പച്ചക്കറി താലി ഊണിന് വന്‍ വിലക്കയറ്റം, ചതിച്ചത് ഈ മൂന്ന് സാധനങ്ങള്‍

പച്ചക്കറി വിഭവങ്ങള്‍ മാത്രമുള്ള താലി ഊണിന് കഴിഞ്ഞ മാസം മുന്‍ വര്‍ഷത്തെ ജൂണിനെ 10 ശതമാനം വില ഉയര്‍ന്നതായി റിപ്പോര്‍ട്ട്. സവാള, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കുത്തനെ ഉയര്‍ന്നതാണ് താലി ഊണിന്റെ വില വര്‍ധിപ്പിച്ചത്. അതേ സമയം ഇറച്ചിക്കോഴിയുടെ വില കുറഞ്ഞ്‌ നിന്നത് നോണ്‍ വെജിറ്റേറിയന്‍ താലി ഊണുകളുടെ വില കുറയാനിടയാക്കിയതായി ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആന്‍ഡ് അനാലിസിസിന്റെ പ്രതിമാസ 'റോട്ടി റൈസ് റേറ്റ്' റിപ്പോര്‍ട്ട് പറയുന്നു.

റൊട്ടി, പച്ചക്കറി (ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി), അരി, പരിപ്പ്, തൈര്, സാലഡ് എന്നിവയടങ്ങുന്ന പച്ചക്കറി താലിയുടെ വില 29.4 രൂപയായാണ് പ്ലേറ്റിന് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 26.7 രൂപയായിരുന്നു. ഇക്കഴിഞ്ഞ മേയ് മാസത്തിലെ 27.8 രൂപയുമായി നോക്കുമ്പോഴും വിലയില്‍ വര്‍ധനയുണ്ട്.
ഉത്പാദനക്കുറവും വിലക്കയറ്റവും
കഴിഞ്ഞ മാസം തക്കാളിയുടെ വിലയില്‍ 30 ശതമാനവും ഉരുളക്കിഴങ്ങിന്റെ വിലയില്‍ 59 ശതമാനവും സവാള വിലയില്‍ 46 ശതമാനവുമാണ് വര്‍ധനയുണ്ടായത്.
റാബി സീസണില്‍ വിളവെടുപ്പ് കുറഞ്ഞതാണ് സവാള വിലയില്‍ ഇടിവുണ്ടാക്കിയത്. അതേ സമയം മാര്‍ച്ചില്‍ കാലം തെറ്റിയുണ്ടായ മഴ ഉരുളക്കിഴങ്ങിന്റെ ഉത്പാദനം കുറച്ചു. കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ മുഖ്യ ഉത്പാദന കേന്ദ്രങ്ങളില്‍ ചൂടു കൂടിയതാണ് തക്കാളിഉത്പാദനത്തെ ബാധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിപണിയിലേക്ക് എത്തിയ തക്കാളിയില്‍ 35 ശതമാനത്തോളം കുറവുണ്ടായി.
ഇതുകൂടാതെ അരി വില 13 ശതമാനവും ധാന്യങ്ങളുടെ വില 22 ശതമാനവും ഉയര്‍ന്നതും താലി ഊണിന്റെ വിലയില്‍ പ്രതിഫലിച്ചു.
അതേസമയം നോണ്‍ വെജിറ്റേറിയന്‍ താലികളുടെ വില കഴിഞ്ഞ വര്‍ഷം ജൂണില്‍ 60.5 രൂപയായിരുന്നത് ഈ ജൂണില്‍ 58 രൂപയായി കുറഞ്ഞു. എന്നാൽ മേയ് മാസത്തെ 55.9 രൂപയുമായി നോക്കുമ്പോള്‍ ജൂണില്‍ വില കൂടുതലാണ്.
സാമ്പത്തിക സൂചിക
ദിനവും ഉപയോഗിക്കുന്ന സാധനങ്ങളുടെ വില ഉയരുന്നത് വീട്ട് ചെലവ് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് താലി ഊണിൻ്റെ കണക്കെടുപ്പുകൾ എല്ലാ മാസവും നടത്തുന്നത്. പണപ്പെരുപ്പത്തോത് അറിയാനും അതിനനുസരിച്ച് സാമ്പത്തിക വിദഗ്ധര്‍ക്കും മറ്റും നയതീരുമാനങ്ങള്‍ കൈക്കൊള്ളാനും ഈ കണക്കെടുപ്പ് സഹായിക്കും. ഉയരുന്ന സാധന വില അനുസരിച്ച് ഹോട്ടലുകള്‍ക്കും റസ്റ്റന്റുകള്‍ക്കും വില നിശ്ചയിക്കാനും ഈ കണക്കുകള്‍ സഹായിക്കും.

Related Articles

Next Story

Videos

Share it