തിരക്കിട്ട ജീവിതത്തിനിടയില്‍ ചെറിയൊരു ഇടവേളയെടുത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. പ്രത്യേകിച്ചും 28-50 വയസിനിടയില്‍ പ്രായമുള്ളവര്‍. ആള്‍ക്കൂട്ടമില്ലാത്ത, എന്നാല്‍ കുട്ടികള്‍ക്ക് വേണ്ട സുരക്ഷിതത്വവും സംരക്ഷണവും ഒക്കെ കിട്ടുന്ന, നല്ല ഭക്ഷണവും മറ്റ് അത്യാധൂനിക സൗകര്യങ്ങളും ആസ്വദിക്കാനാകുന്ന നമ്മള്‍ മാത്രമുള്ള ഒരിടം. അങ്ങനെ ഒരിടം തേടി നടന്ന് ഒടുവില്‍ അതിലൊരു സംരംഭക ആശയം കണ്ടെത്തിയ ആളാണ് കോഴിക്കോട് സ്വദേശി വിനോദ് ബാലന്‍. ഇന്‍ഫോസിസില്‍ ജീവനക്കാരനായിരുന്ന വിനോദ് കൂട്ടുകാര്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും സമയം ചെലവിടേണ്ടി വരുമ്പോഴൊക്കെയും ശ്രദ്ധിക്കുക ആള്‍ത്തിരക്കില്ലാത്ത സ്ഥലം തിരഞ്ഞെടുക്കാനാണ്. പക്ഷെ, തിരച്ചിലുകളെല്ലാം ചെന്നെത്തുക ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും തന്നെയായിരിക്കും. ഇതിനൊരു പരിഹാരം എന്ന ആലോചനയാണ് വെക്കേഷന്‍ ഹോംസ് അഥവാ ഹോളിഡേ ഹോംസ് എന്ന ആശയത്തിലേക്ക് വിനോദിനെ എത്തിക്കുന്നത്.
ആദ്യം സ്വന്തമായൊരിടം
ഏതെങ്കിലുമൊരു ഹോളിഡേ ഡെസ്റ്റിനേഷനില്‍ സ്വന്തമായൊരു പ്രോപ്പര്‍ട്ടി വാങ്ങിയിടാനായിരുന്നു ആദ്യം ആലോചന. സുഹൃത്തുക്കളുമായും കുടുംബവുമായുമൊക്കെ ഇടയ്ക്ക് ഒത്തുകൂടാമല്ലോ? ഇതിനായുള്ള അന്വേഷണത്തിനിടെയാണ് കേരളത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും അല്ലാതെയും നിരവധി ആഡംബര വീടുകള്‍ വെറുതെ അടച്ചിട്ടിരിക്കുകയാണെന്ന് മനസിലായത്. അതോടെ ഇവയെ കണക്ട് ചെയ്തു കൊണ്ടൊരു ബ്രാന്‍ഡ് തുടങ്ങാമെന്ന് തീരുമാനിച്ചു.
മൂന്ന് വര്‍ഷം 52 വെക്കേഷന്‍ ഹോമുകള്‍
2021ല്‍ വൊയേ ഹോംസ് എന്ന ബ്രാന്‍ഡില്‍ ആദ്യത്തെ വെക്കേഷന്‍ ഹോം കൊല്ലം മണ്‍റോ തുരുത്തില്‍ ഏറ്റെടുത്ത പ്രോപ്പര്‍ട്ടിയില്‍ തുടങ്ങി. സ്വന്തമായി വെബ്സൈറ്റ് പോലുമില്ലായിരുന്നെങ്കിലും ആദ്യ മാസം തന്നെ വരുമാനം കിട്ടിത്തുടങ്ങി. ആദ്യവര്‍ഷം 12 ലക്ഷം രൂപ മാത്രം വരുമാനം നേടിയ വൊയേ ഹോംസ് 2022ല്‍ ഇത് 4.8 കോടി രൂപയാക്കി. ഇക്കഴിഞ്ഞ വര്‍ഷം അത് 18.90 കോടിയിലുമെത്തി. നിലവില്‍ ഊട്ടി, മൂന്നാര്‍, വയനാട്, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായി 52 വെക്കേഷന്‍ ഹോമുകള്‍ വൊയേ ഹോംസിനുണ്ട്. കോവളം, വര്‍ക്കല എന്നിവിടങ്ങളില്‍ ബീച്ച് സൈഡ് വെക്കേഷന്‍ ഹോമുകളുമുണ്ട്. ഈ വര്‍ഷം വെക്കേഷന്‍ ഹോമുകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
