാല്‍ ഏതൊക്കെ കാറുകളാണ് ഇ.എം.എ പ്ലാറ്റ്‌ഫോമില്‍ സംയുക്തമായി നിര്‍മിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.
യു.കെ, ചൈന, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളില്‍ പ്ലാന്റുകളുള്ള ജെ.എല്‍.ആറിന്റെ മുഖ്യ ആഗോള ഇലക്ട്രിക് വാഹന മാനുഫാക്ചറിംഗ് ഹബ് ആക്കി ഇന്ത്യയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
ടാറ്റമോട്ടോഴ്‌സിനു കീഴിലുള്ള ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ (TPEM) കീഴില്‍ ഇ.വി നിര്‍മിക്കാനായി അടുത്ത ഒരു ദശാബ്ദത്തേയ്ക്ക് ഏകദേശം 16,000 കോടി രൂപ (രണ്ട് ബില്യണ്‍ ഡോളര്‍) മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജെ.എല്‍.ആര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.5 ലക്ഷം കോടിയാണ് നീക്കി വയ്ക്കുന്നത്.
ഇ.വിക്ക് വേഗം കൂടും
ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇ.എം.എ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രീമിയം ഇലക്ട്രിക് കാര്‍ ശ്രേണി പുറത്തിറക്കാന്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഉപ കമ്പനിയായ ടി.പി.ഇ.എമ്മും ജെ.എല്‍.ആറും തമ്മില്‍ കഴിഞ്ഞ നവംബറില്‍ കരാര്‍ ഒപ്പു വച്ചിരുന്നു. ടാറ്റയുടെ പ്രമീയം ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റായ അവിന്യ സീരീസിലാണ് ജാഗ്വാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക. ജെ.എല്‍.ആറിന്റെ ഇലക്ട്രിക് മോട്ടറുകളും ബാറ്ററി പാക്കുകളും കൂടാതെ നിര്‍മാണ സാങ്കേതികവിദ്യകളും ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കും. ജെ.എല്‍.ആറിന്റെ ഇ.എം.എ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാകുന്നത് വാഹനങ്ങള്‍ വികസിപ്പിക്കാനുള്ള കാലയളവും ചെലവും കുറച്ച് ഇ.വി സെഗ്മെന്റിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്താനാകും. ഇ.എം.എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന കാര്‍ 2025 ഓടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021ലാണ് ജെ.എല്‍.ആര്‍ ബോണ്‍ ഇലക്ട്രിക് ഇ.എം.എ ആര്‍കിടെക്ച്വര്‍ അവതരിപ്പിച്ചത്. വെലാര്‍, ഇവോക്ക്, ഡിസ്‌കവറി സ്‌പോര്‍ട്ട് എന്നീ മോഡലുകളാണ് ഈ ആര്‍കിടെക്ചറില്‍ ഒരുങ്ങുന്നത്.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവയ്പ് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോഴ്‌സ് അവിന്യ എന്ന പുതിയ ഇലക്ട്രിക് എസ്.യു.വി കണ്‍സെപ്റ്റ് പുറത്തിറക്കിയത്. ടാറ്റയുടെ പുതിയ ലോഗോയുമേന്തി ആദ്യം അവതരിക്കുന്ന വാഹനമായിരിക്കും ടാറ്റയുടെ ജനറേഷന്‍ 3 പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന അവിന്യ. ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും അവിന്യ സീരീസില്‍ അവതരിപ്പിക്കുക.
Next Story
Videos