615 കപ്പലുകളെത്തിയ ഒരു വര്‍ഷം! വിഴിഞ്ഞത്തിന് നേട്ടം, പുതിയ വരുമാനത്തിന് ഗേറ്റ് വേ കാര്‍ഗോ, റെയില്‍-റോഡ് കണക്ടിവിറ്റി ഇനിയുമായില്ല

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്
msc irina berthed at vizhinjam port
എം.എസ്.സി ഐറീന തീരമടുത്തപ്പോള്‍ VISIT Media
Published on

സമുദ്ര ചരക്കുഗതാഗതത്തില്‍ പുതിയ ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഇതുവരെ 615 കപ്പലുകള്‍ തുറമുഖത്തെത്തിയെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 13.2 ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ്) കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. ആദ്യ വര്‍ഷം 10 ലക്ഷം ടി.ഇ.യു ആയിരുന്നു ലക്ഷ്യം. എന്നാല്‍ ആദ്യ പത്തുമാസം കൊണ്ട് തന്നെ ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യയില്‍ ഇത്രയും വേഗത്തില്‍ 10 ലക്ഷം ടി.ഇ.യു ചരക്ക് നീക്കം സാധ്യമാക്കിയ റെക്കോഡും വിഴിഞ്ഞത്തിന് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ നേട്ടങ്ങള്‍

399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസലുകള്‍ (ULCV) ബെര്‍ത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റേത് തുറമുഖത്തേക്കാളും കൂടുതല്‍ വലിയ കപ്പലുകള്‍ എത്തിയത് വിഴിഞ്ഞത്താണെന്നും മന്ത്രി പറയുന്നു. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള 45 കപ്പലുകളും ഇതില്‍ ഉള്‍പ്പെടുന്നു. 17.1 മീറ്റര്‍ ഡ്രാഫ്റ്റുള്ള എം.എസ്.സി വെറോണയുടെ വരവോടെ ദക്ഷിണേഷ്യയില്‍ ഏറ്റവും ആഴമുള്ള കപ്പലെത്തിയ തുറമുഖമെന്ന റെക്കോര്‍ഡും വിഴിഞ്ഞം സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എം.എസ്.സി ഐറിനയെ വരവേറ്റതും, എംഎസ്സി പലോമയില്‍ ഒരൊറ്റത്തവണ 10,576 ടി.ഇ.യു കൈകാര്യം ചെയ്തതും സുപ്രധാനമായ നേട്ടങ്ങളാണ്.

പ്രവര്‍ത്തനമികവിന്റെ കാര്യത്തിലും വിഴിഞ്ഞം മുന്നിലാണ്. 2025 ഒക്ടോബറില്‍ 28.52 എന്ന ഉയര്‍ന്ന ഗ്രോസ് ക്രെയിന്‍ റേഷ്യോ (GCR) കൈവരിക്കാന്‍ തുറമുഖത്തിന് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ വരുമാന മാര്‍ഗം

വലിയ മദര്‍ഷിപ്പുകളില്‍ എത്തുന്ന ചരക്കുകള്‍ ചെറിയ ഫീഡര്‍ കപ്പലുകളിലേക്ക് മാറ്റുന്ന ട്രാന്‍സ്ഷിപ്പമെന്റ് പ്രവര്‍ത്തനങ്ങളാണ് ഇതുവരെ വിഴിഞ്ഞത്ത് നടന്നിരുന്നത്. തുറമുഖ നടത്തിപ്പുകാരായ അദാനി പോര്‍ട്‌സിന് ഇതില്‍ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തിന് ജി.എസ്.ടി വിഹിതം മാത്രമാണ് ലഭിക്കുന്ന നേട്ടം. എന്നാല്‍ കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ വിഴിഞ്ഞത്ത് ഇന്റര്‍ഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി നല്‍കി. ഇനി മുതല്‍ തുറമുഖത്ത് നിന്ന് ചരക്കുകള്‍ റോഡ്-റെയില്‍ മാര്‍ഗത്തിലൂടെ രാജ്യത്തെവിടെയും കൊണ്ടുപോകാം. ക്രൂചേഞ്ച് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങാന്‍ കഴിയും. ഇതോടെ സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനോടൊപ്പം ലോജിസ്റ്റിക്‌സ് രംഗത്തും വലിയ മാറ്റങ്ങളുണ്ടാകും. ഈ മേഖലയില്‍ പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

റോഡ്-റെയില്‍ വഴിയില്ല

അതേസമയം, തുറമുഖത്തിനെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണവും ബാലരാമപുരത്തേക്കുള്ള റെയില്‍ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. കഴിഞ്ഞ മാസം മുതല്‍ തുറമുഖത്ത് നിന്നും ഗേറ്റ്‌വേ കാര്‍ഗോയുടെ ട്രയല്‍ റണ്‍ നടത്താന്‍ ആലോചിച്ചെങ്കിലും റോഡ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ സാധ്യമായില്ല. ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ബാലരാമപുരം റെയില്‍ പദ്ധതിയും കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടില്ല.

In just one year, Vizhinjam Port has handled 1.32 million TEUs and 615 vessels, marking a major milestone for India’s maritime sector

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com