ലക്ഷ്മിയെ ലാക്‌മേയാക്കിയ വിജയതന്ത്രം; ബ്രാന്‍ഡുകളുടെ പേരിലുമുണ്ട് കാര്യം!

'ഒരു പേരില്‍ എന്തിരിക്കുന്നു' എന്നത് ബിസിനസുകള്‍ക്ക് ബാധകമല്ല, ഒരു പേരില്‍ ഒത്തിരി കാര്യങ്ങളുണ്ട്
ലക്ഷ്മിയെ ലാക്‌മേയാക്കിയ വിജയതന്ത്രം; ബ്രാന്‍ഡുകളുടെ പേരിലുമുണ്ട് കാര്യം!
Published on

നിങ്ങള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ കോസ്മെറ്റിക് സെക്ഷനില്‍ ലക്ഷ്മി എന്ന ബ്രാന്‍ഡില്‍ ഒരു ഫേസ്‌ക്രീം കാണുകയാണെന്ന് വിചാരിക്കുക. അതൊരു ഇന്ത്യന്‍ ബ്രാന്‍ഡ് ആയിട്ടാണോ അതോ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയിട്ടാണോ നിങ്ങള്‍ കരുതുക? സ്വാഭാവികമായിട്ടും ഇന്ത്യന്‍ ബ്രാന്‍ഡ് എന്നേ കരുത്തുകയുള്ളു.  അതിനാല്‍ത്തന്നെ ആ ഉല്‍പ്പന്നത്തിന് നിങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്ന ഒരു വിലയും ഉണ്ടാകും, അത് താരതമ്യേന കുറവുമായിരിക്കും. എന്നാല്‍ തൊട്ടടുത്തുതന്നെ ലാക്‌മെ (Lakmé) എന്ന പേരില്‍ മറ്റൊരു ബ്രാന്‍ഡും കാണുകയാണ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം അതൊരു വിദേശി ബ്രാന്‍ഡ് ആണെന്ന്. സ്വാഭാവികമായും നമ്മള്‍ ഇന്ത്യക്കാര്‍ വിദേശി ബ്രാന്‍ഡുകള്‍ക്ക് സ്വദേശി ബ്രാന്‍ഡിനെക്കാളും കൂടുതല്‍ വില നല്‍കാന്‍ തയ്യാറാകും.

നെഹ്റുവിന്റെ കാഴ്ചപ്പാട്

ലക്ഷ്മിയും ലാക്‌മെയും തമ്മിലൊരു ബന്ധമുണ്ട്. 1950കളുടെ തുടക്കത്തില്‍ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്ന സമയത്ത് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഒരു പ്രവണത ശ്രദ്ധിച്ചു-പല ഇന്ത്യന്‍ സ്ത്രീകളും, പ്രത്യേകിച്ച് വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തില്‍ നിന്നുള്ള സ്ത്രീകള്‍, ഇറക്കുമതി ചെയ്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഗണ്യമായ തുക ചെലവഴിക്കുന്നു. സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ക്കായുള്ള വിദേശ നാണയത്തിന്റെ ഈ ഒഴുക്ക് ശക്തമായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ തടസ്സമാകും എന്ന് നെഹ്റുവിന് മനസിലായി. ഉയര്‍ന്ന നിലവാരമുള്ള, ഇന്ത്യന്‍ നിര്‍മ്മിത സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡിന്റെ ആവശ്യമുണ്ടെന്ന് നെഹ്റു വിശ്വസിച്ചു. ഇത് ഇന്ത്യന്‍ സ്ത്രീകളെ ശാക്തീകരിക്കുക മാത്രമല്ല, വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യും. നെഹ്റു തന്റെ കാഴ്ചപ്പാടുമായി ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്ന ജെ.ആര്‍.ഡി ടാറ്റയെ സമീപിച്ചു. സാധ്യതകള്‍ തിരിച്ചറിഞ്ഞ് നെഹ്റുവിന്റെ ലക്ഷ്യങ്ങളുമായി യോജിച്ച്, ജെ.ആര്‍.ഡി ടാറ്റ ഇന്ത്യന്‍ കോസ്‌മെറ്റിക് ബ്രാന്‍ഡ് ആരംഭിക്കാന്‍ സമ്മതിച്ചു.

