Begin typing your search above and press return to search.
മണപ്പുറം ഫിനാന്‍സില്‍ ഓഹരി ഉയര്‍ത്തി വി.പി നന്ദകുമാര്‍, ഈ വര്‍ഷം ഇത് രണ്ടാം തവണ
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍. രണ്ട് ദിവസങ്ങളിലായി വിപണിയില്‍ നിന്ന് നേരിട്ടാണ് ഒരു ലക്ഷം ഓഹരികള്‍ സ്വന്തമാക്കിയത്.
സെപ്റ്റംബര്‍ 30ന് 50,000 ഓഹരികള്‍ 1.01 കോടി രൂപയ്ക്കും (Rs. 1,01,07,900) ഒക്ടോബര്‍ മൂന്നിന് 50,000 ഓഹരികള്‍ ഒരു കോടി രൂപയ്ക്കുമാണ് (Rs. 1,01,07,900) സ്വന്തമാക്കിയത്. മൊത്തം 2.01 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്. കമ്പനിയുടെ മൊത്തം ഓഹരികളുടെ 0.0059 ശതമാനം വരുമിത്.
ഇക്കഴിഞ്ഞ ജൂണിലും രണ്ട് ദിവസങ്ങളിലായി മൂന്നര ലക്ഷം ഓഹരികള്‍ 5.94 കോടി രൂപയ്ക്ക് വിപണിയില്‍ നിന്ന് വാങ്ങിയിരുന്നു. 2024 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് മണപ്പുറം ഫിനാന്‍സില്‍ 24.58 കോടി ഓഹരികള്‍, അതായത്, 29.04 ശതമാനം ഓഹരി പങ്കാളിത്തമാണ് നന്ദകുമാറിന് ഉണ്ടായിരുന്നത്. കുടുംബാംഗങ്ങളുടേതടക്കം മൊത്തം 35.24 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്.
ഓഹരികള്‍ ഇടിവില്‍
കമ്പനിയുടെ പ്രമോട്ടര്‍മാര്‍ ഓഹരി വാങ്ങുന്നത് കമ്പനിയുടെ ഭാവിയെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് മറ്റ് നിക്ഷേപകരിലും കമ്പനിയെ കുറിച്ചുള്ള വിശ്വാസം ഉയര്‍ത്താന്‍ സഹായിക്കും. അടുത്തിടെ കല്യാണ്‍ ജുവലേഴ്‌സിന്റെ പ്രമോട്ടര്‍മാരും ഇത്തരത്തില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയിരുന്നു.
പ്രമോട്ടര്‍ നിക്ഷേപം ഉയര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ക്കിടയിലും പക്ഷേ, മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് ഇടിവിലാണുള്ളത്. ബാങ്കുകളും എന്‍.ബി.എഫ്.സികളുമടക്കമുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ആര്‍.ബി.ഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് രണ്ട് ദിവസമായി മണപ്പുറം ഓഹരികളെയും ബാധിച്ചിട്ടുണ്ട്. നിലവില്‍ 2.58 ശതമാനം താഴ്ന്ന് 192.30 രൂപയിലാണ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരി 28 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം 12 ശതമാനമാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മണപ്പുറം ഫിനാന്‍സ് 557 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 11.7 ശതമാനമാണ് വളര്‍ച്ച.
Next Story
Videos