റീറ്റെയില്‍ രംഗത്ത് വിജയിക്കാന്‍ എന്തു ചെയ്യണം? ബഹുരാഷ്ട്ര കമ്പനിയുടെ നിക്ഷേപ വാഗ്ദാനം വിജയകരമായി നേടിയെടുത്ത വി.എ. അജ്മല്‍ ബിസിനസ്‌ തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്നു

കേരളത്തിലെ കച്ചവട രംഗത്തുള്ള ഏതൊരാള്‍ക്കും, റീറ്റെയ്ല്‍ രംഗത്തേക്കിറങ്ങാന്‍ തയാറെടുക്കുന്നവര്‍ക്കും പുതിയൊരു ഉള്‍ക്കാഴ്ച തരും, അജ്മലിന്റെ ഈ തുറന്നുപറച്ചില്‍
റീറ്റെയില്‍ രംഗത്ത് വിജയിക്കാന്‍ എന്തു ചെയ്യണം? ബഹുരാഷ്ട്ര കമ്പനിയുടെ നിക്ഷേപ വാഗ്ദാനം വിജയകരമായി നേടിയെടുത്ത വി.എ. അജ്മല്‍ ബിസിനസ്‌
തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്നു
Published on

ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് നിക്ഷേപ വാഗ്ദാനം തേടിയെത്താനും അത് വിജയകരമായി നേടിയെടുക്കാനും പ്രാപ്തമായ വിധത്തില്‍ ഒരു റീറ്റെയ്ല്‍ ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കുന്നത് ചെറിയ കാര്യമല്ല. ഒട്ടേറെ വെല്ലുവിളികളും പ്രതിബന്ധങ്ങളും ആത്മസംഘര്‍ഷങ്ങളുമെല്ലാം ബിസിനസ് വളര്‍ച്ചയുടെ ഈ യാത്രയില്‍ സഹയാത്രികരായി സംരംഭകര്‍ക്കൊപ്പമുണ്ടാകും. ഇതെല്ലാം അനുഭവിച്ചും മറികടന്നും വിജയതീരത്തേക്ക് തുഴഞ്ഞെത്തുന്ന സംരംഭകരോട് സംസാരിച്ചിട്ടുണ്ടോ? സ്വന്തം അനുഭവങ്ങളുടെ തീച്ചൂടുള്ള ഒട്ടേറെ പാഠങ്ങളുണ്ടാകും അവരുടെ വാക്കുകളില്‍. കേരളത്തിലെ റീറ്റെയ്ല്‍ രംഗത്തുണ്ട് ഇതുപോലൊരു വേറിട്ട സഞ്ചാരി- അജ്മല്‍ ബിസ്മി.

ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്ത് വ്യത്യസ്തമായ ശൈലികള്‍ അവതരിപ്പിച്ച അജ്മലിന്റെ സംരംഭക ജീവിതത്തിനെ ത്രസിപ്പിക്കുന്ന ഒരു സിനിമാ കഥയോട് ഉപമിക്കാം. ബിസിനസ് ആശയം കണ്ടെത്തിയത്, വളര്‍ച്ച, ഉന്നതിയില്‍ പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ നിന്ന് വേര്‍പിരിഞ്ഞ് തനിയെ നടത്തം, അവിടെ നിന്ന് വീണ്ടുമൊരു ബിസിനസ് ലോകം കെട്ടിപ്പടുക്കല്‍, കോവിഡ് കാലത്തുള്ള പ്രതിസന്ധികള്‍, ബഹുരാഷ്ട്ര വമ്പനില്‍ നിന്ന് നിക്ഷേപ വാഗ്ദാനം, അത് സാക്ഷാത്ക്കരിക്കാനെടുത്ത പത്ത് മാസങ്ങള്‍ക്കിടയിലുണ്ടായ സംഭവവികാസങ്ങള്‍... ദീര്‍ഘമായ ഒരു സംഭാഷണത്തിലൂടെ ധനവുമായി അടുത്തിടെ ഇക്കാര്യങ്ങളെല്ലാം അജ്മല്‍ പങ്കുവെച്ചു.

ഇന്ന് കേരളത്തിലെ കച്ചവട രംഗത്തുള്ള ഏതൊരാള്‍ക്കും, റീറ്റെയ്ല്‍ രംഗത്തേക്കിറങ്ങാന്‍ തയാറെടുക്കുന്നവര്‍ക്കും പുതിയൊരു ഉള്‍ക്കാഴ്ച തരും, അജ്മലിന്റെ ഈ തുറന്നുപറച്ചില്‍.

