ആശ്വാസത്തിന് മൂന്ന് വര്‍ഷം കാത്തിരിക്കണം; എല്ലാ മേഖലകളിലും വിലവര്‍ധന ആസന്നം, യുദ്ധപ്രതിസന്ധികള്‍ക്കിടെ വ്യവസായികള്‍ പറയുന്നത് ഇങ്ങനെ

പാദരക്ഷാ വിപണിയില്‍ 14 ശതമാനം വരെ വില വര്‍ധിക്കും
plastric price
canva
Published on

ഇറാന്‍-ഇസ്രായേല്‍ യുദ്ധം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് വിവിധ വ്യവസായ മേഖലകള്‍ കരകയറുണമെങ്കില്‍ കുറഞ്ഞത് നാല് വര്‍ഷമെടുക്കുമെന്ന് വ്യവസായികള്‍. കയറ്റുമതി തടസം മുതല്‍ ഗ്യാസ് ലഭ്യതക്കുറവും പ്ലാസ്റ്റിക് നിര്‍മാണത്തിനുള്ള നിരോധനവുമെല്ലാം സമസ്തമേഖലകളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

യുദ്ധത്തിന്റെ അനന്തരഫലമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിലക്കയറ്റ ഭീഷണിയിലാണ്. ഇലക്ട്രോണിക്‌സ് വിപണിയില്‍ മുതല്‍ ചെരിപ്പും വസ്ത്രവും വരെയുള്ള എല്ലാ മേഖലകളിലും വിലക്കയറ്റം ആസന്നമാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. വരും മാസങ്ങളില്‍ 5 മുതല്‍ 10 ശതമാനം വരെ വിലവര്‍ധനവ് ഈ മേഖലയില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് അത്യാവശ്യമായ സെമി കണ്ടക്ടര്‍ ചിപ്പുകളുടെയും ഡിസ്‌പ്ലേ പാനലുകളുടെയും വില വര്‍ധിച്ചത് കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ചരക്ക് നീക്കത്തിനുള്ള ചെലവ് (Freight Charges) കുത്തനെ ഉയര്‍ന്നത് ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങളുടെ ആകെ ചെലവ് വര്‍ധിപ്പിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് വിദേശത്ത് നിന്ന് ഘടകഭാഗങ്ങള്‍ എത്തിക്കുന്ന കമ്പനികള്‍ക്ക് അധിക ബാധ്യതയാകുന്നു. പ്രമുഖ ബ്രാന്‍ഡുകളെല്ലാം തന്നെ തങ്ങളുടെ പുതിയ മോഡലുകള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിക്കാനോ നിലവിലുള്ളവയുടെ വില വര്‍ധിപ്പിക്കാനോ ആലോചിക്കുന്നു.

എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവയുടെ നിര്‍മ്മാണ ചെലവ് വര്‍ധിച്ചതോടെ വേനല്‍ക്കാല വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം ചിലവാക്കേണ്ടി വരും.

വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വരാനിരിക്കുന്ന മാസങ്ങളില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നു.

പ്ലാസ്റ്റിക് വില വര്‍ധന ബജറ്റ് തകര്‍ക്കും

പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. 57 മുതല്‍ 60 ശതമാനം വരെ വില ഉയര്‍ന്നിട്ടുണ്ട്. ഇത് പൈപ്പുകള്‍, ടാങ്കുകള്‍, ഫിറ്റിംഗുകള്‍ തുടങ്ങി എല്ലാ പ്ലാസ്റ്റിക് നിര്‍മ്മാണ മേഖലയെയും ബാധിക്കുന്നുവെന്ന് അക്വാസ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ സിജോ പൊന്നൂര്‍ പറഞ്ഞു.

സ്റ്റീല്‍ വിലയില്‍ 37 ശതമാനത്തോളം വര്‍ധനയുണ്ടായി. സിമന്റ് വിലയില്‍ വര്‍ധനയുടെ സൂചന കണ്ട് തുടങ്ങി. ഇത് വീട് നിര്‍മ്മാണത്തെയും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തെയും കാര്യമായി ബാധിക്കുന്നു. ഗതാഗത ചെലവ് (Transportation), പാക്കിംഗ് സാമഗ്രികള്‍ എന്നിവയുടെ വിലയും കുത്തനെ കൂടിയിട്ടുണ്ട്. പ്ലാസ്റ്റിക് ലഭ്യത കുറയുന്നത് എല്ലാത്തിന്റെയും വിലയിലും പ്രതിഫലിക്കും.

