വാറ്റ് 'പീഡനം ഇപ്പോഴും; നാളെ കടകളടച്ച് സമരം

വാറ്റ് 'പീഡനം ഇപ്പോഴും;   നാളെ കടകളടച്ച് സമരം
Published on

നാളെ സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ കലക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച്, ധര്‍ണ്ണ എന്നിവയുണ്ടാകും.

ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ വ്യാപാരികളെയും വ്യവസായികളെയും പീഡിപ്പിക്കുന്ന തരത്തിലുള്ള ഹീനമായ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ഇതില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്നു സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.

ഇതിനിടെ മൂല്യവര്‍ദ്ധിത നികുതിയുടെ (വാറ്റ്) കാലത്തെ കണക്കിലെ ചെറിയ വ്യത്യാസത്തിനും പോലും നികുതിയും പിഴയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ക്ക് സംസ്ഥാന ചരക്കു-സേവന നികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നതിന് പിന്നിലെ കാരണം സോഫ്റ്റ്വെയറിന്റെ തകരാറെന്ന് വിശദീകരണം. വാറ്റിന്റെ കാലത്തെ സോഫ്റ്റ്വെയര്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതാണ്, അവ്യക്തമായ കണക്കുകള്‍ക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.സോഫ്റ്റ്വെയര്‍ പ്രശ്നംമൂലം നികുതി പിരിവും മുടങ്ങുന്നുണ്ട്.ജി.എസ്.ടി നിലവില്‍ വന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ജി.എസ്.ടിക്ക് അനുബന്ധമായ മാറ്റങ്ങള്‍ ഇനിയും സോഫ്റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന്  ഉദ്യാഗസ്ഥര്‍ പറയുന്നു.

ഏഴു വര്‍ഷം മുമ്പത്തെ കണക്കുകള്‍ കാട്ടിയാണ് ഇപ്പോള്‍ വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചു ബുദ്ധിമുട്ടിക്കുന്നത്. ഒരുപൈസ മുതല്‍ 25 കോടി രൂപയുടെ വരെ വ്യത്യാസം വന്നവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. 2.33 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്തതിന് 18 ശതമാനം നിരക്കില്‍ പിഴയടയ്ക്കണമെന്ന നോട്ടീസ് ഹോസ്ദുര്‍ഗിലെ ഒരു വ്യാപാരിക്ക് ലഭിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്് നോട്ടീസിലുള്ളതെന്ന് അദ്ദേഹം പറയുന്നു. കണക്കില്‍ '1.14' രൂപയുടെ വ്യത്യാസം ചോദ്യം ചെയ്താണ് മാവേലിക്കരയിലെ ഒരു വ്യാപാരിക്ക് നോട്ടീസ് ലഭിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com