

ദുബൈയിലേക്ക് വിസിറ്റിംഗ് വീസയില്‍ പോകുന്നവര്‍ കൈയില്‍ ആവശ്യത്തിന് പണവും മറ്റ് രേഖകളും കരുതിയില്ലെങ്കില്‍ ഇനി വിമാനത്തില്‍ പോലും കയറാനാകാതെ തിരിച്ചു പോരേണ്ടി വരും. പണമായി 3,000 ദിര്‍ഹം, മടക്ക ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ എന്നിവ ഇല്ലാത്തവരെ യു.എ.ഇ പ്രവേശിപ്പിക്കില്ല.
കഴിഞ്ഞ ദിവസം മുതല്‍ യു.എ.ഇ എയര്‍പോര്‍ട്ടുകളില്‍ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് നിരവധി പേരാണ് രാജ്യത്തേക്ക് പ്രവേശിക്കാനാകാതെ കുടുങ്ങിയത്. ഇന്നലെ മുതല്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളിലും വിമാനക്കമ്പനികളുടെ പരിശോധന ആരംഭിച്ചു. കൊച്ചി, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നിരവധി പേര്‍ക്ക് ഇന്നലെ തിരിച്ചു പോരേണ്ടി വന്നു. മടക്ക ടിക്കറ്റും 3,000 ദിര്‍ഹവും കൈയിലുണ്ടായിരുന്നെങ്കിലും യു.എ.ഇയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊപ്പം താമസിക്കുനുദ്ദേശിച്ച പലര്‍ക്കും ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍ ഇല്ലാതിരുന്നതാണ് വിനയായത്.
നിലവിലുള്ള നിബന്ധകള്‍ തന്നെ
ഈ നിബന്ധകള്‍ നിലവിലുള്ളതാണെങ്കിലും ഇതുവരെ കര്‍ശനമായിരുന്നില്ല. എന്നാല്‍ കൊവിഡിനു ശേഷം നിരവധി ആളുകള്‍ സന്ദര്‍ശക വീസയിലെത്തി ജോലി നേടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് യു.എ.ഇ സര്‍ക്കാരിന്റെ നീക്കം. മതിയായ രേഖകകള്‍ കൈവശമില്ലാത്തവരെ യു.എ.ഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മതിയായ യാത്രാ രേഖകളില്ലാത്തവര്‍ യു.എ.ഇയില്‍ എത്തുന്നതിന്റെ ഉത്തരവാദിത്തം വിമാനക്കമ്പികള്‍ക്കായിരിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓരോ യാത്രക്കാര്‍ക്കും 5,000 ദിര്‍ഹം വീതം വിമാനക്കമ്പനികള്‍ പിഴയടയ്‌ക്കേണ്ടി വരും.
സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടത്
എന്നാല്‍ സന്ദര്‍ശക വീസയില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കിയതില്‍ ആശങ്കവേണ്ടെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി ധനം ഓണ്‍ലൈനിനോട് പറഞ്ഞു. സന്ദര്‍ശക വീസയില്‍ യാത്ര ചെയ്യുന്നവര്‍ യു.എ.ഇ നിഷ്‌കര്‍ഷിക്കുന്ന യാത്ര രേഖകള്‍ കൃത്യമായി കരുതിയാല്‍ മതി.
വീസയ്‌ക്കൊപ്പം മൂവായിരം ദിര്‍ഹം, മടക്ക ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് രേഖ എന്നിവയുമുള്ളവര്‍ക്കാണ് യു.എ.ഇയില്‍ പ്രവേശിക്കാന്‍ അനുമതി. യു.എ.ഇയില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവര്‍ അവര്‍ക്കൊപ്പം താമസിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ വീസ, ജോലി വിവരങ്ങൾ, താമസസ്ഥലത്തിന്റെ വിവരങ്ങള്‍, കോണ്‍ടാക്റ്റ് നമ്പര്‍ തുടങ്ങിയ രേഖകള്‍ കരുതണം. അല്ലാതെ വാക്കാല്‍ പറഞ്ഞാല്‍ അത് സ്വീകര്യമാകില്ല. ഒരു മാസത്തെ സന്ദര്‍ശക വീസയ്ക്ക് 3,000 ദിര്‍ഹവും (68,000 രൂപ) രണ്ട് മാസത്തെ സന്ദര്‍ശക വീസകള്‍ക്ക് 5,000 (1,13,000 രൂപ) രൂപയുമാണ് കരുതേണ്ടത്. പണം കൈയില്‍ കരുതുകയോ അല്ലെങ്കില്‍ അത്രയും തുക ചെലവാക്കാനുള്ള അനുമതിയുണ്ടെന്ന് കാണിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് കരുതുകയോ ചെയ്യണം.
Read DhanamOnline in English
Subscribe to Dhanam Magazine