അന്താരാഷ്ട്ര നിക്ഷേപക സംഗമം: യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി മുഖ്യാതിഥിയാകും; പ്രമുഖ വ്യവസായ,വാണിജ്യ സംഘടനകളും കേരളത്തിലേക്ക്

അറബ് വ്യവസായ വാണിജ്യ മേഖലയുടെ പങ്കാളിത്തം ഉറപ്പിച്ച് ദുബൈ റോഡ് ഷോ

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തില്‍ (ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്) യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി മുഖ്യാതിഥിയാകും. യു.എ. ഇ യിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘവും മന്ത്രിക്കൊപ്പം ഉണ്ടാകും. വ്യവസായ മന്ത്രി പി.രാജീവുമായി ദുബൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രമുഖ വ്യവസായിയും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡിയുമായ അദീബ് അഹമ്മദും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്‌സും നിക്ഷേപക സംഗമത്തിലേക്ക് ഉന്നത തല പ്രതിനിധി സംഘത്തെ അയക്കും. ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളുമായി വ്യവസായമന്ത്രി പി രാജീവ് കൂടിക്കാഴ്ച നടത്തി.

ശ്രദ്ധേയമായി ദുബൈ റോഡ് ഷോ

ഐ.കെ.ജി.എസിന്റെ ഭാഗമായി സംഘടിപ്പിച്ച ദുബൈ റോഡ് ഷോ മികച്ച പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായി. വിവിധ എമിറേറ്റുകളിലെ പ്രമുഖ വ്യവസായികള്‍, വാണിജ്യ സംഘടനകള്‍, കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ റോഡ് ഷോയുടെ ഭാഗമായി. പ്രവാസി വ്യവസായികളും റോഡ് ഷോയിലും ഇന്‍വെസ്റ്റര്‍ മീറ്റിലും പങ്കെടുത്തു. കേരളത്തില്‍ നിക്ഷേപ താല്‍പര്യം സൃഷ്ടിക്കുന്നതിലും റോഡ് ഷോ വിജയിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു.

നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് യു.എ.ഇ കാബിനറ്റ് മിനിസ്റ്റര്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് മുഹമ്മദ് ഹസന്‍ അല്‍ സുവൈദിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായ മന്ത്രി പി.രാജീവ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ്, കെ.എസ്.ഐഡി.സി എം.ഡി എസ് ഹരികിഷോര്‍, ഒ. എസ്.ഡി ആനി ജൂല തോമസ്, പി. വിഷ്ണുരാജ് തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.

Related Articles
Next Story
Videos
Share it