വികസന, സേവന രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കണം; സര്‍ക്കാര്‍ സൗകര്യ ദാതാവാകണമെന്നും ടൈക്കോണില്‍ ചര്‍ച്ച

തദ്ദേശ സ്ഥാപനങ്ങൾക്ക് മാസ്റ്റർ പ്ലാൻ വേണമെന്നും വിദഗ്ധർ
Renowned historian and travel writer William Dalrymple will inaugurate the TiEcon Kerala 2024, a prestigious entrepreneurship summit. The event will be chaired by Vivek Krishna Govind, with notable figures such as C. Balagopal (KSIDC Chairman), Dr. Sheenu Jauhar, Divya Thalakkalatt, Vijay Menon (TiE Global Executive Director), and Jacob Joy (TiE Kerala President) in attendance
സംരംഭക സമ്മേളനമായ "ടൈക്കോൺ കേരള 2024". പ്രശസ്ത ചരിത്രകാരനും സഞ്ചാര സാഹിത്യകാരനുമായ വില്യം ഡാൽറിംപിൾ ഉദ്ഘാടനം ചെയ്യുന്നു. ടൈകോൺ കേരള 2024 ചെയർ വിവേക് കൃഷ്ണ ഗോവിന്ദ്, കെ എസ് ഐ ഡി സി ചെയർമാൻ സി. ബാലഗോപാൽ, ഡോ. ഷീനു ജാവർ, ദിവ്യ തലക്കലാട്ട്, ടൈ ഗ്ലോബൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിജയ് മേനോൻ, ടൈ കേരള പ്രസിഡൻ്റ് ജേക്കബ് ജോയ് എന്നിവർ സമീപം
Published on

സര്‍ക്കാര്‍ സൗകര്യ ദാതാവും നിയന്ത്രകനുമായി നിന്നുകൊണ്ട് വികസന, സേവന രംഗങ്ങളില്‍ സ്വകാര്യ മേഖലയുടെ റോള്‍ വര്‍ധിപ്പിക്കണമെന്ന് ടൈക്കോണ്‍ കേരളയോട് അനുബന്ധിച്ചു നടന്ന പാനല്‍ ചര്‍ച്ച. തദ്ദേശ സ്ഥാപന തലത്തില്‍ വികസന-സേവന മാസ്റ്റര്‍ പ്ലാന്‍ വേണം. ഭരണക്രമം മെച്ചപ്പെടുത്തുന്ന തീരുമാനങ്ങള്‍ ഉണ്ടാവണം. ജീവിതത്തിന് മികച്ച ഇടമാണ് കേരളമെന്ന പ്രതിഛായ വളര്‍ത്തിയെടുക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

തൊഴില്‍ ഇല്ലാത്തതല്ല കേരളത്തിന്റെ പ്രശ്‌നം

ശുചിത്വവും സുരക്ഷിതത്വവുമാണ് കേരളത്തിന്റെ മുന്നേറ്റത്തില്‍ പ്രധാനമെന്ന് ഐ.ബി.എസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു. ഈ രണ്ട് കാര്യങ്ങളിലും വ്യക്തമായ പുരോഗതി നേടാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ട മറ്റു കാര്യങ്ങള്‍ സ്വാഭാവികമായി നടക്കും. വിജയകരമായ സംരംഭങ്ങളും മികച്ച രീതിയിലുള്ള തൊഴിലുകളുമാണ് യുവതലമുറ ആഗ്രഹിക്കുന്നത്. തൊഴിലില്ലാത്തതല്ല കേരളത്തിന്റെ പ്രശ്‌നം. അഭിലാഷങ്ങള്‍ക്കൊത്ത തൊഴിലുകള്‍ ഇല്ലാത്തതാണ്. സര്‍ക്കാറിന്റെ പരിമിതികള്‍ കൂടി കണക്കിലെടുത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ മികച്ച പ്രവര്‍ത്തന പശ്ചാത്തലമുള്ള സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ച് ജനസേവനം കാര്യക്ഷമമാക്കണം. പൊതുമേഖലയില്‍ അമിത വിശ്വാസം അര്‍പ്പിക്കുന്ന ചിന്താഗതി മാറണം. വ്യവസായ വികസനത്തിന് നിശ്ചിത മേഖലകള്‍ ഉണ്ടാകണം. സ്വകാര്യ വ്യവസായ പാര്‍ക്കുകളും ഇന്‍ഫോപാര്‍ക്ക് മോഡലില്‍ വരണം. ഇതിനായി ലാന്റ് പൂളിംഗ് നടപ്പാക്കണമെന്നു അദ്ദേഹം പറഞ്ഞു.

