രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (TCS) ഓഹരി തിരിച്ചു വാങ്ങുന്നതിനുള്ള റെക്കോഡ് തീയതി നവംബര്‍ 25 ആയി നിശ്ചയിച്ചു. 17,000 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചു വാങ്ങുക. 4.09 കോടിയുടെ ഓഹരികള്‍ ഇതുവഴി തിരിച്ചെടുക്കും. കമ്പനിയുടെ മൊത്തം പെയ്ഡ് അപ് ഷെയര്‍ ക്യാപിറ്റലിന്റെ 1.12 ശതമാനം വരുമിത്. 2017 മുതല്‍ ഇത് അഞ്ചാം തവണയാണ് കമ്പനി ഓഹരി തിരിച്ചുവാങ്ങുന്നത്.
ഓഹരി വില 4,150 രൂപ
ഒരു ഓഹരിക്ക് 4,150 രൂപ നിരക്കിലാണ് തിരിച്ചു വാങ്ങല്‍. നിലവില്‍ 3,476 രൂപയിലാണ് ടി.സി.എസ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് നിലവിലെ വിലയേക്കാള്‍ 16 ശതമാ
നത്തിലധികം പ്രീമിയത്തിലാണ് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത്.
ഒക്ടോബര്‍ 11ന് ബൈബാക്ക് പ്രഖ്യാപിച്ചതിനു ശേഷം ഓഹരി 3.7 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. ഒകടോബര്‍ 11ന് ടി.സി.എസ് ഓഹരിയുടെ ക്ലോസിംഗ് വില 3,609.90 രൂപയായിരുന്നു. പ്രമോട്ടര്‍മാര്‍ക്ക് നിലവില്‍ 72.30 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്.
എന്താണ് ഷെയര്‍ ബൈബാക്ക്?
ഓപ്പണ്‍ മാര്‍ക്കറ്റിലുള്ള കമ്പനിയുടെ ഓഹരികള്‍ കുറയ്ക്കുന്നതിനായി ചെയ്യുന്ന കോര്‍പ്പറേറ്റ് നടപടിയാണ് ഓഹരി തിരികെ വാങ്ങല്‍ അഥവാ ഷെയര്‍ ബൈബാക്ക്. മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ കമ്പനികള്‍ നിശ്ചിത ഓഹരികള്‍ തിരിച്ചു വാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് വഴി പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയും.
അതായത് ഈ ഓഹരികള്‍ വിപണിയിലേക്ക് തിരിച്ച് എത്താത്തതിനാല്‍ കമ്പനികളുടെ മൊത്തം ഓഹരികളുടെ എണ്ണം ഗണ്യമായി കുറയും.
നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ടു വാങ്ങിയുമാണ് കമ്പനികള്‍ ഓഹരി തിരിച്ചെടുക്കുന്നത്. ടി.സി.എസ് ഇതു വരെ ടെണ്ടര്‍ ഓഫര്‍ വഴിയാണ് ബൈബാക്ക് നടത്തിയിട്ടുള്ളത്.
നിക്ഷേപകര്‍ക്ക് ഗുണമോ?
നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഷെയര്‍ ബൈബാക്കിനായി കമ്പനികള്‍ വാഗ്ദാനം ചെയ്യുക. ഓഹരിയുടമകള്‍ക്കുള്ള കമ്പനിയുടെ ഒരു പ്രതിഫലമായിതിനെ കണക്കാക്കാം. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ ഓഹരിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന നേട്ടം ഇപ്പോള്‍ നേടാന്‍ നിക്ഷേപകര്‍ക്ക് ഇതു വഴി സാധിക്കും. ടി.സി.എസിന്റെ ഇപ്പോഴത്തെ വിലയേക്കാള്‍ 16 ശതമാനത്തിലധികമാണ് ഷെയര്‍
ബൈബാക്കിന് നല്‍കുന്നത്.
ഹ്രസ്വകാലത്തില്‍ നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് ടി.സി.എസ് ബൈബാക്ക് പ്രയോജനപ്പെടുത്തുന്നതു ഗുണമാണെങ്കിലും ഐ.ടി ഇന്‍ഡസ്ട്രിയുടേയും കമ്പനിയുടേയും ഭാവി വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഓഹരിയില്‍ തുടരുന്നതാണ് നല്ലതെന്നാണ് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കമ്പനികള്‍ക്കുള്ള ഗുണം
വിവിധ കാരണങ്ങള്‍ കൊണ്ടാണ് കമ്പനികള്‍ ഓഹരി തിരിച്ചു വാങ്ങലിനൊരുങ്ങുന്നത്. എന്നാല്‍ ഇതിന് ചില നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്.
1.
ഓഹരി ഉടമകളുടെ മൂല്യമയുര്‍ത്തുക എന്നതാണ് ഓഹരി തിരിച്ചു വാങ്ങലിന്റെ പ്രാഥമിക ലക്ഷ്യം.
ഒരു കമ്പനിയിലെ ഓഹരികളുടെ എണ്ണം കുറയുമ്പോള്‍ ലാഭം കുറച്ച് ഓഹരികളിലേക്ക് മാത്രം വിതരണം ചെയ്യപ്പെടുമെന്നതിനാല്‍ ഓരോ ഓഹരിയുടെയും വരുമാനം വര്‍ധിക്കാനിടയാക്കും. ഇത് വിപണിയിലെ ഓഹരികളുടെ വില വര്‍ധിപ്പിക്കുകയും ചെയ്യും.2. കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ കാഷ് ബാലന്‍സ് അധികമാവുകയും ആ പണം ഉപയോഗിച്ച് ഉടന്‍ നിക്ഷേപങ്ങളൊന്നും നടത്താന്‍ കമ്പനിക്കു മുന്നില്‍ സാധ്യത ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് അവരുടെ മൂലധനം തിരിച്ചു നല്‍കാന്‍ മികച്ച മാര്‍ഗമാണ് ഷെയര്‍ ബൈബാക്ക്.
3. ഓഹരിയുടമകള്‍ക്ക് മൂലധനം തിരിച്ചു നല്‍കാനായി ഡിവിഡന്‍ഡ് നല്‍കുന്നതിനേക്കാള്‍ നികുതിക്ഷമമായ മാര്‍ഗമാണ് ഷെയര്‍ ബൈബാക്ക്. പ്രത്യേകിച്ചും മൂലധന നേട്ട നികുതിയേക്കാള്‍ കുറഞ്ഞ മൂലധന നികുതിയുള്ള രാജ്യങ്ങളില്‍.
4. ഷെയര്‍ ബൈബാക്കിന് ശേഷം വളരെ കുറച്ച് ഓഹരികള്‍ മാത്രമാണ് വാങ്ങാനായി ലഭ്യമാകുയെതെന്നതിനാല്‍ കമ്പനിയെ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയന്ത്രണധികാരത്തിനുള്ള ഓഹരികള്‍ സ്വന്തമാക്കണമെങ്കില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരും.