
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കിയതിന്റെ കുറവ് പൂര്‍ണമായും കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചതായി വ്യാപാരികള്‍. ബജറ്റ് ദിനത്തില്‍ 6,745 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 53,960 രൂപയും. തീരുവ കുറച്ചതോടെ ഗ്രാം വിലയില്‍ 445 രൂപയും പവന്‍ വില 3,560 രൂപയും കുറഞ്ഞു. ഈ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിലയും 30 ഡോളറോളം കുറഞ്ഞിരുന്നു. അതും സ്വര്‍ണ വില താഴാന്‍ സഹായകമായി.
ഇന്നത്തെ വില
ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 6,325 രൂപയായി. പവന്‍ വില 200 രൂപ കൂടി 50,600 രൂപയിലുമായി. ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ ഒരു ശതമാനത്തോളം വര്‍ധനയുണ്ടായിരുന്നു. അതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്.
18 കാരറ്റ് സ്വര്‍ണ വിലയും അഞ്ച് രൂപ വര്‍ധിച്ച് ഗ്രാമിന് 5,235 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്നും മാറ്റമില്ലാതെ 89 രൂപയില്‍ തുടരുന്നു.
വില കുറയുമോ?
രാജ്യാന്തര വിലയും അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളുമാകും ഇനി സ്വര്‍ണ വിലയെ സ്വാധീനിക്കുക. അന്താരാഷ്ട്ര സ്വര്‍ണ്ണവില കഴിഞ്ഞ ആറുമാസത്തിനിടെ 1,800 ഡോളറില്‍ നിന്ന് 38 ശതമാനം വര്‍ധിച്ച് 2,483 ഡോളറിലേക്ക് എത്തിയിരുന്നു. എന്നാല്‍ റെക്കോഡ് വിലയില്‍ നിന്ന് നാല് ശതമാനത്തോളം കുറഞ്ഞ് 2,387 ഡോളറിലാണ് ഇപ്പോള്‍ സ്വര്‍ണത്തിന്റെ വ്യാപാരം. അമേരിക്കയിലെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് നീങ്ങിയതുമായിരുന്നു വില വര്‍ധിപ്പിച്ചത്. യു.എസ് ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറോടെ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് പ്രതീക്ഷകള്‍. അങ്ങനെ വന്നാല്‍ കടപ്പത്ര നിക്ഷേപങ്ങള്‍ ആകര്‍ഷകമല്ലാതാകുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. ഇത് സ്വര്‍ണ വില വര്‍ധിപ്പിക്കാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine