Begin typing your search above and press return to search.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാനായി വി.ജെ കുര്യന്‍ ചുമതലയേറ്റു
കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനായി വി.ജെ കുര്യന്‍ ചുമതലയേറ്റു. 2026 മാര്‍ച്ച് 22 വരെയാണ് കാലാവധി.
ബാങ്കിന്റെ നിലവിലെ ചെയര്‍മാന്‍ സലിം ഗംഗാധരന്റെ കാലാവധി നവംബര്‍ ഒന്നിന് അവസാനിച്ച ഒഴിവിലേക്കാണ് വി.ജെ കുര്യന്‍ എത്തുന്നത്. 2018 മാര്‍ച്ച് 23 മുതല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പി.ആര്‍ ശേഷാദ്രി അടുത്തിടെ ചുമതലയേറ്റിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ചുമതലയേൽക്കുന്നതിൽ വളരെ അഭിമാനമുണ്ടെന്നും സ്വതന്ത്ര ഡയറക്ടർ എന്ന നിലയിൽ 2018 മുതൽ അടുത്തറിയുന്ന ബാങ്കിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പുതിയ ചുമതല കൂടുതൽ ഉത്തരവാദിത്തമുള്ളതാണെന്നും വി.ജെ കുര്യന്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
''അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്ത് വെല്ലുവിളികൾ നേരിടാനും പുതിയ അവസരങ്ങൾ മുതലെടുത്ത് കരുത്തുറ്റ വളർച്ചയുടെ പാതയിൽ തുടരാനുമുള്ള ശേഷി 94 വർഷത്തെ സമ്പന്ന പാരമ്പര്യമുള്ള ബാങ്കിനുണ്ട്. പുതിയ ലക്ഷ്യങ്ങളിലേക്ക് കഴിവുറ്റ ടീമിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം തീർച്ചയായും ആവേശകരമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിയാലിന്റെ അമരക്കാരന്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലിന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടറായിരുന്ന വി.ജെ കുര്യന്‍ 20 വര്‍ഷത്തെ സേവനത്തിനു ശേഷം 2021ലാണ് വിരമിച്ചത്.
ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ്ജ വിമാനത്താവളമെന്നത് ഉള്‍പ്പെടെ സിയാലിനെ ഒട്ടനവധി നേട്ടങ്ങളിലേക്ക് ഉയര്‍ത്തിയത് അദ്ദേഹമാണ്. രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളില്‍ മുന്‍നിരയിലാണ് സിയാല്‍.
1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കുര്യന്‍ മൂവാറ്റുപുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടര്‍ പദവിയും വഹിച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ മേധാവിയായും അഡീഷണല്‍ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
സിയാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സിയാല്‍ ഡ്യൂട്ടി ഫ്രീ റീറ്റെയ്ല്‍ സര്‍വീസസ്, എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ്, കേരള വാട്ടര്‍വെയ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഫേവറിറ്റ് സ്‌പൈസസ് ട്രേഡിംഗ്, കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ എന്നിവയുടെയും ഡയറക്ടര്‍ പദവി വഹിച്ചിട്ടുണ്ട്.
Next Story