നിലവില്‍ രാജ്യത്ത് പെട്രോകെമിക്കല്‍സ് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഗ്യാസ് ഉപയോഗിച്ചുള്ള ഉത്പാദനത്തിന് (Gas conversion) മാത്രമാണ് അനുമതിയുള്ളത്. ഇത് അന്താരാഷ്ട്ര വിപണിയിലെ പെട്രോകെമിക്കല്‍ ദൗര്‍ലഭ്യത്തിനും വില വര്‍ധനയ്ക്കും കാരണമാകുന്നു. നിലവിലെ യുദ്ധ സാഹചര്യങ്ങള്‍ ഏല്‍പ്പിച്ച ആഘാതം മാറാന്‍ വിപണി മൂന്ന് വര്‍ഷമെങ്കിലും എടുത്തേക്കാം. LNG യൂണിറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ഏകദേശം നാല് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.

പല അസംസ്‌കൃത വസ്തുക്കളുടെയും വില ഉയരുന്നതിനാല്‍ പല സാധനങ്ങളുടെയും വില വരും ദിവസങ്ങളില്‍ 60-70 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

വില വര്‍ധനയ്‌ക്കൊരുങ്ങി പാദരക്ഷാ വിപണി

പോളിയുറത്തീന്‍, പി.വി.സി (Polyvinyl chloride), ഇ.വി.എ (EVA), യു.വി.എ കോബാള്‍ട്ട്, സിന്തറ്റിക് ലെതര്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും ലഭ്യതക്കുറവും മൂലം പാദരക്ഷാ വിപണിയിലും വിലക്കയറ്റം ഒഴിവാക്കാനാവാത്ത അവസ്ഥയിലാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള മേജര്‍ സപ്ലൈയര്‍മാര്‍ പലരും ഓര്‍ഡറുകള്‍ പകുതി മാത്രം സപ്ലൈ ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. പലരും പ്രൈസ് ഉയര്‍ത്തുകയും വിതരണം കുറയ്ക്കുകയും ചെയ്തു. പിവിസിയുടെ വില 60 രൂപയില്‍ നിന്ന് 105 രൂപ വരെ ആദ്യം ഉയര്‍ത്തി. പിന്നീട് അത് 130 രൂപ വരെയൊക്കെയായി.

ഇതേ തുടര്‍ന്ന് പാദരക്ഷകളുടെ വിലയില്‍ 6% മുതല്‍ 14% വരെ വര്‍ധനയുണ്ടായേക്കുമെന്ന് വാക്‌റൂ ഇന്റര്‍നാഷണല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. നൗഷാദ് പറഞ്ഞു. ചെരിപ്പുകള്‍ എം.ആര്‍.പി അച്ചടിച്ചാണ് വിപണിയിലെത്തുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് വില വര്‍ധിപ്പിക്കുന്നത് പ്രയാസമാണ്. ഒരുമാസത്തെ സ്റ്റോക്ക് പലപ്പോഴും ഫാക്ടറിയിലും ഡീലറുടെ പക്കലും ഉണ്ടാകും. വില കൂടുമ്പോഴും കുറയുമ്പോഴും ഇത് മാറ്റേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മാത്രമല്ല, പെട്ടെന്ന് വില കൂട്ടിയാല്‍ വിപണിയില്‍ അത് തിരിച്ചടിയാകും. 200 രൂപയ്ക്ക് ചെരിപ്പ് വാങ്ങുന്ന സാധാരണക്കാര്‍ക്ക് വില വര്‍ധന താങ്ങാനാവില്ല. അതുകൊണ്ട് വളരെ സാവധാനം മാത്രമേ വില വര്‍ധിപ്പിക്കാന്‍ കഴിയൂ. കോവിഡിനു ശേഷം യുക്രെയ്ന്‍ യുദ്ധം വന്ന സമയത്താണ് ഈ മേഖല സമാനമായ പ്രതിസന്ധി നേരിട്ടത്. അന്ന് പെട്രോകെമിക്കല്‍ പ്രോഡക്ട്‌സ് ഉത്പാദനം കുറയുകയും ആറ് മാസത്തോളം വലിയ നഷ്ടം ഈ മേഖലയില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. നിലവില്‍ 50 ശതമാനത്തോളം വില വര്‍ധന പല അസംസ്‌കൃത വസ്തുക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത മാസം മുതല്‍ വിപണിയിലെത്തുന്ന ചെരുപ്പുകളുടെ വില വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസിന്റെ ലഭ്യതക്കുറവ് കൂടുതല്‍ ബാധിക്കുന്നതും ഇത്തരം വ്യവസായങ്ങളെയാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലും ഗ്യാസ് വിതരണത്തില്‍ 15 മുതല്‍ 50 ശതമാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉത്പാദനത്തിന് തടസമാകുന്നുണ്ട്. സ്‌കൂള്‍ തുറക്കുന്ന സമയവും സമ്മര്‍ സീസണുമാണ് പാദരക്ഷകളുടെ മുഖ്യ വിപണി. ഈ സമയത്തുണ്ടാകുന്ന വിലക്കയറ്റവും ഉത്പന്നങ്ങളുടെ കുറവും വിപണിയെ വലിയ രീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com