

യുപിഐയില്‍ ബയോമെട്രിക് പേയ്മെന്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഉപയോക്താക്കള്‍ക്ക് 4/6 അക്ക പിന്‍ നമ്പറിന് പകരം മുഖം സ്‌കാന്‍ ചെയ്‌തോ അല്ലെങ്കില്‍ വിരലടയാളം വഴിയോ ഇടപാടുകള്‍ നടത്താനാകും.
പരമ്പരാഗത പിന്‍ നമ്പറുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വേഗതയേറിയതും കൂടുതല്‍ സുരക്ഷിതവും സമഗ്രവുമായ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ തന്നെ മാറ്റിമറിക്കുന്നതാകും ഈ നീക്കം.
പിന്‍ ചോര്‍ത്തലും യു.പി.ഐ തട്ടിപ്പും വ്യാപകമാകുന്നതിനെ കുറിച്ചുള്ള ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ 80 ശതമാനവും നടക്കുന്നത് ഇപ്പോള്‍ യു.പി.ഐ വഴിയാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി ബയോമെട്രിക് പേയമെന്റ് സാധ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍. ഇതിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും പരിശോധനക്കുമായി യു.പി.ഐ പങ്കാളികള്‍ക്ക് മുന്നില്‍ ഇത് അവതരിപ്പിച്ചിരുന്നു. 2025 ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ ആകും ഇത് ഔദ്യോഗികമായി അവതരിപ്പിക്കുക. തുടര്‍ന്ന് റിസര്‍വ് ബാങ്ക്, എന്‍.പി.സി.ഐ സ്റ്റീയറിംഗ് കമ്മിറ്റി തുടങ്ങിയവയും അംഗീകരിച്ചശേഷമാകും നടപ്പാക്കുക.
പിന്‍ നമ്പര്‍ മറന്നു പോകുന്നതും അതേപോലെ പല തവണ പിന്‍ മാറ്റേണ്ടി വരുന്നതും പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine