മലയാളിയുടെ സ്വന്തം ആഡംബരക്കപ്പൽ അറബിക്കടലിലേക്ക്; ഉല്ലാസയാത്ര പോകാം ചെറിയ ചെലവിൽ

കേരളത്തില്‍ നിര്‍മിച്ച ഏറ്റവും വലിയ ആംഡബര ഉല്ലാസ കപ്പല്‍ ക്ലാസിക് ഇംപീരിയല്‍ കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി നാളെ ഉദ്ഘാടനം ചെയ്യും. 50 മീറ്റര്‍ വലിപ്പവും 11 മീറ്റര്‍ വീതിയുമുള്ള ശീതീകരിച്ച കപ്പല്‍ രണ്ട് ഫ്‌ളോറുകളിലായാണ് ഒരുക്കിയിരിക്കുന്നത്. നിയോക്ലാസിക് ക്രൂസ് ആന്‍ഡ് ടൂര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ നിഷിജിത്‌ ജോണിന്റെ മൂന്നു വര്‍ഷത്തെ ശ്രമഫലമാണ് ഈ അത്യാഡംബര കപ്പല്‍. 500 പേരെ വരെ ഉള്‍ക്കൊള്ളാനാകുമെങ്കിലും 150 യാത്രാക്കാരുമായാകും സര്‍വീസ് നടത്തുക. മറൈന്‍ ഡ്രൈവിലെ കായലോരങ്ങളില്‍ നിന്ന് പുറംകടലിലേക്കാണ് സര്‍വീസ്. തന്റെ കുട്ടിക്കാലത്തെ ബോട്ട് യാത്രകളാണ് കൊച്ചി ബോള്‍ഗാട്ടി പോഞ്ഞിക്കര സ്വദേശിയായ നിഷിജിത്തി നെ ഈ മേഖലയിലേക്ക് അടുപ്പിച്ചത്.

സ്വപ്‌നത്തിലേക്കുള്ള നടത്തം

കൊച്ചിയില്‍ രണ്ട് ടൂറിസം ബോട്ടുകള്‍ വാടയ്‌ക്കെടുത്തുകൊണ്ട് 23 വര്‍ഷം മുമ്പാണ് നിഷിജിത്‌ കെ ജോണ്‍ ഈ രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിയോ ക്ലാസിക് ക്രൂസ് ആന്‍ഡ് ടൂര്‍സ് എന്ന പേരില്‍ കമ്പനി തുടങ്ങി അഞ്ച് ബോട്ടുകള്‍ സ്വന്തമായി നിര്‍മിച്ച് സര്‍വീസ് തുടങ്ങി. നിഷിജിത്തിന്റെയും ടീമിന്റേയും ആറാമത്തെ പദ്ധതിയാണ് ക്ലാസിക് ഇംപീരിയല്‍.

ലോകോത്തര സൗകര്യങ്ങളോടെ സാധാരണക്കാര്‍ക്കും താങ്ങാവുന്ന നിരക്കില്‍ ഒരു അത്യാഡംബര കപ്പല്‍ എന്നതായിരുന്നു നിഷ്ജിത്തിന്റെ ലക്ഷ്യം. കപ്പല്‍ നിര്‍മിക്കാന്‍ യാര്‍ഡുകള്‍ വന്‍തുക പറഞ്ഞതോടെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ സ്ഥലം വാടകയ്‌ക്കെടുത്ത് സ്വന്തമായി നിര്‍മിക്കുകയായിരുന്നു.
2020 മാര്‍ച്ച് 23നാണ് കപ്പലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്, കോവിഡിന്റെ വരവ് സാമ്പത്തികപ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായി. സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും ലോണെടുത്തും ഭാര്യയുടെ സ്വര്‍ണം പണയം വച്ചുമൊക്കെയാണ് ഈ വലിയ ലക്ഷ്യം നിഷിജിത്‌ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇത്രയും വലിയൊരു സ്വപ്‌നം സാക്ഷാത്കരിക്കാനായതിന്റെ സന്തോഷത്തിലാണ് നിഷിജിത്‌ ഇപ്പോള്‍. സമാനമായ യാനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൊരുക്കാനും നിഷിജി
ത്തിന് പദ്ധതിയുണ്ട്. നിയോ ക്ലാസിക് ക്രൂസ് ആന്‍ഡ് ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിലവില്‍ 75 ജീവനക്കാരുമുണ്ട്.
ലോകോത്തര നിലവാരം, താങ്ങാനാവുന്ന നിരക്ക്
മറൈന്‍ഡ്രൈവില്‍ സ്വന്തമായി നിര്‍മിച്ച ഫ്‌ളോട്ടിംഗ് ജെട്ടിയില്‍ നിന്നാണ് ക്ലാസിക് ഇംപീരിയല്‍ കടലിലേക്കുള്ള ഉല്ലാസ യാത്ര തുടങ്ങുക. മീറ്റിംഗുകള്‍, ഇവന്റുകള്‍, വിവാഹം, ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ഒത്തുചേരലുകള്‍ അങ്ങനെ എല്ലാത്തിനുമുള്ള സൗകര്യമിതിലുണ്ട്. ടച്ച് സ്‌ക്രീന്‍ പാനലുകള്‍ എല്‍.ഇ.ഡി വാള്‍, ഡാന്‍സിംഗ് ലൈറ്റുകള്‍, സൗണ്ട് സിസ്റ്റം എന്നിവയൊക്കെ ഉള്‍പ്പെടുത്തി യാത്രക്കാരുടെ മനംകവരുന്ന രീതിയിലാണ് യാനത്തിന്റെ രൂപകല്‍പ്പന. ഒരു പില്ലര്‍പോലുമില്ലാതെയാണ് കണ്‍സ്ട്രക്ഷന്‍. പൂര്‍ണമായും ഗ്ലാസ് വ്യൂ ലഭിക്കത്തക്ക വിധത്തിലാണ് ഇന്റീരിയര്‍.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അറബിക്കടലില്‍ സൂര്യാസ്തമയം ആസ്വദിച്ച് അത്താഴം എന്നിവയെല്ലാം പാക്കേജിലുണ്ടാകും. ഇതുകൂടാതെ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ലൈവ് ബാന്‍ഡുകള്‍, ഗായകര്‍, ഡാന്‍സര്‍മാര്‍, ഡി.ജെ എന്നിവയുമുണ്ടാകും.

Related Articles

Next Story

Videos

Share it