പത്രത്തിലെ ക്ലാസിഫൈഡ് പരസ്യങ്ങളും ബിസിനസ് ആശയവും

പഠിച്ചത് എന്‍ജിനീയറിംഗ് ആയിരുന്നെങ്കിലും അജ്മലിന് ഇഷ്ടം ബിസിനസിനോടായിരുന്നു. ഭാര്യാ പിതാവ് വി.എ യൂസഫിനൊപ്പം ഗ്യാസ് പൈപ്പിംഗ് രംഗത്തിറങ്ങിയതും അതുകൊണ്ടാണ്. ഒരു ബിസിനസില്‍ മാത്രം ഒതുങ്ങാന്‍ കൂട്ടാക്കാതെ നിന്ന അജ്മല്‍ 'വിതരണക്കാരെ ആവശ്യമുണ്ട്' പോലുള്ള പരസ്യങ്ങളെല്ലാം നോക്കി ആപ്ലിക്കേഷന്‍ അയക്കും.

''അങ്ങനെയാണ് ഇലക്ട്രോണിക്‌സ്-ഗൃഹോപകരണ ബ്രാന്‍ഡുകളായ എല്‍ജിയുടെ ഡിസ്ട്രിബ്യൂട്ടര്‍, എച്ച്പി എഞ്ചിന്‍ ഓയിലിന്റെ ഡിസ്ട്രിബ്യൂഷന്‍, വീഡിയോകോണിന്റെ സി ആന്‍ഡ് എഫ് എന്നീ മേഖലകളിലേക്ക് എത്തുന്നത്. ബ്രാന്‍ഡുകള്‍ മൊത്തവിതരണക്കാരെയും ബിസിനസ് മീറ്റിംഗുകളില്‍ വിളിക്കുമെങ്കിലും അവിടെ തിളങ്ങിനില്‍ക്കുന്നത് റീറ്റെയ്ല്‍ രംഗത്തുള്ളവരാണ്. റീറ്റെയ്‌ലിന് പൊതു ഇടങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയോട് ആകര്‍ഷണം തോന്നിയാണ് ആ രംഗത്തേക്ക് കടക്കാനുള്ള ചിന്ത വന്നത്. 2003ല്‍ കലൂരില്‍ ജിസിഡിഎയുടെ കെട്ടിട സമുച്ചയത്തിലെ മുറികള്‍ വാടകയ്ക്ക് നല്‍കിയപ്പോള്‍ രണ്ട് നിലകളിലായി 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ഥലം കിട്ടി. 2003 ഡിസംബറില്‍ ബിസ്മി അപ്ലയന്‍സസ് ആരംഭിക്കുന്നത് അങ്ങനെയാണ്.'

'2003 കാലഘട്ടത്തില്‍ കൊച്ചിയുടെ വ്യാപാര സിരാകേന്ദ്രമെന്നാല്‍ എംജി റോഡാണ്. എന്നിട്ട് എന്തുകൊണ്ട് കലൂരില്‍ കടയെടുത്തു?

''വാടക കുറവായിരുന്നു. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരുന്നു. റീറ്റെയ്ല്‍ രംഗത്തേക്ക് കടക്കുന്നവര്‍ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങള്‍ ഇതാണ്. ബിസിനസില്‍ കയറ്റിറക്കങ്ങളുണ്ടാകും. കച്ചവടം കുറഞ്ഞാലും വാടക കൊടുക്കാന്‍ പറ്റണം. അല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല.''

ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനില്‍ സംഭവിച്ച അബദ്ധം

ബിസ്മി അപ്ലയന്‍സസിന്റെ ലോഗോ തയാറാക്കിയതും ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ എടുത്തതുമെല്ലാം അജ്മല്‍ തന്നെ. അക്കാലത്തെ ഒരു ദേശീയ ബ്രാന്‍ഡിന്റെ ലോഗോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിസ്മിയുടെ ലോഗോ അജ്മല്‍ തയാറാക്കിയെടുത്തത്.

''ബിസ്മി അപ്ലയന്‍സസിന്റെ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ എടുത്തപ്പോള്‍ ചില കാര്യങ്ങള്‍ വിട്ടുപോയി. അത് പിന്നീട് പ്രശ്‌നമായി. ഗള്‍ഫ് കേന്ദ്രീകരിച്ച് ഒരു കൂട്ടര്‍ ബിസ്മി എന്ന പേരില്‍ കട തുറന്നു. മറ്റൊരാള്‍ ബിസ്മി ബ്രാന്‍ഡില്‍ അപ്പച്ചട്ടി പോലെ അടുക്കള ഉപകരണങ്ങള്‍ നിര്‍മിച്ച് വില്‍ക്കാന്‍ തുടങ്ങി.

