

അമേരിക്കയില്‍ തൊഴില്‍തേടുന്ന വിദേശ പ്രൊഫഷണലുകള്‍ക്കും കമ്പനികള്‍ക്കും കനത്ത തിരിച്ചടിയായി എംപ്ലോയ്‌മെന്റ് അധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് റിക്രൂട്ട്‌മെന്റ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റങ്ങളുമായി യു.എസ് തൊഴില്‍ വകുപ്പ് (Department of Labor - DOL). രണ്ട് പതിറ്റാണ്ടിനിടെയുണ്ടാകുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. EB-2, EB-3 കാറ്റഗറികളില്‍ അപേക്ഷിക്കുന്നതിന് മുമ്പ് കമ്പനികള്‍ പാലിക്കേണ്ട ലേബര്‍ മാര്‍ക്കറ്റ് പരിശോധനകളെ അടിമുടി മാറ്റുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. നവംബര്‍ 17-ന് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച ഈ പ്രൊപ്പോസല്‍ നിലവില്‍ 60 ദിവസത്തെ പൊതുജനാഭിപ്രായം തേടുന്നതിനായി തുറന്നുനല്‍കിയിരിക്കുകയാണ്.
പുതിയ മാറ്റങ്ങള്‍ അനുസരിച്ച് കമ്പനികള്‍ വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് മുമ്പ് യോഗ്യരായ അമേരിക്കന്‍ പൗരന്മാര്‍ ആരും ലഭ്യമല്ലെന്ന് തെളിയിക്കേണ്ടതുണ്ട്. നിലവിലുള്ള 30 ദിവസത്തെ റിക്രൂട്ട്‌മെന്റ് കാലയളവ് 90 ദിവസമായി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. കൂടാതെ, പരമ്പരാഗതമായി സണ്‍ഡേ പത്രങ്ങളില്‍ നല്‍കിയിരുന്ന പരസ്യങ്ങള്‍ക്ക് പകരം സംസ്ഥാന തൊഴില്‍ ഏജന്‍സികള്‍, കമ്പനി വെബ്സൈറ്റുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെയുള്ള വിപുലമായ ഡിജിറ്റല്‍ റിക്രൂട്ട്മെന്റ് സംവിധാനത്തിലേക്ക് മാറണം.
തൊഴിലുടമകള്‍ക്ക് മേലുള്ള ഏറ്റവും വലിയ നിയന്ത്രണങ്ങളിലൊന്ന് പിരിച്ചുവിടലുകളുമായി (layoffs) ബന്ധപ്പെട്ടാണ്. നിലവിലുള്ള നിയമപ്രകാരം പേം (PERM) അപേക്ഷ സമര്‍പ്പിക്കുന്നതിന് ആറുമാസം മുമ്പ് സമാനമായ തസ്തികകളില്‍ നിന്ന് പിരിച്ചുവിട്ട അമേരിക്കന്‍ തൊഴിലാളികളെ അറിയിക്കുകയും പരിഗണിക്കുകയും വേണം. എന്നാല്‍ പുതിയ ചട്ടപ്രകാരം ഈ ലുക്ക്-ബാക്ക് കാലയളവ് രണ്ട് വര്‍ഷമായി ദീര്‍ഘിപ്പിക്കുന്നു. ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുള്ള കമ്പനികള്‍ക്ക് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തും.
പല വിഭാഗങ്ങളിലെയും തെരഞ്ഞെടുത്ത പ്രൊഫഷണലുകള്‍ക്ക് ലേബര്‍ മാര്‍ക്കറ്റ് പരിശോധന ഒഴിവാക്കിക്കൊണ്ട് നേരിട്ട് ഇമിഗ്രേഷന്‍ അധികാരികളെ സമീപിക്കാന്‍ അനുവദിച്ചിരുന്ന 'ഷെഡ്യൂള്‍ എ' (Schedule A) ഒഴിവാക്കാനും തൊഴില്‍ വകുപ്പ് ലക്ഷ്യമിടുന്നു. പ്രൊഫഷണല്‍ നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ശാസ്ത്ര-കലാ രംഗങ്ങളിലെ അസാധാരണ കഴിവുള്ള വ്യക്തികള്‍ എന്നിവരാണ് നിലവില്‍ ഈ വിഭാഗത്തിന് കീഴില്‍ വരുന്നത്. ഈ ഇളവ് എടുത്തുകളയുന്നതോടെ ഇവരുടെ ഗ്രീന്‍ കാര്‍ഡ് നടപടികളും കൂടുതല്‍ സങ്കീര്‍ണ്ണമാകും.
ഈ നിയമഭേദഗതിയുടെ ആഘാതം ഏറ്റവുമധികം അനുഭവിക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളായിരിക്കും. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ കണക്കുകള്‍ പ്രകാരം, 2025 അവസാനത്തോടെ ഏകദേശം 10 ലക്ഷത്തോളം ഇന്ത്യക്കാരാണ് എംപ്ലോയ്‌മെന്റ് അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നത്. ഇത് ആകെ ക്യൂവിന്റെ 79 ശതമാനത്തോളം വരും. നിലവിലെ സാഹചര്യത്തില്‍ ഒരു ഇന്ത്യന്‍ അപേക്ഷകന്‍ EB-2 ക്യൂവില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ 179 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ നിയമങ്ങള്‍ കൂടി വരുന്നതോടെ നടപടിക്രമങ്ങള്‍ കൂടുതല്‍ നീളാനും സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ കുറയാനും സാധ്യതയുണ്ട്.
ഐ.ബി.എം ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ഇതിനകം തന്നെ വിസ, ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. നവംബര്‍ 16-ന് പ്രഖ്യാപിച്ച ഈ നിര്‍ദ്ദേശങ്ങള്‍ 60 ദിവസത്തെ പൊതു കൂടിയാലോചനകള്‍ക്ക് ശേഷം അന്തിമ വിജ്ഞാപനമായി മാറുകയാണെങ്കില്‍, അമേരിക്കന്‍ തൊഴില്‍ വിപണിയിലെ വിദേശ കുടിയേറ്റ നയങ്ങളില്‍ അത് ചരിത്രപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
The US Department of Labor has proposed sweeping changes to the PERM process under EB-2 and EB-3 categories, introducing a 90-day recruitment window, a two-year layoff lookback rule, and the elimination of Schedule A exemptions, with profound implications for Indian professionals.
Read DhanamOnline in English
Subscribe to Dhanam Magazine