കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞില്ല; കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടി

കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഏലൂര്‍ ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ് അഥവാ ഹില്‍ ഇന്ത്യ (HIL India Limited) അടച്ചുപൂട്ടി. യൂണിറ്റ് അടച്ചുപൂട്ടരുതെന്ന ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഹില്‍ ഇന്ത്യയുടെ കൊച്ചി യൂണിറ്റ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതും കേന്ദ്രം പരിഗണിച്ചില്ല.
നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാമെന്ന നീതി ആയോഗിന്റെ ശുപാര്‍ശ പ്രകാരമാണ് ഹില്‍ ഇന്ത്യയുടെ കൊച്ചി യൂണിറ്റിനും പൂട്ടുവീണത്. കൊച്ചി പ്ലാന്റ് അടച്ചുപൂട്ടാമെന്ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും നിര്‍ദേശിച്ചിരുന്നു. കൊച്ചി പ്ലാന്റിനൊപ്പം പഞ്ചാബിലെ ഭട്ടിന്‍ഡ പ്ലാന്റും പൂട്ടി.
ജീവനക്കാര്‍ക്ക് വി.ആര്‍.എസ്
ജീവനക്കാര്‍ക്ക് വി.ആര്‍.എസ് ആനുകൂല്യങ്ങള്‍ നല്‍കി പിരിച്ചുവിട്ടശേഷമാണ് പ്ലാന്റ് അടച്ചത്. 70ലേറെ ജീവനക്കാര്‍ കൊച്ചി യൂണിറ്റിലുണ്ടായിരുന്നു. അടച്ചുപൂട്ടലിന് മുന്നോടിയായി 30ഓളം പേരെ മുംബൈയിലെ മുഖ്യ യൂണിറ്റിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കൊച്ചി പ്ലാന്റില്‍ ഉത്പാദനം നടക്കുന്നില്ലെങ്കിലും 44 ജീവനക്കാരുണ്ടായിരുന്നു. ഈ 44 പേരുടെ ശമ്പളം മാസങ്ങളായി കുടിശികയുമായിരുന്നു. ഇവരുടെ കഴിഞ്ഞ 35 മാസത്തെ ശമ്പളം അനുവദിച്ചിട്ടുണ്ട്.
ഓര്‍മ്മയാകുന്ന ഹില്‍ ഇന്ത്യ
100 ശതമാനം ഓഹരികളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള കമ്പനിയാണ് ഹില്‍ ഇന്ത്യ. 1956ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹില്‍ ഇന്ത്യ കീടനാശിനി നിര്‍മ്മാണക്കമ്പനിയാണ്. പിന്നീട് വളം നിര്‍മ്മാണത്തിലേക്കും കടന്നിരുന്നു. 2015 വരെ ഹില്‍ ഇന്ത്യയുടെ ഏറ്റവും ലാഭത്തിലുള്ള യൂണിറ്റായിരുന്നു കൊച്ചിയിലേത്. പിന്നീട് എന്‍ഡോസള്‍ഫാന്‍, ഡി.ഡി.റ്റി എന്നിവയുടെ നിരോധനവും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും തിരിച്ചടിയായതോടെ പ്ലാന്റ് നഷ്ടത്തിലായി.
പ്ലാന്റ് അടച്ചുപൂട്ടരുതെന്ന് ആവശ്യപ്പെട്ട് എച്ച്.ഐ.എല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര വളം മന്ത്രി മന്‍സൂഖ് മാണ്ഡവ്യക്കും മറ്റും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മറ്റൊരു പ്രമുഖ പൊതുമേഖലാ സ്ഥാപനവും കൊച്ചി ആസ്ഥാനമായുള്ള കമ്പനിയുമായ ഫാക്ടിനെ കൊണ്ട് കൊച്ചി യൂണിറ്റ് ഏറ്റെടുപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it