

ബിസിനസ് സംരംഭകത്വം വനിതകള്‍ക്ക് അന്യമാണെന്ന വിവേചനപരമായ സമീപനം സമൂഹത്തില്‍ അതിവേഗം മാറി വരുന്നതായി ടൈക്കോണില്‍ നടന്ന പാനല്‍ ചര്‍ച്ച വിലയിരുത്തി. നടത്തിപ്പ് പുരുഷനോ സ്ത്രീയോ എന്നതിനെ ആശ്രയിച്ചല്ല ഏതു സംരംഭത്തിന്റെയും വിജയമെന്നും പാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ധനം പബ്ലിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം, വനിത സംരംഭക ശൃംഖലയായ വെന്‍ (WEN) അധ്യക്ഷ ലൈല സുധീഷ്, പേപ്പര്‍ ട്രെയ്ല്‍ സ്ഥാപക ദിവ്യ തോമസ് എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ടൈ വിമന്‍ ഗ്ലോബല്‍ കമ്മിറ്റി സഹ അധ്യക്ഷ രേവതി കൃഷ്ണ മോഡറേറ്ററായിരുന്നു.
വനിതാ സംരംഭങ്ങള്‍ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നത് ഭര്‍ത്താക്കന്മാരാണെന്ന സ്ഥിതിയൊക്കെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ മാറിപ്പോയി. ബിസിനസ് നടത്തുന്ന വനിതകളെ തന്റേടികളായി വിശേഷിപ്പിച്ചു പോന്ന കാലവും പോയി. സുരക്ഷിതമെന്ന് കരുതുന്ന ജോലികള്‍ രാജിവെച്ചും ബിസിനസ് രംഗത്തേക്ക് സ്ത്രീകള്‍ കടന്നു വരുന്നു. സ്ത്രീകള്‍ക്ക് നടത്താന്‍ കഴിയുന്നത് സൗന്ദര്യ വര്‍ധക, ഭക്ഷണ ബിസിനസുകളോ മറ്റ് നാമമാത്ര ബിസിനസുകളോ ആണെന്ന തെറ്റിദ്ധാരണ മാറി വരുന്നത് സ്വാഗതാര്‍ഹമായ മാറ്റമാണ്. ഇന്ന് വിവിധ മേഖലകളില്‍ വനിതകള്‍ നയിക്കുന്ന സംരംഭങ്ങളുണ്ട്. വീട്ടിലിരുന്നും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയും വനിതകള്‍ ബിസിനസ് നടത്തുന്നു. സാങ്കേതിക വിദ്യയുടെ മുന്നേറ്റം ഉപയോഗപ്പെടുത്തുന്നു. വനിത സംരംഭകര്‍ക്ക് നെറ്റ് വര്‍ക്കിംഗ് വേദികള്‍ ഇന്നുണ്ട്. കുടുംബശ്രീയുടെ മുന്നേറ്റത്തിലൂടെ വനിതാ വ്യവസായ സംരംഭകത്വം താഴെത്തട്ടിലും ശക്തമാവുന്നത് ശ്രദ്ധേയമാണ്. വനിതകള്‍ നേതൃപരമായ പദവികളിലും ശക്തരാവുന്നു.
ബിസിനസിലെ മുന്നേറ്റത്തിനിടയിലും സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുന്നതിനുള്ള ഉപാധികളുടെ പ്രാപ്യത വനിതകള്‍ക്ക് പൂര്‍ണതോതില്‍ കിട്ടുന്നില്ല. ബിസിനസ് നടത്തുന്നതില്‍ ഫണ്ട് ഉണ്ടായാല്‍ പോലും വനിതകള്‍ക്ക് ധൈര്യം കുറവാണെന്ന കാഴ്ചപ്പാട് നിലനില്‍ക്കുന്നു. ബിസിനസില്‍ പ്രാവീണ്യം നേടുന്നതിനുള്ള സൗകര്യങ്ങളുടെ പ്രാപ്യത വനിതാ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ബിസിനസ് തുടങ്ങുന്നതിനും അടുത്ത തലത്തിലേക്ക് വളര്‍ത്തുന്നതിനും ധനസഹായം നേടിയെടുക്കുന്നതില്‍ വനിതാ സംരംഭകര്‍ കൂടുതല്‍ പ്രയാസം നേരിടുന്നുണ്ട്.
കുടുംബപരമായ ചുമതലകള്‍ക്കിടയില്‍ സങ്കീര്‍ണത നിറഞ്ഞ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ വനിതകള്‍ക്ക് കഴിയില്ലെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ട്. ജനസംഖ്യയില്‍ പകുതി വനിതകളാണെങ്കിലും ബിസിനസ് ഫണ്ടിംഗില്‍ മൂന്നു ശതമാനം മാത്രമാണ് വനിതകള്‍ക്കുള്ളത്. ബിസിനസ് നിക്ഷേപകരില്‍ 18 ശതമാനം മാത്രമാണ് വനിതകളെന്നും പാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine