നിര്‍മാണമേഖലയില്‍ പിന്നില്‍, പക്ഷേ കേരളത്തിന് ലോകോത്തര സാധ്യതകള്‍: നബാര്‍ഡ് ചെയര്‍മാന്‍

കൊച്ചിയില്‍ സംഘടിപ്പിച്ച സിഐഐ കേരള ഫിനാന്‍ഷ്യല്‍ സര്‍വീസസ് സമ്മിറ്റ് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഷാജി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചിയില്‍ സിഐഐ സംഘടിപ്പിച്ച കേരള ഫിനാന്‍ഷ്യല്‍ സര്‍വീസസ് സമ്മിറ്റില്‍ നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കൃഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു.
കൊച്ചിയില്‍ സിഐഐ സംഘടിപ്പിച്ച കേരള ഫിനാന്‍ഷ്യല്‍ സര്‍വീസസ് സമ്മിറ്റില്‍ നബാര്‍ഡ് ചെയര്‍മാന്‍ ഷാജി കൃഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു.
Published on: 

2047ഓടെ 'വികസിത് ഭാരത്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ പ്രതിവര്‍ഷം 9% മുതല്‍ 10% വരെ സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്ന് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) ചെയര്‍മാന്‍ ഡോ. ഷാജി കൃഷ്ണന്‍ പറഞ്ഞു. ഇതിനായി രാജ്യത്തെ ആഭ്യന്തര നിക്ഷേപ അനുപാതം വര്‍ധിപ്പിക്കുകയും രാജ്യത്തെ ഏകദേശം 45 ലക്ഷം കോടി രൂപയുടെ അസംഘടിത പണമിടപാട് സമ്പദ്വ്യവസ്ഥയെ ഔപചാരിക സാമ്പത്തിക മേഖലയുടെ ഭാഗമാക്കുകയും ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) കൊച്ചിയില്‍ സംഘടിപ്പിച്ച 'കേരള ഫിനാന്‍ഷ്യല്‍ സര്‍വീസസ് സമ്മിറ്റ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍കിട നിര്‍മ്മാണ മേഖലയില്‍ പിന്നിലാണെങ്കിലും ഉയര്‍ന്ന മൂല്യമുള്ള വിജ്ഞാന സംരംഭങ്ങള്‍, ടൂറിസം, സുഗന്ധവ്യഞ്ജനങ്ങള്‍, ആരോഗ്യ സംരക്ഷണം, കുടുംബശ്രീ കൂട്ടായ്മകള്‍ എന്നിവ വഴി വളര്‍ച്ച കൈവരിക്കാനുള്ള ലോകോത്തര കഴിവ് കേരളത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഐഐ സതേണ്‍ റീജിയന്‍ മുന്‍ ചെയര്‍മാനും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ബാങ്കിംഗ് മേഖലയുടെ ശക്തമായ സാമ്പത്തിക സ്ഥിതി അദ്ദേഹം കണക്കുകള്‍ സഹിതം വ്യക്തമാക്കി. കേരളത്തിലെ വാണിജ്യ ബാങ്കുകളില്‍ നിലവില്‍ 10.6 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 7.74 ലക്ഷം കോടി രൂപയുടെ വായ്പകളുമുണ്ടെന്ന് നവാസ് മീരാന്‍ പറഞ്ഞു.

ധനകാര്യ മേഖല ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സിഐഐ ബാങ്കിംഗ് & എന്‍ബിഎഫ്‌സി പാനല്‍ കണ്‍വീനര്‍ ശാലിനി വാരിയര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ് മണിയന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സിഇഒയുമായ മഹേഷ് മുരളിധര്‍ പൈ, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി ജോണ്‍സ് ജോര്‍ജ്, ധനലക്ഷ്മി ബാങ്ക് എംഡിയും സിഇഒയുമായ അജിത് കുമാര്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. പോള്‍ തോമസ്, സുസന്ന മുത്തൂറ്റ് തുടങ്ങി ധനകാര്യ മേഖലയിലെ പ്രമുഖര്‍ ഉച്ചകോടിയില്‍ സംസാരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```