ത്രികോണത്തിലൂടെ വിഴിഞ്ഞം മൂന്ന് ജില്ലകളിലേക്ക് പടരും! ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലും ഉടനെത്തും

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി വലിയ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്
msc ship docked at vizhinjam port
vizhinjam port facebook page
Published on

നിര്‍ദിഷ്ട വിഴിഞ്ഞം-പുനലൂര്‍-കൊല്ലം വികസന ത്രികോണം സംസ്ഥാനത്തിന് പുതിയ വികസന മാതൃകയാകുമെന്ന് പ്രതീക്ഷ. സിംഗപ്പൂര്‍, റോട്ടര്‍ഡാം, ദുബായ് തുറമുഖങ്ങളുടെ മാതൃകയില്‍ വിഴിഞ്ഞത്തെ ലോകോത്തര കയറ്റുമതി - ഇറക്കുമതി (എക്‌സിം) തുറമുഖമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് വികസന ത്രികോണം വിഭാവനം ചെയ്യുന്നത്.

തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വിപണന സാധ്യതകള്‍ കൊല്ലം, പത്തനംതിട്ട എന്നിവയിലേക്ക് കൂടി വ്യാപിക്കുന്ന രീതിയിലാണ് പദ്ധതി. തിരുവനന്തപുരം-പുനലൂര്‍-കൊല്ലം മേഖലയിലെ റോഡ്, റെയില്‍ ഗതാഗത മാര്‍ഗങ്ങള്‍ ശാക്തീകരിക്കുന്നതിനൊപ്പം ഇവയുടെ ചുറ്റും വ്യവസായങ്ങളും വളരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന വികസന ത്രികോണത്തിന് വേണ്ട ഭൂമിയേറ്റെടുക്കലിന് കിഫ്ബി വഴി 1,000 കോടിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നവംബറില്‍ ചേര്‍ന്ന കിഫ്ബി യോഗമാണ് ഇതിന് അനുമതി നല്‍കിയതെങ്കിലും ബജറ്റ് പ്രഖ്യാപനമെന്ന പേരിലാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ലാന്‍ഡ് ബാങ്ക് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലെപ്‌മെന്റ് (ക്ലിക്ക്) പോര്‍ട്ടലും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.

രണ്ട് വര്‍ഷത്തില്‍ റെഡിയാകും

1,456 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന പദ്ധതി രണ്ടുകൊല്ലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ നിര്‍ണായകമാകുന്ന ഇടനാഴി ചരക്കുനീക്കവും എളുപ്പമാക്കും. നിരവധി ട്രാന്‍സ്‌പോര്‍ട്ട് - ലോജിസ്റ്റിക് ഹബ്ബുകള്‍ ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കും. വിഴിഞ്ഞം - കൊല്ലം ദേശീയപാത 66, കൊല്ലം - ചെങ്കോട്ട ദേശീയപാത 744, പുതിയ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത 744, കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈന്‍, പുനലൂര്‍-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിങ്ങനെ മൂന്ന് ദിശകളിലായാണ് ഇടനാഴി നീളുന്നത്. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡും വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോറും പദ്ധതിയുടെ ഭാഗമാകും.

ഏറ്റവും വലിയ ചരക്കുകപ്പല്‍

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തും. ചൈനയില്‍ നിന്നും പുറപ്പെട്ട കപ്പല്‍ മേയ് 24ന് വിഴിഞ്ഞം തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ 2023ലാണ് നീറ്റിലിറക്കിയത്. 399.99 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. 24,346 ടി.ഇ.യു( ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com