

സാമ്പത്തിക പിന്തുണയും അടിസ്ഥാന സൗകര്യ വികസനവും സാധ്യമായാല്‍ ഏത് രാജ്യത്തോടും കിടപിടിക്കാവുന്ന ബഹിരാകാശ പര്യവേക്ഷണം ഇന്ത്യയ്ക്കും സാധ്യമാവുമെന്ന് മിസൈല്‍ വനിത ഡോ. ടെസി തോമസ്. തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഡോ. ടെസി തോമസ്. അത്യാധുനിക യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യ സജ്ജമാണെന്ന് അഭിപ്രായപ്പെട്ട ഡോ. ടെസി തോമസ് തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ സന്ദര്‍ഭങ്ങള്‍ കൂടി സദസ്സുമായി പങ്കുവെച്ചു.
'ഇന്ത്യ മുന്നോട്ട്' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മുന്‍ അംബാസഡര്‍ ടി. പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ''യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെയും ഇലോണ്‍ മസ്‌കിനെയും ആ കൂട്ടുകെട്ടിനെയും താല്‍പര്യമില്ലെങ്കിലും അവരാണ് സുനിത വില്യംസിന്റെ ബഹിരാകാശത്തുനിന്നുള്ള തിരിച്ചുവരവ് സാധ്യമാക്കിയതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണം. പുതിയ ലോക ക്രമത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പ്രസക്തി ഇല്ലാതായി കൊണ്ടിരിക്കുകയാണ്,'' ടി.പി ശ്രീനിവാസന്‍ പറഞ്ഞു.
തൃശൂരില്‍ ടി.എം.എ വാങ്ങുന്ന സ്ഥലത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി.എം.എ പ്രസിഡന്റ് ടി.ആര്‍ അനന്തരാമന്‍ പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി പി.ആര്‍ ശേഷാദ്രി, ധനലക്ഷ്മി ബാങ്ക് എം.ഡി കെ. കെ അജിത് കുമാര്‍, ടി.എം.എ സീനിയര്‍ വൈസ് പ്രസിഡന്റ് സി. പത്മകുമാര്‍, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആനന്ദ് മണി, ടി.എം.എ സെക്രട്ടറി അജിത്ത് കൈമള്‍ എന്നിവര്‍ സംസാരിച്ചു.
ആര്‍ക്കിടെക്റ്റ് സി. എസ് മേനോന്‍, കെ. പി നമ്പൂതിരീസ് ആയുര്‍വേദിക്‌സ് എം.ഡി കെ. ഭവദാസന്‍, ടെംപിള്‍ ടൗണ്‍ സ്ഥാപക മീര പ്യാരിലാല്‍, അംഹ സ്ഥാപക പി. ഭാനുമതി എന്നിവര്‍ ടി.എം.എ എക്‌സലന്‍സ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ടി.എം.എ പുരസ്‌കാരങ്ങള്‍ കെ. പി നിവേദിത, പി. വി ഉണ്ണിമായ, അബ്ദുല്‍ ഖാദര്‍, കെ. ജെ. ഗായത്രി എന്നിവര്‍ക്ക് സമ്മാനിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine