കൊച്ചിന്‍ മോഡല്‍ ഇനി ഇന്ത്യയാകെ; 21 നഗരങ്ങളില്‍ വാട്ടര്‍ മെട്രോ വരുന്നു! സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലും പ്രശംസ

മുംബൈയില്‍ 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാട്ടര്‍ മെട്രോ ശൃംഖലയ്ക്കായി KMRL ഇതിനോടകം ടെണ്ടര്‍ സ്വന്തമാക്കിക്കഴിഞ്ഞു
Water Metro
Image courtesy:Kochi Water Metro
Published on

കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് രാജ്യവ്യാപക അംഗീകാരം. കൊച്ചിയിലെ വിജയകരമായ പ്രവര്‍ത്തന മാതൃക പിന്തുടര്‍ന്ന് ഇന്ത്യയിലെ മറ്റ് 21 നഗരങ്ങളില്‍ കൂടി വാട്ടര്‍ മെട്രോ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2026-ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലും കൊച്ചി വാട്ടര്‍ മെട്രോയെ സുസ്ഥിര നഗര ഗതാഗതത്തിന്റെ മികച്ച മാതൃകയായി പുകഴ്ത്തിയിട്ടുണ്ട്.

സാമ്പത്തിക സര്‍വേയിലെ 'താരം'

കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ യാത്ര ഒരുക്കുന്നതിനും കൊച്ചി വാട്ടര്‍ മെട്രോ വഹിച്ച പങ്ക് വളരെ വലുതാണ്. സാധാരണ മെട്രോ റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിലൊന്ന് ചെലവില്‍ വാട്ടര്‍ മെട്രോ നിര്‍മ്മിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പരമാവധി കുറയ്ക്കാം എന്നത് വാട്ടര്‍ മെട്രോയെ നഗര ഗതാഗതത്തിന് അനുയോജ്യമായ ഒരു മികച്ച ഓപ്ഷനാക്കി മാറ്റുന്നുവെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.

ഈ നഗരങ്ങളിലേക്കും

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ആണ് മിക്ക നഗരങ്ങളിലും ഇതിനായുള്ള സാധ്യതാ പഠനവും ഡിപിആര്‍ (DPR) തയ്യാറാക്കലും നിര്‍വഹിക്കുന്നത്.

ഉത്തര്‍പ്രദേശിലെ അയോധ്യ, വാരണാസി, പ്രയാഗ്‌രാജ്, മഹാരാഷ്ട്രയില്‍ മുംബൈ, വാസായ്, ആസാമില്‍ ഗുവാഹത്തി, ധുബ്രി എന്നിവ കൂടാതെ കൊല്‍ക്കത്ത, പട്‌ന, ശ്രീനഗര്‍, പനജി (ഗോവ), മംഗളൂരു, ഗാന്ധിനഗര്‍ എന്നീ നഗരങ്ങളും ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ ദ്വീപുകളും പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. പത്ത് നഗരങ്ങളിലെ സാധ്യതാ പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മുംബൈയില്‍ 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാട്ടര്‍ മെട്രോ ശൃംഖലയ്ക്കായി KMRL ഇതിനോടകം ടെണ്ടര്‍ സ്വന്തമാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പോലും ഈ മാതൃക ശ്രദ്ധിക്കപ്പെട്ടതോടെ മലേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൊച്ചി മോഡല്‍ പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വരുമാനത്തിലും നേട്ടം

2023 ഏപ്രിലിലെ തുടക്കം മുതല്‍ പ്രതിദിനം 6,000-ത്തിലധികം യാത്രക്കാര്‍ക്കായി കൊച്ചി വാട്ടര്‍മെട്രോ 125 സര്‍വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ 50 ലക്ഷത്തിലധികം യാത്രക്കാര്‍ കൊച്ചി വാട്ടര്‍ മെട്രോ പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. റോഡ് മാര്‍ഗം ഏകദേശം ഒരു മണിക്കൂര്‍ വേണ്ടിടത്ത് വെറും 20 മിനിറ്റ് കൊണ്ട് യാത്ര പൂര്‍ത്തിയാക്കാമെന്നതും, അതും പകുതിയോളം ചിലവില്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയിലൂടെ ടിക്കറ്റിതര വരുമാനവും (പരസ്യം, ടെര്‍മിനലുകളിലെ വാണിജ്യ ആവശ്യങ്ങള്‍) വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

പുതിയ ടെര്‍മിനലുകള്‍ സ്ഥാപിച്ചും അടുത്തുള്ള ആലുവയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ചും കൊച്ചി വാട്ടര്‍ മെട്രോ (KWM) കൂടുതല്‍ വിപുലീകരണത്തിനുള്ള ഒരുക്കത്തിലാണ്. ഹൈഡ്രജന്‍ ബോട്ട് അവതരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിപുലീകരണ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com