Begin typing your search above and press return to search.
മൂവായിരം തൊഴിലവസരങ്ങള്‍, 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം, കൊച്ചിക്ക് കരുത്താകാന്‍ യു.എസ്.ടി
പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി കൊച്ചിയില്‍ തുറക്കുന്ന പുതിയ കേന്ദ്രത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ കാംപസിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ മൊത്തം ജീവനക്കാരുടെ എണ്ണം ആറായിരം ആക്കി ഉയര്‍ത്തുകയാണ് പദ്ധതി. നിലവില്‍ കൊച്ചി യു.എസ്.ടിയില്‍ 2,800ഓളം പേര്‍ ജോലി ചെയ്യുന്നു.
കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഫേസ് 2ല്‍ വിശാലമായ ഒന്‍പത് ഏക്കര്‍ സ്ഥലത്താണ് ആറ് ലക്ഷം ചതുരശ്ര അടിയില്‍ 10 ഫ്‌ളോറുകളിലായി യു.എസ്.ടിയുടെ പുതിയ കാമ്പസ് ഉയരുന്നത്. 2027ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്രത്തില്‍ 4,400 ഇരിപ്പിടങ്ങളുണ്ടാകും. ജീവനക്കാര്‍ക്കായി അത്യാധുനിക ജിം, 1,400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും ഉണ്ടാകും.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ത്ത് നിര്‍മിക്കുന്ന കാമ്പസില്‍ ഗ്രീന്‍ എനര്‍ജി ഫലപ്രദമായി ഉപയോഗിക്കാനുള്ള കാര്യങ്ങളും ഉറപ്പു വരുത്തും. കൊച്ചി കാമ്പസ് യാഥാര്‍ത്ഥ്യമായാല്‍ യു.എസ്.ടിയുടെ രാജ്യത്തെ രണ്ടാമത്തെ സ്വന്തം കാമ്പസായി ഇത് മാറും. തിരുവനന്തപുരത്താണ് മറ്റൊരു കാംപ്‌സ് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ കൊച്ചി കാംപസില്‍ നിന്ന് യു.എസ്, യുകെ, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലെ ഇടപാടുകാര്‍ക്കായി ഹെല്‍ത്ത്‌കെയര്‍, റീറ്റെയ്ല്‍, ടെലികോം, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അസറ്റ്മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ സേവനം ലഭ്യമാക്കുന്നുണ്ട്.
1999ല്‍ പ്രവര്‍ത്തനമാരംഭിച്ച യു.എസ്.ടിയുടെ ആസ്ഥാനം തിരുവനന്തപുരമാണ്. ഹൈദരാബാദ്, കൊച്ചി, ബംഗളൂരു, പൂനെ, ചെന്നെ, കോയമ്പത്തൂര്‍, ഡല്‍ഹി, അഹമ്മദാബാദ്, ഹൊസൂര്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.
Next Story
Videos