സിംഗപ്പൂർ മാതൃകയിൽ വിഴിഞ്ഞവും വളരണമെങ്കിൽ; തുറമുഖത്തിനപ്പുറം കേരളം ചെയ്യേണ്ടത്

വിഴിഞ്ഞം തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം, വികസനപദ്ധതികൾ, ആഗോള തുറമുഖങ്ങളുടെ മാതൃകകൾ എന്നിവ കേരളത്തിന് മുന്നിൽ തുറക്കുന്ന വ്യാപാര, വ്യവസായ, സേവന മേഖലകളിലെ അവസരങ്ങളെക്കുറിച്ച് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമന്‍ വ്യക്തമാക്കുന്നു
Vizhinjam Port Opportunities Explained By CEO Pradeep Jayaraman
ഇൻസൈറ്റിൽ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമന്‍Image Source: Dhanam Business Media
Published on: 

വിഴിഞ്ഞം തുറമുഖം മത്സരിക്കേണ്ടത് തൂത്തുക്കുടിയോടോ, ചെന്നൈ യോടോ അല്ല. സിംഗപ്പൂരിനോടും ദുബായിയോടും ഹോങ്കോങ്ങിനോടുമൊക്കെയാണ്. അതിനുള്ള അവസരം മുന്നിലുണ്ട്. മുതലാക്കാനുള്ള ആര്‍ജവം മാത്രം മതി. ഇന്ത്യയിലെയും ലോകത്തിലെയും പ്രധാന നഗരങ്ങളെ എടുത്തുനോക്കൂ. അവയെല്ലാം വളര്‍ന്ന് വികസിച്ചത് വാണിജ്യത്തിന്റെ കരുത്തിലാണ്. ദുബായ്, സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയവയെല്ലാം തന്നെ വാണിജ്യത്തിന്റെ പിന്‍ബലത്തില്‍ വളര്‍ന്നവയാണ്. സമാനമായ അവസരമാണ് കേരളത്തിന് മുന്നില്‍ ഇപ്പോഴുള്ളത്.

തുറമുഖം കേന്ദ്രീകരിച്ച് വളരുന്ന ലോകത്തിലെ ചില സമ്പദ്‌വ്യവസ്ഥകളെ നമുക്കൊന്ന് വിശകലനം ചെയ്യാം. സിംഗപ്പൂരിനെ തന്നെ ആദ്യമെടുക്കാം. 2025ല്‍ സിംഗപ്പൂര്‍ കൈകാര്യം ചെയ്തത് 44.7 മില്യണ്‍ ടിഇയു (Twenty foot Equivalent Unit) കണ്ടെയ്നറുകളാണ്. 6.11 മില്യണ്‍ ആണ് സിംഗപ്പൂരിന്റെ ജനസംഖ്യ.

പോര്‍ട്ട്, ബങ്കറിങ്, മാരിടൈം ഇന്നവേഷന്‍, ഫിനാന്‍സ്, ട്രേഡ് എന്നിവയുടെ ആഗോള കേന്ദ്രമാണ് സിംഗപ്പൂര്‍. 2025ല്‍ 56.77 മില്യണ്‍ ടണ്‍ മാരിടൈം ഫ്യുവല്‍ സെയ്ല്‍സും ഇവിടെ നടന്നു. ദുബായ് ജബല്‍ അലി തുറമുഖത്തിലൂടെ നടക്കുന്നത് 15.6 മില്യണ്‍ ടിഇയു കണ്ടെയ്നര്‍ നീക്കമാണ്. ദുബായുടെ ജിഡിപിയുടെ 11.5% സംഭാവന ചെയ്യുന്നത് ട്രാന്‍സ്പോര്‍ട്ടും സ്റ്റോറേജുമാണ്. പോര്‍ട്ട്, ട്രേഡ്, ഫ്രീ സോണ്‍, ഇന്‍ഡസ്ട്രി എന്നിവയാണ് ദുബായുടെ വളര്‍ച്ചക്ക് കുതിപ്പ് പകരുന്നത്.

ഹോങ്കോങ് 14+ മില്യണ്‍ ടിഇയു കണ്ടെയ്നര്‍ ചരക്കുനീക്കം നടത്തുന്നു. പോര്‍ട്ട്, ട്രേഡ്, ഫിനാന്‍സ്, സേവന മേഖലകള്‍ ഇവിടെ ശക്തമാണ്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരം വിഴിഞ്ഞം പോര്‍ട്ടും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് 2.1 മില്യണ്‍ ടിഇയു ചരക്കുനീക്കമാണ്. ഇതില്‍ വിഴിഞ്ഞം തനിച്ച് 1.3 മില്യണ്‍ ടിഇയു കണ്ടെയ്നര്‍ ചരക്കുനീക്കം കൈകാര്യം ചെയ്യുന്നു. തുറമുഖങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വളര്‍ച്ചക്കുള്ള വലിയ അവസരമാണ് തുറന്നിടുന്നത്.

സാങ്കേതികത്തികവ്

രാജ്യത്തെ മറ്റ് പ്രമുഖ തുറമുഖങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ വേലിയേറ്റ-വേലിയിറക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാത്ത 18-20 മീറ്റര്‍ പ്രകൃതിദത്ത ആഴമുള്ള തുറമുഖമാണ് വിഴിഞ്ഞം. അതുകൊണ്ടുതന്നെ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസലുകള്‍ക്ക് പോലും വിഴിഞ്ഞത്ത് അടുക്കാം. മാത്രമല്ല, അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരമേയുള്ളൂ വിഴിഞ്ഞം തുറമുഖത്തേക്ക്. വിഴിഞ്ഞത്തിന്റെ തന്ത്രപരമായ സ്ഥാനം കണക്കിലെടുത്ത് ചരക്കുനീക്കത്തിന് പുറമെ മറ്റ് സേവന മേഖലകള്‍, അതായത് ബങ്കറിങ്, ക്രൂ ചേയ്ഞ്ച് സര്‍വീസുകള്‍ എന്നിവയുടെ സാധ്യതയും വിഴിഞ്ഞം തേടുന്നുണ്ട്.

2024 ഡിസംബറിലാണ് വിഴിഞ്ഞത്ത് കൊമേഴ്സ്യല്‍ ഓപറേഷന്‍സ് ആരംഭിക്കുന്നത്. 2025 മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. നിലവില്‍ 1.3 മില്യണ്‍ ടിഇയു കണ്ടെയ്നര്‍ ചരക്ക് കൈകാര്യം ചെയ്യുന്നുണ്ട്. 2026 ഓഗസ്റ്റില്‍ എക്സിം ഓപറേഷന്‍സും തുടങ്ങി. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അടുത്ത രണ്ട്-രണ്ടര വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം പോര്‍ട്ടിന്റെ ശേഷി 5.7 മില്യണ്‍ ടിഇയു ആവും. ഒരു കാര്യം വ്യക്തമായി പറയാം; വികസനം അതിവേഗം നടക്കും. അതിന് അഞ്ചോ, പത്തോ വര്‍ഷം എടുക്കില്ല. രണ്ട്-രണ്ടര വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് സാധ്യമാകും.

ആഗോള വിപണിയിലേക്ക് തുറക്കുന്ന വാതില്‍

രാജ്യാന്തര വിപണിയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്ത്, അത് അത്യാധുനിക വെയര്‍ഹൗസുകളില്‍ സംഭരിച്ച്, പിന്നീട് ഫാക്ടറികളിലെത്തിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി, തിരികെ ആഗോള വിപണിയിലേക്ക് കയറ്റിയയക്കാനുള്ള സൗകര്യം വിഴിഞ്ഞം പോര്‍ട്ടിലൂടെ കേരളത്തിന് മുന്നില്‍ തുറന്നിരിക്കുകയാണ്. അത് സംസ്ഥാനത്തെ സംരംഭകര്‍ ഉപയോഗപ്പെടുത്തണം.

വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള അവസരങ്ങള്‍

  • ട്രേഡ് & ലോജിസ്റ്റിക്സ്: പോര്‍ട്ടിലേക്ക് വരുന്നതും പോകുന്നതുമായ കണ്ടെയ്നറുകളുടെ കൈകാര്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ അവസരങ്ങളുണ്ട്. കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസിങ് രംഗത്തും സാധ്യതയേറെയാണ്.

  • മാരിടൈം സര്‍വീസസ്: കപ്പല്‍ ക്രൂവിന് കപ്പലടുക്കുന്ന തീരത്ത് നിശ്ചിത മണിക്കൂറുകള്‍ ചെലവിടാനുള്ള അനുമതിയുണ്ട്. അവര്‍ക്ക് ജീവിതം ആസ്വദിക്കാനുള്ള അവസരം ഒരുക്കണം. അതുപോലെ വെസല്‍ റിപ്പയറിങ്, ബങ്കറിങ്, സര്‍വെ എന്നിവയെല്ലാം അവസരങ്ങളുണ്ടാക്കും.

  • വ്യാവസായിക വളര്‍ച്ച: ഭക്ഷ്യസംസ്‌കരണം, ഇലക്ട്രോണിക്സ്, അസംബ്ലിങ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, കണ്‍സ്യൂമര്‍ ഗുഡ്സ്

  • തുടങ്ങിയവയെല്ലാം ഇവിടെ ഉല്‍പാദിപ്പിച്ച് കയറ്റുമതി ചെയ്യണം.

  • അനുബന്ധ അവസരങ്ങള്‍: എക്വിപ്മെന്റ് മെയ്ന്റനന്‍സ്, മാന്വല്‍ ലേബര്‍, ബാങ്കിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ഒട്ടേറെ അനുബന്ധ അവസരങ്ങളും പോര്‍ട്ട് തുറന്നിടുന്നുണ്ട്.

  • ടൂറിസം: ക്രൂസ് ടൂറിസം, റെസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവക്കെല്ലാം സാധ്യതയുണ്ട്. ക്രൂസില്‍ വന്നിറങ്ങുന്ന സഞ്ചാരിക്ക് മികച്ച അനുഭവങ്ങള്‍ കിട്ടിയാല്‍ അവര്‍ വീണ്ടും വീണ്ടും കേരളത്തെ തേടിയെത്തും.

ഓട്ടോമേഷന്‍ തൊഴില്‍ കളയുമോ?

വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ തന്നെ ഏറ്റവും വിപുലമായ ഓട്ടോമേഷന്‍ സംവിധാനമൊരുക്കിയിരിക്കുന്ന ഒന്നാണ്. മുമ്പ് മണിക്കൂറുകളെടുത്ത് ചെയ്തിരുന്ന പല ജോലികളും അഞ്ച് മിനിറ്റുകൊണ്ട് ഇപ്പോള്‍ ചെയ്യാം. ഓട്ടോമേഷന്‍ മൂലം ചില വിഭാഗം ജോലിക്കാര്‍ വേണ്ടിവരില്ല. പകരം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് മേഖലയില്‍ വലിയ അവസരങ്ങളുണ്ട്. സൈബര്‍ സുരക്ഷാ രംഗത്തും വലിയ അവസരങ്ങളാണുള്ളത്. ഐടി എനേബ്ള്‍ഡ് മേഖലക്ക് പോര്‍ട്ടില്‍ മുമ്പെന്നത്തേക്കാളും സാധ്യതയുണ്ട്.

(തിരുവനന്തപുരത്ത് ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ധനം ഗ്രോത്ത് സമിറ്റില്‍ കേരളത്തിലെ ഉയര്‍ന്നുവരുന്ന ബിസിനസ് അവസരങ്ങളെ കുറിച്ച് നടത്തിയ പ്രഭാഷണത്തെ ആസ്പദമാക്കി തയാറാക്കിയത്)

(ധനം മാ​ഗസിന്റെ ഒക്ടോബർ 31 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Vizhinjam Port could create new opportunities for Kerala in global trade, logistics, manufacturing, maritime services and tourism.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```