Begin typing your search above and press return to search.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് സെപ്റ്റംബര്‍ പാദത്തില്‍ ₹63 കോടി ലാഭം; ഓഹരികള്‍ ഇന്ന് ഇടിവില്‍
കൊച്ചി ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 63.39 കോടിയുടെ സംയോജിത ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 58.95 കോടിയില്‍ നിന്ന് 7.5 ശതമാനമാണ് വര്‍ധന. സംയോജിത മൊത്ത വരുമാനം 1,147.91 കോടിയില്‍ നിന്ന് 13 ശതമാനം വര്‍ധനയോടെ 1,298.04 കോടിയുമായി.
അതേസമയം തൊട്ടു മുന്‍പാദവുമായി (ഏപ്രില്‍-ജൂണ്‍) നോക്കുമ്പോള്‍ ലാഭത്തിലും വരുമാനത്തിലും ഇടിവുണ്ടായിട്ടുണ്ട്. ജൂലൈ പാദത്തില്‍ 98.97 കോടി രൂപ ലാഭവും 1,404.01 കോടി രൂപ രേഖപ്പെടുത്തിയിരുന്നു. അതുമായി നോക്കുമ്പോള്‍ വരുമാനത്തില്‍ 12.4 ശതമാനവും ലാഭത്തില്‍ 35.95 ശതമാനവും കുറവുണ്ടായി.
കമ്പനിയുടെ വില്‍പ്പന ചെലവുകളിലും മറ്റും വാര്‍ഷികാടിസ്ഥാനത്തില്‍ 21.87 ശതമാനം വര്‍ധനയുണ്ടായതാണ് ലാഭമാര്‍ജിനില്‍ ഇടിവുണ്ടാക്കിയത്. ഇക്കാലയളവില്‍ പ്രവര്‍ത്തന വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 21.25 ശതമാനം വര്‍ധിച്ചെങ്കിലും പാദാടിസ്ഥാനത്തില്‍ 34.24 ശതമാനം ഇടിഞ്ഞു.
മാതൃകമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഉപകമ്പനികളായ വി-ഗാര്‍ഡ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഗട്‌സ് ഇലക്ട്രോ മെക്ക്, സണ്‍ഫ്‌ളെയിം , അസോസിയേറ്റ് കമ്പനിയായ ഗെഗാഡിന്‍ എനര്‍ജി ലാബ്‌സ് എന്നിവയുടെ സംയോജിത പ്രവര്‍ത്തന ഫലമാണിത്.
ഇലക്ട്രോണിക്‌സ് വിഭാഗമാണ് 18.8 ശതമാനം വളര്‍ച്ചയുമായി വരുമാനത്തില്‍ കൂടുതല്‍ സംഭാവന ചെയ്തത്. ഇലക്ട്രിക്കല്‍സ് വിഭാഗം 16.30 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 10.6 ശതമാനവും വരുമാന വളര്‍ച്ച നേടി.
കഴിഞ്ഞ പാദത്തില്‍ തെക്കേ ഇന്ത്യന്‍ വിപണി 13.6 ശതമാനം വിപണി വളര്‍ച്ച നേടിയപ്പോള്‍ ഉത്തരേന്ത്യന്‍ വിപണിയുടെ വളര്‍ച്ച 16.9 ശതമാനമാണ്.
ഓഹരിയില്‍ ഇടിവ്
സെപ്റ്റംബര്‍പാദ പ്രവര്‍ത്തന ഫലത്തിന്റെ പശ്ചാത്തലത്തില്‍ വി-ഗാര്‍ഡ് ഓഹരി വില ഇന്ന് 1.12 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം ഇതു വരെ 44 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയ ഓഹരിയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഓഹരിയുടെ നേട്ടം 39 ശതമാനവുമാണ്.
മണ്‍സൂണ്‍ കാലം നീണ്ട് നിന്നിട്ടും എല്ലാ വിഭാഗങ്ങളിലും ഇരട്ടയക്ക വളര്‍ച്ച നേടാന്‍ വി-ഗാര്‍ഡിന് സാധിച്ചതായി മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.
Next Story
Videos