

ഓണം നാളുകളിലേക്ക് കടക്കേ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 9,355 രൂപയും പവന്‍ വില 74,840 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7,680 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,955 രൂപയും ഒമ്പത് കാരറ്റിന് 3,835 രൂപയുമാണ് ഇന്ന് വില.
വെള്ളി വില ഇന്നും കുതിപ്പ് തുടര്‍ന്നു. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 126 രൂപയായി. ഇന്നലെയും ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ചിരുന്നു.
മോര്‍ട്‌ഗേജ് വായ്പാ ദുരുപയോഗ ആരോപണത്തെ തുടര്‍ന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കിയത് ഡോളറില്‍ ഇടിവുണ്ടാക്കുകയം രാജ്യാന്തര സ്വര്‍ണ- വെള്ളി വിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കുകയും ചെയ്തു. ഡോളര്‍ സൂചിക 0.30 ശതമാനത്തോളമാണ് ഇടിഞ്ഞത്.
ലിസയുടെ പകരക്കാരന്‍ ട്രംപിന്റെ ഒരു സഹായി ആയിരിക്കാമെന്നും അയാള്‍ കൂടുതല്‍ നിരക്ക് കുറയ്ക്കാന്‍ ശ്രമിച്ചേക്കാമെന്നും ചില വിദഗ്ധര്‍ വിശ്വസിക്കുന്നു.
ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ പദവി വഹിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയായിരുന്നു ലിസ. മോര്‍ട്ട്‌ഗേജ് ആവശ്യങ്ങള്‍ക്കായി കുക്ക് രണ്ട് വ്യത്യസ്ത വീടുകള്‍ തന്റെ 'പ്രാഥമിക വസതി'യായി കാണിച്ചുവെന്ന് യുഎസ് ഫെഡറല്‍ ഹൗസിംഗ് ഫിനാന്‍സ് ഏജന്‍സിയുടെ തലവനായ വില്യം പുള്‍ട്ടെ ആരോപിച്ചിരുന്നു. സാധാരണയായി, ഒരു വ്യക്തിക്ക് ഒരു പ്രാഥമിക വസതി മാത്രമേ ഉണ്ടാകൂ, ഒന്നിലധികം അവകാശപ്പെടുന്നത് മോര്‍ട്ട്‌ഗേജ് തട്ടിപ്പിന് തുല്യമാകും. യുഎസ് നീതിന്യായ വകുപ്പ് (DOJ) ഇക്കാര്യം പരിശോധിച്ച് അന്വേഷണം നടത്തുകയണ്.
ഓഗസ്റ്റ് 22ന് നടന്ന ജാക്സണ്‍ ഹോള്‍ സിമ്പോസിയം പ്രസംഗത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍, സെപ്റ്റംബറില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സെപ്റ്റംബര്‍ 17 ന് നടക്കുന്ന ഫെഡ് പോളിസി മീറ്റിംഗില്‍ 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കാന്‍ 83 ശതമാനം സാധ്യതയാണ് വിപണികള്‍ ഇപ്പോള്‍ കണക്കാക്കുന്നത്. ഇത് സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് കളമൊരുക്കുന്നതാണ്.
യു.എസിലെ രണ്ടാം പാദത്തിലെ ജി.ഡി.പി പ്രാഥമിക കണക്കുകള്‍ വ്യാഴാഴ്ചയും വ്യക്തിഗത ഉപഭോഗ വിലക്കണക്കുകള്‍ വെള്ളിയാഴ്ചയും വരും. ഇതായിരിക്കും ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ സ്വാധീനിക്കുക. ഇന്ത്യയുടെ ഒന്നാപാദ ജി.ഡിപി കണക്കുകളും വെള്ളിയാഴ്ച പുറത്തു വരും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക. അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 81,000 രൂപയ്ക്ക് അടുത്താകും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും എന്നത് മറക്കരുത്.
Gold prices surge in Kerala as Trump’s dismissal of Fed Governor impacts global markets
Read DhanamOnline in English
Subscribe to Dhanam Magazine