എല്ലാം ഗവണ്‍മെന്റ് ഏജന്‍സികള്‍ ചെയ്‌തേ തീരൂ എന്ന മനോഭാവം മാറണം

സുസ്ഥിര വികസന സൂചികയില്‍ കേരളം മുന്നിലാണെന്ന് ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകനും സി.ഇ.ഒ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുമായ പോള്‍ തോമസ് അഭിപ്രായപ്പെട്ടു. സേവന രംഗങ്ങളില്‍ സംസ്ഥാനം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. വനിതാ സംരംഭകത്വം വര്‍ധിച്ചു വരുന്നതും വളരെ പ്രകടമാണ്. നാനോ സംരംഭങ്ങളെ സഹായിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് സംസ്ഥാനം ചിന്തിക്കേണ്ടതുണ്ട്. എല്ലാം ഗവണ്‍മെന്റ് ഏജന്‍സികള്‍ ചെയ്‌തേ തീരൂ എന്ന മനോഭാവം മാറണം. ശുചിത്വത്തിലും ആസൂത്രണത്തിലും മികവുറ്റ ഉദാഹരണമായ ഇന്ദോര്‍ ഇതില്‍ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റ തന്ത്രം വേണം

യുവ തലമുറയുടെ മറുനാടന്‍ കുടിയേറ്റം വര്‍ധിക്കുമ്പോള്‍, വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ടുള്ള കുടിയേറ്റ തന്ത്രം ആവിഷ്‌ക്കരിക്കാന്‍ നമുക്ക് കഴിയണമെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. കുടിവെള്ളം മുതല്‍ പരിസര മലിനീകരണം വരെ പ്രശ്‌നങ്ങളായി മാറുമ്പോള്‍ പഞ്ചായത്തുകള്‍ അതാതു സ്ഥലങ്ങള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി മുന്നോട്ടു പോകണം. അതോടൊപ്പം ഓരോ പഞ്ചായത്തിനുമുള്ള തനിമയുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം. പഞ്ചായത്തുകളിലേക്ക് അധികാര വികേന്ദ്രീകരണം എത്രത്തോളം നടന്നുവെന്ന് പരിശോധിക്കേണ്ടതാണ്. പഞ്ചായത്തുകളുടെ വികസനത്തിന് കൊച്ചി വിമാനത്താവള കമ്പനിയുടെ മാതൃകയില്‍ സംരംഭങ്ങള്‍ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ 31 വ്യവസായ പാര്‍ക്കുകള്‍

ജി.ഡി.പി വളര്‍ച്ചാ തോത് കണക്കിലെടുത്താല്‍ അടുത്ത 7-8 വര്‍ഷത്തിനകം കേരളത്തിനുള്ളില്‍ മറ്റൊരു കേരളം ഉണ്ടാവുമെന്നാണ് കാണേണ്ടതെന്ന് ചര്‍ച്ചയിലെ മോഡറേറ്ററായിരുന്ന കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി.ബാലഗോപാല്‍ പറഞ്ഞു. ആ വളര്‍ച്ച പ്രയോജനപ്പെടുത്താന്‍ പാകത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഓരോ സംരംഭങ്ങളും പുതു സംരംഭകരും ചിന്തിക്കേണ്ടതുണ്ട്. ബിസിനസ് വളര്‍ത്തിയെടുക്കാനുള്ള സാധ്യതകള്‍ ഇവിടെയുണ്ട്. അത് നഷ്ടപ്പെടുത്താതിരിക്കുകയാണ് പ്രധാനം. ഇതിന് സര്‍ക്കാര്‍ നയങ്ങള്‍ തടസമല്ല. കേരളത്തിന്റെ പരിമിതികളെക്കുറിച്ച പരിദേവനങ്ങളുടേതായ മനോഭാവം മാറ്റിയെടുക്കണം. കേരളത്തില്‍ 31 വ്യവസായ പാര്‍ക്കുകള്‍ രൂപപ്പെട്ടു വരുകയാണ്. 85 കാമ്പസ് പാര്‍ക്കുകളും ഉയര്‍ന്നു വരും. വ്യവസായങ്ങള്‍ സ്വന്ത നിലക്ക് തുടങ്ങുന്നതിനേക്കാള്‍, അതിന് സജ്ജരായി മുന്നോട്ടു വരുന്ന സംരംഭകര്‍ക്ക് സൗകര്യമൊരുക്കുകയാണ് സര്‍ക്കാറിന് മുന്നിലുള്ള ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com