ട്രോളിംഗ് നിരോധനം ഇന്ന് തീരും, കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം: മത്സ്യവില ഇനിയും കുറയും

52 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം 3,500ല്‍ അധികം യന്ത്രവത്കൃത ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രിയോടെ കടലില്‍ പോകും. ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12 മണിക്ക് നിലവില്‍ വന്ന ട്രോളിംഗ് നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ അനുമതി ലഭിച്ചത്. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാമെങ്കിലും മത്സ്യലഭ്യത കുറവായിരുന്നു. യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ പോയിത്തുടങ്ങുന്നതോടെ വിപണിയില്‍ കൂടുതല്‍ മത്സ്യമെത്തുമെന്നും വില കുറയുമെന്നുമാണ് പ്രതീക്ഷ.
കേരള തീരത്ത് മത്തിച്ചാകര
അതേസമയം, കേരള തീരത്ത് വലിയ രീതിയില്‍ മത്തി (ചാള)യുടെ സാന്നിധ്യമുണ്ടെന്നും ചാകര പ്രതീക്ഷിക്കാമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അനുകൂല സാഹചര്യമായതിനാല്‍ കേരള തീരത്തേക്ക് ഇന്ത്യന്‍ നെയ് മത്തി (Indian Oil Sardines) കൂട്ടത്തോടെ എത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചില നേരത്ത് ഇവ കൂട്ടത്തോടെ സഞ്ചരിക്കുന്നത് കാണാനാകുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇങ്ങനെയുള്ള 14 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ വൈപ്പിനിലാണ് അവസാന സംഭവം നടന്നത്.
മത്തി കൂട്ടത്തോടെയെത്താന്‍ കാരണം
എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍സ് പൊലൂഷന്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ മത്തി ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ കേരള, കര്‍ണാടക തീരത്തേക്ക് കൂടുതലെത്താനുള്ള നിരവധി കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സമുദ്ര ഉപരിതലത്തിലെ താരതമ്യേന കുറഞ്ഞ താപനില (sea surface temperature SST)യാണ് ഇത്തരം മത്സ്യങ്ങളെ തീരത്തേക്ക് ആകര്‍ഷിക്കുന്നതിലെ മുഖ്യകാരണമായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അറബിക്കടലിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. മത്തിക്ക് ജീവിക്കാന്‍ കഴിയുന്ന സുരക്ഷിതമായ താപനില 26-27 ഡിഗ്രി സെല്‍ഷ്യസാണ്. എല്‍നീനോ പ്രതിഭാസം മൂലം കടലിലെ മറ്റ് ഭാഗങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ താരതമ്യേന ചൂടുകുറഞ്ഞ കേരള തീരത്തേക്ക് ഇവ കൂട്ടത്തോടെ എത്തുമെന്നാണ് കരുതുന്നത്.
തീരത്തേക്കുള്ള കടല്‍ പ്രവാഹങ്ങളും ( Sea Current) കാറ്റും ഇവയുടെ ഇഷ്ട ഭക്ഷണമായ ഫൈറ്റോപ്ലാങ്ക്‌ടോണ്‍ സസ്യങ്ങളുടെ സാന്നിധ്യവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണും അനുകൂല ഘടകങ്ങളാണെന്നും പഠനത്തില്‍ പറയുന്നു.
മത്തിവില കുറയും
അതേസമയം, ട്രോളിംഗ് നിരോധനം കഴിഞ്ഞതും കൂടുതല്‍ മത്സ്യലഭ്യതയുടെ സാധ്യത തെളിഞ്ഞതും സംസ്ഥാനത്ത് മത്സ്യവില കുറയാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം 400 കടന്ന മത്തിവില സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന തരത്തിലെത്തുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മത്സ്യം ലഭിക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിലും കുറവുണ്ടാകില്ലെന്നും കരുതുന്നു. അനുബന്ധമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഇത് ഊര്‍ജമാകും.
Related Articles
Next Story
Videos
Share it