വേഗത്തിലെത്താം കുറഞ്ഞ നിരക്കില്‍, വന്ദേ സാധാരണ്‍ നവംബര്‍ ആദ്യം ഓടിത്തുടങ്ങിയേക്കും

വന്ദേ ഭാരതിന് പിന്നാലെ സാധാരണക്കാരെ ഉന്നമിട്ട് റെയിൽവേ അവതരിപ്പിക്കുന്ന ട്രെയിൻ സർവീസായ വന്ദേ സാധാരൺ നവംബർ 15ന് മുമ്പ് ഓടിത്തുടങ്ങിയേക്കും. രാജ്യത്തെ ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എ.സി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഇതിനായി തിരഞ്ഞെടുത്ത ഒമ്പത് റൂട്ടുകളില്‍ എറണാകുളം-ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്.

സാധാരണക്കാര്‍ കാര്യമായി ഉപയോഗിക്കാത്ത വന്ദേ ഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് കാരണം സ്ഥിരം യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ പ്രതിസന്ധിക്ക് വന്ദേ സാധാരണിന്റെ വരവ് പരിഹാരമാകും. മംഗലാപുരം-
സാന്റാക്രൂസ്‌,
നാഗര്‍കോവില്‍-ഓഖ എന്നിവ രണ്ടാം ഘട്ടത്തില്‍ പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്. ഇവ മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രയോജനകരമാകും.
റിസര്‍വേഷന്‍ സൗകര്യവും
ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെ സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ അനധികൃതമായി എ.സി കോച്ചുകളില്‍ പ്രവേശിക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത്തരം ആക്ഷേപങ്ങള്‍ കൂടി കണക്കിലെടുത്താണ് റെയില്‍വേ സാധാരണക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ പുറത്തിറക്കുന്നത്. 22 കോച്ചുകളുള്ള വന്ദേ സാധാരണ്‍ ട്രെയിന്‍ കൂടുതല്‍ വേഗത്തിനായി പുഷ്പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചാകും സര്‍
വീ
സ് നടത്തുക. ചില കോച്ചുകളില്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടാകും.
130 കിലോമീറ്റര്‍ വേഗത
65 കോടി രൂപയാണ് വന്ദേ സാധാരണ്‍ ട്രെയിനിന്റെ നിര്‍മാണച്ചെലവ്. തുടക്കത്തില്‍ ആഴ്ചയില്‍ ഒന്നു വീതമുള്ള സര്‍വീസായാകും എറണാകുളം-ഗുവാഹത്തി റൂട്ടില്‍ ആരംഭിക്കുക. പുതിയ കോച്ചുകള്‍ ലഭിക്കുന്നതു വരെ സാധാരണ കോച്ചുകളുമായി സര്‍വിസ് നടത്തും. ഓട്ടമാറ്റിക് വാതിലുകളാകും ട്രെയിനിന് ഉണ്ടാവുക. സി.സി.ടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍ എന്നീ സംവിധാനങ്ങളുമുണ്ടാകും. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റുമുണ്ട്. വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിച്ച ചെന്നൈയിലെ കോച്ച് ഫാക്ടറിയിലാണ് സെമി-ഹൈസ്പീഡ് വിഭാഗത്തില്‍പ്പെടുന്ന വന്ദേ സാധാരണും നിര്‍മിക്കുന്നത്. 1,800 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഇതിന് മണിക്കൂറില്‍ 130 കിലോമീറ്റർ വരെ വേഗത്തില്‍ ഓടാന്‍ സാധിക്കും.

Related Articles

Next Story

Videos

Share it