ജനുവരിയില്‍ വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത് 1.23 ലക്ഷം ടിയുഇ കണ്ടെയ്‌നറുകള്‍; ആഗോള റാങ്കിംഗില്‍ മുന്നേറ്റം

കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള റാങ്കിംഗില്‍ വിഴിഞ്ഞം 83-സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
vizhinjam port
Published on

റെക്കോര്‍ഡുകള്‍ ഭേദിച്ചു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കുതിപ്പ്. ജനുവരിയില്‍ 1.23 ലക്ഷം ടിയുഇ കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. കഴിഞ്ഞ മാസം തുറമുഖം 62 കപ്പലുകള്‍ കൈകാര്യം ചെയ്തു. പ്രതിമാസക്കണക്കില്‍ ഇതും ഏറ്റവും ഉയര്‍ന്ന എണ്ണമാണ്.

മണിക്കൂറില്‍ 30.12 കണ്ടെയ്‌നറുകള്‍ എന്ന ഏറ്റവും ഉയര്‍ന്ന ഗ്രോസ് ക്രെയിന്‍ നിരക്ക് കൈവരിക്കാനും വിഴിഞ്ഞത്തിന് സാധിച്ചു. രാജ്യാന്തര തലത്തില്‍ തന്നെ ജിസിആര്‍ 30നു മുകളില്‍ എത്തുന്നത് മികച്ച നേട്ടമായാണ് കണക്കാക്കുന്നത്.

കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള റാങ്കിംഗില്‍ വിഴിഞ്ഞം 83-സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. വിഴിഞ്ഞത്ത് ഇതുവരെ 740 കപ്പലുകളും 15.70 ലക്ഷം ടിയുഇ ചരക്കും കൈകാര്യം ചെയ്തിട്ടുണ്ട്.

കപ്പലുകളുടെ വരവ് വര്‍ധിക്കുന്നു

ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ തുറമുഖമാണ് വിഴിഞ്ഞം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ദക്ഷിണേഷ്യയിലെ ചുരുക്കം തുറമുഖങ്ങളില്‍ ഒന്നാണിത്. 2024 ഡിസംബര്‍ മുതല്‍ 2026 ജനുവരി വരെ 399 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 50ലധികം അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍ (ULCV) തുറമുഖം കൈകാര്യം ചെയ്തു.

ഈ കാലയളവില്‍ കൈകാര്യം ചെയ്ത 160ലധികം കപ്പലുകള്‍ 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ളവയായിരുന്നു. അതേസമയം 50 കപ്പലുകള്‍ 16 മീറ്ററില്‍ കൂടുതല്‍ ഡ്രാഫ്റ്റുകളോടെ എത്തി.

ദക്ഷിണേഷ്യയില്‍ ഇതുവരെ കൈകാര്യം ചെയ്തതില്‍ വച്ച് ഏറ്റവും ആഴമേറിയ ഡ്രാഫ്റ്റ് കപ്പലായി 17.1 മീറ്ററുമായി എംഎസ്സി വെറോണ മാറി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി ഐറിനയും വിഴിഞ്ഞത്ത് എത്തി. ഈ നേട്ടം കൈവരിക്കുന്നതില്‍ സാങ്കേതികവിദ്യയും തൊഴില്‍ ശക്തിയും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

അദാനി പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി തുറമുഖ വികസനത്തിനായി 16,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കണ്ടെയ്‌നര്‍ ബെര്‍ത്തിന്റെ നീളം 800 മീറ്ററില്‍ നിന്ന് 2,000 മീറ്ററായി വര്‍ധിപ്പിക്കും. അതേസമയം ബ്രേക്ക് വാട്ടര്‍ നീളം ഏകദേശം 3,900 മീറ്ററാകും. 2028ഓടെ പൂര്‍ത്തീകരണം ലക്ഷ്യമിടുന്നു. പൂര്‍ണമായി വികസിപ്പിച്ചുകഴിഞ്ഞാല്‍, 2029ഓടെ വിഴിഞ്ഞത്തിന്റെ ശേഷി 1 ദശലക്ഷം ടിയുഇവില്‍ നിന്ന് 5.7 ദശലക്ഷം ടിയുഇവായി ഉയരും.

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. വരുമാനം 22 ശതമാനം ഉയര്‍ന്ന് 9,705 കോടി രൂപയിലെത്തി. ലാഭമാകട്ടെ മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ നിന്ന് 21 ശതമാനമാണ് ഉയര്‍ന്നത്. 3,043 കോടി രൂപയാണ് മൂന്നാംപാദത്തിലെ ലാഭം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com