ബിസ്മി അപ്ലയന്‍സസിന്റെ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും ഇവര്‍ക്ക് ഉപകാരമായി. ഇത്തരം ബിസിനസുകള്‍ക്കുള്ള ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഞാന്‍ എടുക്കാതിരുന്നതുകൊണ്ട് നിയമപരമായി തടയാനും സാധിച്ചില്ല. ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കുമ്പോള്‍ ഒന്നും വിട്ടുപോകരുതെന്ന് ഞാന്‍ പഠിച്ചത് അങ്ങനെയാണ്. ഇപ്പോഴത്തെ സംരംഭകര്‍ക്കും ഇത് ബാധകമാണ്.''

ആളെ വിളിച്ചു കയറ്റണം

കലൂരില്‍ കടയെടുത്ത് കച്ചവടം തുടങ്ങിയെങ്കിലും ഒരാള്‍ പോലും കടയിലെത്താത്ത ദിവസങ്ങളുണ്ടായിരുന്നു. ''അക്കാലത്ത് എന്റെ മകള്‍ ചെറുതാണ്. ഭാര്യ ഷബാനി ടിവിയില്‍ ജ്യൂക്ക്ബോക്‌സ് ചാനല്‍ കാണിച്ചാണ് അവള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. പല വീട്ടിലും അതാണ് സ്ഥിതി. ഷബാനിയാണ് എന്നോട് ചോദിച്ചത് മിക്ക വീട്ടിലും സദാ കാണുന്ന ജ്യൂക്ക്ബോക്‌സ് ചാനലില്‍ പരസ്യം കൊടുത്താല്‍ കടയെ കുറിച്ച് കൂടുതല്‍ പേര്‍ അറിയില്ലേയെന്ന്. ഒന്നര ലക്ഷം രൂപയ്ക്ക് ജ്യൂക്ക്ബോക്‌സില്‍ കേരളമെമ്പാടും കേരളമെമ്പാടും പരസ്യം കൊടുത്തു. റീച്ച് ഗംഭീരമായിരുന്നു. കലൂര്‍ ബിസ്മി അപ്ലയന്‍സസില്‍ ആളുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി.''

പരമാവധി ആളുകളെ കടയിലേക്ക് ആകര്‍ഷിക്കാന്‍ ഉല്‍പ്പന്നശ്രേണിയും വലുതാക്കി. ഇലക്ട്രോണിക്‌സ്-ഗൃഹോപകരണ ഷോറൂമുകളില്‍ അക്കാലത്ത് എയര്‍ കണ്ടീഷണര്‍ ഇടം നേടിയിരുന്നില്ല. ബിസ്മിയില്‍ എസി കച്ചവടത്തിന് വെച്ചു. സ്ത്രീകളെ കടയിലെത്തിക്കാന്‍ ക്രോക്കറികള്‍ കൂടി ഉള്‍പ്പെടുത്തി.

''കടയില്‍ എപ്പോഴും ആളുകള്‍ കയറിയിറങ്ങണം. എങ്കില്‍ മാത്രമേ സെയ്ല്‍സ് ടീമംഗങ്ങള്‍ ജാഗരൂകരായി നില്‍ക്കൂ. പരമാവധി ആളുകളെ കടയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഒരുക്കിവെയ്ക്കണം. വരുന്ന എല്ലാവരും സാധനങ്ങള്‍ വാങ്ങണമെന്നില്ല. പക്ഷേ ആളുകള്‍ നിറയെ വരണം. എല്ലാ രംഗത്തും പ്രൊഫഷണലിസം കൊണ്ടുവരുമ്പോള്‍ തന്നെ കച്ചവടം വിജയിക്കാന്‍ ഉടമതന്നെ മുന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കണം. വിപണിയിലെ ഓരോ ചലനവും കൃത്യമായി അറിയാനും ഇതുമൂലം സാധിക്കും.''

ചെലവുകള്‍ കൈപ്പിടിയിലൊതുക്കാന്‍...

