കേരള കമ്പനിയായ ടോളിന്‍സിന്റെ ഐ.പി.ഒയ്ക്ക് തുടക്കമായി, അനലിസ്റ്റുകളുടെ റേറ്റിംഗ് ഇങ്ങനെ
കേരളം ആസ്ഥാനമായ, ടയര്‍ കമ്പനികളിലൊന്നായ ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ) ഇന്ന് തുടക്കമായി. മാന്യമായ പ്രതികരണമാണ് ഐ.പി.ഒയ്ക്ക് ലഭിക്കുന്നത്. റീറ്റെയില്‍ നിക്ഷേപകര്‍ക്കായി നീക്കി വച്ച ഓഹരികള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.
അനലിസ്റ്റുകളുടെ അഭിപ്രായം
മാന്യമായ ഓഹരി വാല്വേഷനും കമ്പനിയുടെ ശക്തമായ സാമ്പത്തിക പ്രകടനങ്ങളും കണക്കിലെടുത്ത് ഐ.പി.ഒയ്ക്ക് 'സബ്സ്‌ക്രൈബ്' റേറ്റിംഗ് ആണ് മിക്ക അനലിസ്റ്റുകളും നല്‍കുന്നത്.
ടോളിന്‍സ് ടയര്‍
ടോളിന്‍സ് ടയര്‍ ബ്രാന്‍ഡില്‍ ചെറു വാണിജ്യ വാഹനങ്ങള്‍, കാര്‍ഷിക വാഹനങ്ങള്‍, ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് ടയറുകള്‍ നിര്‍മിച്ചു നല്‍കി വരുന്ന, കാലടി മറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടോളിന്‍സ് ടയേഴ്സ്. പുതിയ ടയര്‍ നിര്‍മിക്കുന്നതിനൊപ്പം ട്രെഡ്സ് ടയര്‍ രംഗത്തും സജീവമാണ്. ടോളിന്‍സിന് മൂന്ന് നിര്‍മാണ യൂണിറ്റുകളാണുള്ളത്. രണ്ടെണ്ണം കാലടിയിലെ മറ്റൂരിലും മറ്റൊന്ന് യു.എ.ഇയിലെ അല്‍ ഹംറ ഇന്‍ഡസ്ട്രീയല്‍ സോണിലുമാണ്.
2024 സാമ്പത്തികവര്‍ഷം 227 കോടി രൂപയുടെ വരുമാനം നേടാന്‍ ടോളിന്‍സിന് സാധിച്ചിരുന്നു. 26 കോടി രൂപയാണ് ലാഭം. വരുമാനത്തിന്റെ 76 ശതമാനം റീട്രെഡ് ടയറുകളുടെ വില്പനയില്‍ നിന്നായിരുന്നു. 172 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നിന്ന് നേടിയത്. പുതിയ ടയറുകളുടെ വില്പനയില്‍ നിന്നുള്ള വരുമാനം 55 കോടി രൂപയാണ്. 12 കോടി രൂപയാണ് കയറ്റുമതിയില്‍ നിന്ന് സ്വന്തമാക്കിയത്. ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം വരുമിത്.
ഇന്ത്യ കൂടാതെ മിഡില്‍ ഈസ്റ്റ്, ആസിയാന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. നിലവില്‍ 18 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.