സെലിബ്രിറ്റി വീടുകള്‍ വരെ
വിനോദസഞ്ചാര കേന്ദ്രങ്ങളോടു ചേര്‍ന്നുള്ള വീടുകളാണ് വൊയേ ഹോംസ് ഏറ്റെടുത്ത് വെക്കേഷന്‍ ഹോമുകളാക്കി മാറ്റുന്നത്. വിദേശ മലയാളികളുടെ വീടുകള്‍ മുതല്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ ബംഗ്ലാവുകളും സിനിമാതാരങ്ങളുടെ വീടുകളും വരെ വൊയോ ഹോംസിന്റെ ശൃംഖലയിലുണ്ട്. വീടിന്റെ ഉടമസ്ഥര്‍ക്ക് നിശ്ചിത വരുമാനം വാഗ്ദാനം ചെയ്യുന്നതിനൊപ്പം അവരുടെ പ്രോപ്പര്‍ട്ടിയും അതിനുള്ളിലുള്ള വിലപ്പെട്ട വസ്തുക്കളും സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കപ്പെടുമെന്ന ഉറപ്പും നല്‍കുന്നു. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം അന്വേഷണങ്ങള്‍ വൊയേ ഹോംസിനെ തേടിയെത്തുന്നുണ്ട്.
സമ്പൂര്‍ണ പ്രൈവസി
Experience the Exclusive Private Stays! എന്നതാണ് കമ്പനിയുടെ ടാഗ്ലൈന്‍. കുടുംബവുമായോ സുഹൃത്തുക്കളുമായോ എത്തുന്നവര്‍ക്ക് പൂര്‍ണ പ്രൈവസി ലഭിക്കും. 40 പേരെ വരെ ഉള്‍ക്കൊള്ളാവുന്ന പ്രോപ്പര്‍ട്ടികളുണ്ടെങ്കിലും ഒരു സംഘം അതിഥികളെ മാത്രമെ അനുവദിക്കുകയുള്ളൂ. കൃത്യമായ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വൊയേ ഹോംസിന്റെ വെക്കേഷന്‍ ഹോമുകള്‍ ഒരുക്കുന്നത്. മിക്കവയിലും സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. താല്‍പ്പര്യമുള്ളവര്‍ക്ക് സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാനുള്ള സൗകര്യവും അല്ലാത്തവര്‍ക്ക് കെയര്‍ടേക്കര്‍മാരുടെ സേവനവും ലഭ്യമാണ്. മികച്ച ടോയ്ലറ്റ് സൗകര്യങ്ങള്‍, വൈ-ഫൈ കണക്ടിവിറ്റി, മുഴുവന്‍ സമയ വൈദ്യുത ലഭ്യത എന്നിവയും ഉറപ്പുനല്‍കുന്നു.
ഭാര്യ അഞ്ജലിക്കൊപ്പമാണ് വിനോദ് വൊയേ ഹോംസിന് തുടക്കം കുറിക്കുന്നത്. ചീഫ് ടെക്നോളജി ഓഫീസര്‍ നാസര്‍ അഹമ്മദ്, ഫിനാന്‍സ് മാനേജര്‍ രംഗരാജന്‍, സെന്റര്‍ ഹെഡ്ഡ് ഹസീബ് എന്നിവരടങ്ങുന്നതാണ് വൊയേ ഹോംസ് നേതൃനിര. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകള്‍. വിവിധ പ്രോപ്പര്‍ട്ടികളിലായി എഴുപതോളം ജീവനക്കാരുമുണ്ട്. എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നല്‍കുന്നു. സ്റ്റാര്‍ട്ടപ്പ് മിഷനും ഹെഡ് സ്റ്റാര്‍ട്ടും കൂടി തിരഞ്ഞെടുത്ത 2023ലെ കേരളത്തിലെ മികച്ച 23 സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലും വൊയേ ഹോംസ് ഇടംപിടിച്ചിട്ടുണ്ട്.
(This article was originally published in Dhanam Magazine January 31st issue)