അധികം വൈകാതെ ബിസ്മിയുടെ രണ്ടാമത്തെ ഷോറൂം പെരുമ്പാവൂരില്‍ തുറന്നു. ആദ്യ രണ്ടര വര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് 25 കോടിയായി. മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ 100 കോടിയും കവിഞ്ഞു. ശക്തമായ ബാക്ക്എന്‍ഡ് സംവിധാനമാണ് ഈ വിജയത്തിന് ബിസ്മിയെ സഹായിച്ച ഒരു ഘടകം. കേരളത്തിലെ ഇലക്ട്രോണിക്‌സ്-ഗൃഹോപകരണ റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ ആദ്യമായി SAP സോഫ്റ്റ്‌വെയര്‍ ഉള്‍ക്കൊള്ളിച്ചത് ബിസ്മിയാണ്. വിറ്റുവരവ് വര്‍ധിപ്പിക്കാന്‍ അതിവേഗത്തില്‍ കൂടുതല്‍ ശാഖകള്‍ തുറന്ന് ബിസ്മി മുന്നോട്ട് പോകുമ്പോള്‍ തന്നെ ചെലവ് പരിധിക്കുള്ളില്‍ നിര്‍ത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

''കച്ചവട രംഗത്ത് കയറ്റിറക്കങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കണം. ഏറ്റവും വലിയ താഴ്ചയില്‍ പോലും കട മുന്നോട്ട് കൊണ്ടുപോകാന്‍ പാകത്തിലാകണം ചെലവ്. കടയുടെ വാടക, ജീവനക്കാരുടെ വേതനം, മറ്റ് സ്ഥിരം ചെലവുകള്‍ എന്നിവയ്‌ക്കെല്ലാം ഒരു പരിധി മുന്‍കൂട്ടി നിശ്ചയിക്കണം. അതിനുള്ളില്‍ തന്നെ അവ നിര്‍ത്തുകയും വേണം.''

മാള്‍ തംരഗത്തെയും അതിജീവിച്ച്‌

ബിസ്മി അപ്ലയന്‍സസ് അതിവേഗ വളര്‍ച്ചാ പാതയിലൂടെ തന്നെ മുന്നേറി. ശാഖകളുടെ എണ്ണം 11 ആയി. വിറ്റുവരവ് 380 കോടി രൂപയ്ക്കടുത്തും. അക്കാലത്താണ് കൊച്ചിയില്‍ മാള്‍ തരംഗത്തിന് തിരികൊളുത്തുന്നത്. മാളുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ അജ്മല്‍ കൃത്യമായി വിശകലനം ചെയ്തു. സ്വന്തം ബിസിനസില്‍ ഇന്നൊവേറ്റീവായ ബിസിനസ് മോഡല്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു പിന്നീട് അജ്മലിന്റെ യാത്ര. മാളുകള്‍ Tier I നഗരങ്ങളില്‍ ശ്രദ്ധയൂന്നിയപ്പോള്‍ കേരളത്തിലെ Tier II നഗരങ്ങളിലേക്ക് ഫുഡ്, ഇലക്ട്രോണിക്‌സ് റീറ്റെയ്ല്‍ ഫോര്‍മാറ്റുകള്‍ സമന്വയിപ്പിച്ച് പുതിയൊരു ബിസിനസ് മോഡല്‍ അജ്മല്‍ കൊണ്ടുവന്നു. 2015ല്‍ ആലപ്പുഴയില്‍ ഇത്തരത്തിലുള്ള ആദ്യ റീറ്റെയ്ല്‍ ഷോറൂം തുറന്നു. പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്റ്റോറുകള്‍ ആരംഭിച്ചു. 30,000-40,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ Standalone ഹൈപ്പര്‍ സ്റ്റോറുകള്‍ക്കെല്ലാം തന്നെ അതിവിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളുമുണ്ടായിരുന്നു. സംസ്ഥാനത്തെ റീറ്റെയ്ല്‍ രംഗത്ത് പുതിയൊരു പ്രവണതയ്ക്കാണ് അജ്മല്‍ ഇതിലൂടെ തുടക്കമിട്ടത്.

