

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോൺ കേരള 2025 നവംബർ 21, 22 തീയതികളിൽ കുമരകം ദി സൂരിയിൽ നടക്കും. പുതിയ ബിസിനസ് ആശയങ്ങൾ, അവസരങ്ങൾ, നെറ്റ്‌വർക്കിങ്ങ്, ഫണ്ടിങ്ങ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കും.
'സെലിബ്രേറ്റിംഗ് എന്റർപ്രണർഷിപ്പ്’ എന്ന പ്രമേയത്തിൽ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികൾ, മാനേജ്മൻ്റ് വിദഗ്ധർ, നിക്ഷേപകർ, മെന്റർമാർ, ഇന്നൊവേറ്റർമാർ, സർക്കാർ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ ഒത്തുകൂടും. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, യുവ പ്രൊഫഷനലുകൾ, സാങ്കേതിക, മാനേജ്മൻ്റ് വിദ്യാർത്ഥികൾ എന്നിവർ പ്രതിനിധികളായെത്തും.
നവംബർ 21 ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ ഇന്ത്യയിലെ മുൻനിര എഫ്എംസിജി ബ്രാൻഡായ കാവിൻകെയറിന്റെ സ്ഥാപകനും ചെയർമാനുമായ സി.കെ. രംഗനാഥൻ മുഖ്യപ്രഭാഷണം നടത്തും.
ടൈകോൺ വഴി സംസ്ഥാനത്തെ യുവസംരംഭകരെ അതിനൂതന ഡിജിറ്റൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ആഗോളതലത്തിൽ അവസരങ്ങൾ ഉപയോഗപ്പെടുത്താനും ശരിയായ നെറ്റ്‌വർക്കുകൾ കണ്ടെത്തുവാനും അവസരമൊരുക്കുമെന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
സമ്മേളനത്തിൻ്റെ ഭാഗമായി ടൈ കേരള അവാര്‍ഡ് ദാന ചടങ്ങും നടക്കും. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഏഴ് വിഭാഗങ്ങളിലായാണ് അവാർഡ്.
നിക്ഷേപകരും, വ്യവസായ പ്രമുഖരുമടങ്ങുന്ന സംഘം നവംബർ 21, 22 തിയതികളിലായി നടക്കുന്ന സംരംഭക സമ്മേളനത്തിൽ പിച്ച് ബേ സെഷന് നേതൃത്വം നൽകും. ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ്; ഗ്രൂപ്പ് മീരാൻ ചെയർമാനും സിഇഒയുമായ നവാസ് എം. മീരാൻ; സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്; നെസ്റ്റ് ഡിജിറ്റൽ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നസ്നീൻ ജഹാംഗീർ; എംഎൻ ഹോൾഡിംഗ്സ് ചെയർമാൻ അജിത് മൂപ്പൻ; വെസ്റ്റേൺ ഇന്ത്യ കാഷ്യൂ കമ്പനി പ്രസിഡന്റ് ഹരി കൃഷ്ണൻ നായർ എന്നിവർ ഉൾപ്പെട്ടതാണ് ജൂറി.
ടൈകോൺ കേരള 2025-നുള്ള രജിസ്ട്രേഷനുകൾ https://events.tie.org/TiEconKerala2025, https://kerala.tie.org വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് info@tiekerala.org, 70258 88862 വഴി ബന്ധപ്പെടാം.
TiEcon Kerala 2025 set for November 21-22 in Kumarakom, spotlighting entrepreneurship, funding, and networking opportunities.
Read DhanamOnline in English
Subscribe to Dhanam Magazine