സമ്പത്തിന്റെയും സമൃദ്ധിയുടെയും ഏറ്റവും പ്രധാനമായി സൗന്ദര്യത്തിന്റെയും ഹിന്ദു ദേവതയായ ലക്ഷ്മിയുടെ സമര്‍ത്ഥമായ അനുരൂപമാണ് ലാക്‌മേ എന്ന പേര്. അതായത് ലക്ഷ്മി എന്ന ഇന്ത്യന്‍ പേരില്‍ നിന്നാണ് 'ലാക്‌മേ' എന്ന ഫ്രഞ്ച് സ്വാഭാവം വരുന്ന പേരിലേക്ക് സമര്‍ത്ഥമായി അവര്‍ എത്തിയത്. ഒരു കമ്പനിക്ക് ശരിയായ പേര് തിരഞ്ഞെടുക്കുന്നത് നിര്‍ണായകമാണ്. ഇത് ബ്രാന്‍ഡിന്റെ ടോണ്‍ (Tone of Voice ) നിര്‍ണയിക്കുന്നു, വികാരങ്ങള്‍ ഉണര്‍ത്തുന്നു, ഒരു ബ്രാന്‍ഡിന്റെ ഐഡന്റിറ്റിയുടെ അടിത്തറയായി മാറുന്നു. ലാക്മെയുടെ സ്ഥാപകര്‍ ഇത് നന്നായി മനസ്സിലാക്കി. ഈ പേര് വ്യവസായത്തിന് മാത്രമല്ല, സാംസ്‌കാരികമായി ബന്ധപ്പെട്ടതും ഇന്ത്യന്‍ വികാരങ്ങളുമായി കൂട്ടുചേര്‍ന്നതുമാണ്. കൂടാതെ, ലാക്‌മെയുടെ വിദേശ ചായ്‌വ്‌,

 ഗുണനിലവാരത്തെയും അന്തര്‍ദേശീയ നിലവാരത്തെയും ഉപഭോക്താക്കളുടെ മനസ്സില്‍ ജനിപ്പിക്കുന്നു. ലക്ഷ്മിയില്‍ നിന്ന് ലാക്‌മെയിലേക്കുള്ള ചെറിയ മാറ്റം ഒരു ബ്രാന്‍ഡിന്റെ വളര്‍ച്ചയെയും ആളുകളുടെ മനസ്സിലുള്ള ഉത്പന്നത്തെക്കുറിച്ചുള്ള മതിപ്പിനെയും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ലാക്‌മെ ബ്രാന്‍ഡ്.

പേരിലെ വിദേശിച്ചുവ

അതുപോലെതന്നെയാണ് ചില വസ്ത്ര ബ്രാന്‍ഡുകള്‍. 'മധുര ഫാഷന്‍' എന്ന പേരില്‍ ഒരു വസ്ത്ര ബ്രാന്‍ഡ് നാമവും ലൂയി ഫിലിപ്പ് (Louis Philippe) എന്ന ബ്രാന്‍ഡ് നാമവും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ആളുകള്‍ ഉയര്‍ന്ന വില നല്‍കാന്‍ തയ്യാറാക്കുന്നതും ഒരു വിദേശി ബ്രാന്‍ഡ് എന്ന ചിന്ത ഉണ്ടാക്കുന്നതുമായ ബ്രാന്‍ഡ് നാമം ഏതായിരിക്കും? അത് Louis Philippe തന്നെയായിരിക്കും. എന്നാല്‍ രസകരമായ വിഷയം എന്തെന്നാല്‍, Louis Philippe എന്നത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ് ആണ്, മാത്രമല്ല അത് മധുര ഫാഷന്‍ ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ എന്ന സ്ഥാപനത്തിന്റെ ബ്രാന്‍ഡ് കൂടിയാണ്. മധുര ഫാഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈലിനെ 1999ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുത്തു.

'ഒരു പേരില്‍ എന്തിരിക്കുന്നു' എന്നത് ബിസിനസുകള്‍ക്ക് ബാധകമല്ല. ഒരു പേരില്‍ ഒത്തിരി കാര്യങ്ങളുണ്ട്, അത് ബ്രാന്‍ഡിന്റെ കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടിനെ, ഉത്പന്നത്തിന്റെ വിലയെ, ബ്രാന്‍ഡിന്റെ വളര്‍ച്ചയെപോലും സ്വാധീനിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com