
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് നടത്താനൊരുങ്ങി കേരള സര്‍ക്കാര്‍. ഇതിനായി കേരള മാരിടൈം ബോര്‍ഡ് ഷിപ്പിംഗ് കമ്പനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവര്‍ക്കും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവര്‍ക്കും ഇത്തരം സര്‍വീസ് നടത്താന്‍ താത്പര്യമുള്ളവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാനാകുക. ഏപ്രില്‍ 22 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി.
കൊച്ചി തുറമുഖം കൂടാതെ ഇന്റര്‍നാഷണല്‍ ഷിപ്പ് ആൻഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് (ISPS Code) കരസ്ഥമാക്കിയിട്ടുള്ള തുറമുഖങ്ങളായ ആഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്താനാണ് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. വിഴിഞ്ഞത്തിനും ബേപ്പൂറിനും നിലവില്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പദവിയുണ്ട് (ഐ.സി.പി). കൊല്ലം തുറമുഖത്തിനും അധികം വൈകാതെ ഐ.സി.പി പദവി ലഭിക്കുമെന്നാണ് കരുതുന്നത്. കൊല്ലം തുറമുഖത്തിന് അധികം വൈകാതെ ഐ.സി.പി പദവി ലഭിക്കുമെന്നാണ് കരുതുന്നത്.
പ്രതീക്ഷയില്‍ ഗള്‍ഫ് മലയാളികള്‍
ഇന്ത്യന്‍ പ്രവാസികള്‍ക്കുള്‍പ്പെടെ പ്രതീക്ഷ നല്‍കുന്ന നീക്കമാണിത്. പലപ്പോഴും, പ്രത്യേകിച്ച് അവധിക്കാലത്തും മറ്റും ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുകളില്‍ യാത്ര ചെയ്യേണ്ടി വരുന്ന ഗള്‍ഫ് മേഖലകളിലുള്ള പ്രവാസികള്‍ക്ക് ഇത് ഗുണമാകും. കുറഞ്ഞ നിരക്കില്‍ യാത്രാ ചെയ്യാമെന്നതും കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകാമെന്നതുമാണ് കപ്പല്‍ യാത്രയുടെ ഗുണം. വിമാന നിരക്കിനേക്കാള്‍ പകുതിയോ താഴെയോ ചെലവില്‍ കപ്പല്‍ യാത്ര നടത്താനായേക്കുമെന്നാണ് കരുതുന്നത്. 100 മുതല്‍ 200 കിലോ വരെ ലഗേജും അനുവദിക്കാനായേക്കും.
കപ്പല്‍ സര്‍വീസ് നടത്താന്‍ താത്പര്യമുള്ളരെ കണ്ടെത്താനും അവര്‍ക്ക് ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മാരിടൈം ബോര്‍ഡിന്റെ ഭാഗത്തു നിന്നും എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നുമറിയാനാണ് താത്പര്യ പത്രം ക്ഷണിച്ചിരിക്കുന്നതെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു
യാത്രാക്കപ്പല്‍ മാത്രമായി നടത്താനാകുമോ അതോ ചരക്ക് കൂടി ഉള്‍പ്പെടുത്തിയുള്ള കപ്പലുകളാണോ നടത്താനാകുക എന്നതൊക്കെ അറിയാന്‍ കൂടിയാണ് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിമാനചാര്‍ജ് കുത്തനെ ഉയര്‍ത്തുന്ന വിമാനക്കമ്പനികളുടെ നിലപാടിനെതിരെ ശബ്ദമുയര്‍ത്തിയ ഗള്‍ഫ് രാജ്യങ്ങളിലെ പലപ്രവാസികളും ഇത്തരം ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. നോര്‍ക്ക് റൂട്ട്‌സുമായി ചേർന്ന് താത്പര്യപത്രം ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതിനായി കേന്ദ്രവുമായും ചർച്ചകൾ നടത്തിയിരുന്നു. ലാഭകരമായി സര്‍വീസ് നടത്താനാകുമോ എന്നതടക്കമുള്ള വിശദമായ പഠനങ്ങള്‍ക്ക് ശേഷമാകും സര്‍വീസ് ആരംഭിക്കുക. ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളിലും ഇതു സംബന്ധിച്ച് പരസ്യം നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine