സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാം വില 145 രൂപ വര്‍ധിച്ച് 12,595 രൂപയും പവന്‍ വില 1,160 രൂപ ഉയര്‍ന്ന് 1,00,760 രൂപയുമായി.
18 കാരറ്റിന് 120 രൂപ ഉയര്‍ന്ന് 10,355 രൂപയായി. 14 കാരറ്റിന് 8,065 രൂപയും 9 കാരറ്റിന് 5,205 രൂപയുമാണ് വില. വെള്ളി വിലയും കുതിച്ചു മുന്നേറുന്നുണ്ട്. ഗ്രാമിന് ആദ്യമായി 250 രൂപ തൊട്ടു.
ആഗോള വിപണിയിലെ പുതിയ ചലനങ്ങളാണ് സ്വര്‍ണ വിലയില്‍ വലിയ മുന്നേറ്റത്തിന് ഇടയാക്കിയിരിക്കുന്നത്. വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രാജ്യത്തെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (MCX) സ്വര്‍ണവില 1.5% വര്‍ധിച്ചു. എംസിഎക്‌സില്‍ ഫെബ്രുവരി മാസത്തെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.5% ഉയര്‍ന്ന് 10 ഗ്രാമിന് 1,37,750 രൂപഎന്ന നിരക്കിലെത്തി. ഇതേസമയം വെള്ളി മാര്‍ച്ച് ഫ്യൂച്ചേഴ്‌സ് 4.3% ഉയര്‍ന്ന് കിലോയ്ക്ക് 2,46,380 രൂപ എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.
വെനസ്വേലയിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് നടത്തിയ നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ അനിശ്ചിതത്വമുണ്ടാക്കിയിട്ടുണ്ട്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകുന്നതാണ് വില മുന്നേറ്റത്തിന്റെ പ്രധാന കാരണം. എണ്ണ വിതരണത്തിലുണ്ടാകുന്ന തടസങ്ങള്‍ ആഗോള പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭീതിയും സ്വര്‍ണത്തിന് കരുത്തേകുന്നു.
വെനസ്വേലയ്ക്ക് പുറമെ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളും നിക്ഷേപകരെ ജാഗരൂകരാക്കുന്നുണ്ട്. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിച്ചു സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്പര്യം കാണിക്കും.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേബിള്‍കോയിന്‍ വിതരണക്കാരായ ടെതര്‍ കരുതല്‍ ശേഖരത്തിന്റെ ഭാഗമായി വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ബിറ്റ്കോയിന് പുറമെ സ്വര്‍ണത്തിലും വലിയ തോതില്‍ നിക്ഷേപം നടത്താനുള്ള ക്രിപ്‌റ്റോ കമ്പനികളുടെ തീരുമാനം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നു.
അതേസമയം, ഡോളര്‍ സൂചികയിലുണ്ടായ കുത്തനെയുള്ള വര്‍ധന സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് തടസമാകുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ രണ്ടാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ് നിലവില്‍ യുഎസ് ഡോളര്‍ സൂചിക.
യുഎസിലെ നിര്‍ണായക സാമ്പത്തിക കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഐഎസ്എം മാനുഫാക്ചറിംഗ് ഡാറ്റ (ISM Manufacturing data), എഡിപി എംപ്ലോയ്മെന്റ് കണക്കുകള്‍ (ADP employment figures), ജോള്‍ട്ട്‌സ് തൊഴിലവസരങ്ങള്‍ (JOLTS job openings), നോണ്‍-ഫാം പേറോള്‍സ് റിപ്പോര്‍ട്ട് (Non-farm payrolls report) എന്നിവയെല്ലാം വരും ദിവസങ്ങളില്‍ പുറത്തു വരും. യുഎസ് പലിശനിരക്കുകളുടെ ഭാവി എങ്ങോട്ടായിരിക്കും എന്നതിനെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്നതാകും ഈ റിപ്പോര്‍ട്ടുകള്‍.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,750 ഡോളര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും. വിവാഹ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന കുതിച്ചു കയറ്റം കുടുംബങ്ങളെ വലിയ തോതില്‍ ആശങ്കയിലാക്കുന്നുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ വിപണി വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,09,126 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Gold and silver prices surge in Kerala as Venezuela crisis fuels global economic uncertainty
Read DhanamOnline in English
Subscribe to Dhanam Magazine