പുതിയ ബ്രാന്‍ഡ് പിറക്കുന്നു

വി.എ യൂസഫും വി.എ അജ്മലും ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പ് കമ്പനിയായിരുന്നു ബിസ്മി. സംസ്ഥാനത്തെ റീറ്റെയ്ല്‍ നൂതനമായ ആശയങ്ങളുമായി മുന്നേറിയ അജ്മല്‍ ഒരു ഘട്ടത്തില്‍ വെച്ച് പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ നിന്ന് വഴിപിരിഞ്ഞു. വിറ്റുവരവ് ഏറെയുള്ള മൂന്ന് ബിസ്മി അപ്ലയന്‍സസ് ഷോറൂമുകള്‍ വി.എ യൂസഫിന് കൈമാറി. ബാധ്യതകളും മറ്റ് ഷോറൂമുകളും അജ്മല്‍ ഏറ്റെടുത്തു. ''ഞാനെന്റെ ബിസിനസ് ജീവിതത്തിലെടുത്ത ഏറ്റവും റിസ്‌കേറിയ തീരുമാനം അതായിരുന്നു. പലരും വിലക്കിയിട്ടും ഞാന്‍ കെട്ടിപ്പടുത്ത ആ ബ്രാന്‍ഡ് ബാധ്യതകളോടെ ഏറ്റെടുത്തു. അന്നങ്ങനെ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ ഇന്ന് കാണുന്നത് പോലുള്ള ബ്രാന്‍ഡ് ഞാന്‍ ഉദ്ദേശിച്ചപോലെ വളര്‍ത്തിയെടുക്കാന്‍ പറ്റില്ലായിരുന്നു,'' അജ്മല്‍ പറയുന്നു.

ഇവിടെ നിന്ന് അജ്മലിന്റെ സംരംഭക യാത്രയുടെ മറ്റൊരു ഘട്ടത്തിന് തുടക്കമായി. ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികള്‍ക്ക് രൂപം നല്‍കി. ഇവ രണ്ടും അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസിന് കീഴിലായി. പ്രഗത്ഭരായ കണ്‍സള്‍ട്ടന്റുമാരുടെ സേവനം തേടിത്തുടങ്ങി. ശക്തമായ ടീം കെട്ടിപ്പടുത്തു. സംഘടിത റീറ്റെയ്ല്‍രംഗത്ത് പുത്തന്‍ പ്രവണതകള്‍ക്ക് തിരികൊളുത്തിക്കൊണ്ട് അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് അതിവേഗം വളര്‍ച്ചാ പാതയിലേക്ക് കടന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ റീറ്റെയ്ല്‍ സ്റ്റോറുകള്‍ തുറന്നു. സ്ഥലമുടമകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടും സ്ഥലം ലീസിനെടുത്തും പുതിയ ഷോറൂമുകള്‍ പടുത്തുയര്‍ത്തി. ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് കുറച്ചുനിര്‍ത്തി ലാഭക്ഷമത ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം.

''എനിക്ക് ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലാണ് ഹരം. അതിന് രൂപം നല്‍കിയാല്‍ പിന്നെ അത് സ്വയം മുന്നോട്ട് പൊയ്‌ക്കോളണം. അതിന് പിന്നാലെ തന്നെ എക്കാലവും നില്‍ക്കുന്നതില്‍ ത്രില്ല് കണ്ടെത്താന്‍ പറ്റിയിരുന്നില്ല. അതുകൊണ്ട് തന്നെ എക്‌സിറ്റ് പ്ലാന്‍ ഇട്ടുകൊണ്ടാണ് അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് കെട്ടിപ്പടുത്തത്. അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് വളര്‍ച്ചയുടെ ഭാഗമായാണ് ഇത്തരം കാര്യങ്ങളെ കണ്ടതും.''

കോവിഡും മത്സരവും പുതിയ നിക്ഷേപവും

കോവിഡ് കാലം റീറ്റെയ്ല്‍ രംഗത്തെയും മാറ്റിമറിച്ചു. കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്ക് കടന്നു. സ്മാര്‍ട്ട് ഫോണ്‍, ഗാഡ്ജറ്റ്‌സ് റീറ്റെയ്ല്‍ രംഗത്ത് നിന്നിരുന്ന റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ ഇലക്ട്രോണിക്‌സ്-ഗൃഹോപകരണ രംഗത്തേക്ക് കൂടി കടന്നു. ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തും ഇലക്ട്രോണിക്‌സ്- ഗൃഹോപകരണ രംഗത്തും മത്സരം ശക്തമായി. മാര്‍ജിന്‍ നാല് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി. 2022ല്‍ അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസിന്റെ യാത്രയിലെ നിര്‍ണായകമായ ആ വഴിത്തിരിവ് സംഭവിച്ചു. ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയുടെ നിക്ഷേപ വാഗ്ദാനം അവരെ തേടിയെത്തി.

''ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപത്തിനായൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കുന്ന സുപ്രധാന കാര്യങ്ങള്‍ അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസിലുണ്ടായിരുന്നു. ഏറ്റവും അത്യാധുനികമായ സോഫ്റ്റ്‌വെയര്‍ സംവിധാനം, ഏറ്റവും കുറഞ്ഞ വാടക, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഏറ്റവും കുറവ്, എച്ച്ആര്‍ സംബന്ധമായി പ്രശ്‌നങ്ങള്‍ യാതൊന്നുമില്ലാത്തത്, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തീരെ കുറവ്, പോസിറ്റീവ് EBITDA, മാന്യമായ വിറ്റുവരവ് എന്നിങ്ങനെ ബഹുരാഷ്ട്ര കമ്പനികള്‍ സൂക്ഷ്മമായി പരിശോധിക്കുന്ന ഘടകങ്ങള്‍ അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസിനുണ്ടായിരുന്നു.''

ആറ് മാസം കൊണ്ട് ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഇത് നീണ്ടുപോയി. ഇതിനിടെ അജ്മല്‍ ബിസ്മിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പത്രവാര്‍ത്തകള്‍ പുറത്തുവന്നു. കമ്പനികളുടെ ലയനങ്ങളും ഏറ്റെടുക്കലുകളും വലിയ തോതില്‍ നടക്കാത്ത കേരളത്തില്‍ അതൊരു നെഗറ്റീവ് സംസാരവിഷയമായി. ഇത് ഗ്രൂപ്പിന് ചെറിയൊരു പ്രതിസന്ധിയും സൃഷ്ടിച്ചു.

''വളരെ പ്രൊഫഷണലായും കണക്കുകള്‍ കൃത്യമായും കൊണ്ടുപോകുന്ന കമ്പനിയായതുകൊണ്ട് കാര്യങ്ങള്‍ സുഗമമായി നടക്കുമെന്ന വിശ്വാസമായിരുന്നു എന്റേത്. പക്ഷേ നിക്ഷേപ സമാഹരണം നടക്കുന്ന ഘട്ടത്തില്‍ അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ വന്നേക്കാം. ട്രാന്‍സിഷന്‍ പീരീഡ് ബുദ്ധിമുട്ടേറിയതാകും. നിക്ഷേപത്തിന് മുന്നിട്ടിറങ്ങുന്നവര്‍ ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് ആദ്യമേ തന്നെ ഒരു പ്ലാന്‍ 'ബി'യും തയാറാക്കിയിരിക്കണം. അല്ലെങ്കില്‍ അങ്ങേയറ്റത്തെ ആത്മസംഘര്‍ഷങ്ങള്‍  അനുഭവിക്കേണ്ടി വരും.''

എന്തായാലും പത്ത് മാസങ്ങള്‍ കൊണ്ട് ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിക്ഷേപം വന്നു. അജ്മല്‍ ഹോള്‍ഡിംഗ്‌സ് എന്ന പുതിയ പ്രസ്ഥാനത്തിന് പിന്നീട് അജ്മല്‍ രൂപം നല്‍കി. ഇന്ന് അതിന് കീഴില്‍ നെട്ടൂര്‍ ആഗ്രോ,ആല്‍പ്‌സ് പ്രോപ്പര്‍ട്ടീസ് എന്നീ രണ്ട് പ്രസ്ഥാനങ്ങളുമുണ്ട്. ഇത് കൂടാതെ ദുബായ് ആസ്ഥാനമായി ഡീസല്‍ ടെക്ക് എന്ന സ്ഥാപനവുമുണ്ട്. തന്ത്രപരമായ പങ്കാളിത്തം, ഏറ്റെടുക്കല്‍ എന്നിവയെല്ലാം മുന്നില്‍ക്കണ്ടുതന്നെയാണ് ഈ പ്രസ്ഥാനങ്ങളെ അജ്മല്‍ വാര്‍ത്തെടുക്കുന്നത്. ''ബ്രാന്‍ഡ് വളര്‍ത്തുന്നതും മൂല്യമുണ്ടാക്കി വില്‍ക്കുന്നതുമൊക്കെ ലോകത്ത് സര്‍വസാധാരണമാണ്. സ്മാര്‍ട്ടായ ബിസിനസ് സ്ട്രാറ്റജിയും അതാണ്.'' അജ്മല്‍ പറയുന്നു.

(This article was originally published in Dhanam Business Magazine June 15th issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com