

നൂറ് ഷാർകോട്ട് ഫൂട്ട് റീകൺസ്ട്രക്ടീവ് ശസ്ത്രക്രിയകൾ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ കേന്ദ്രമായി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജറി ആൻഡ് പോഡിയാട്രി. 2022-ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രമാണ് ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രമേഹ രോഗികളിൽ കൃത്യമായ രോഗനിർണയമില്ലാതെ വന്നാൽ, ഗുരുതരമായേക്കാവുന്ന രോഗാവസ്ഥയാണ് ഷാർക്കോട്ട് ഫൂട്ടെന്ന് ആശുപത്രിയിലെ ഫൂട്ട് ആൻഡ് ആങ്കിൾ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. രാജേഷ് സൈമൺ പറഞ്ഞു.
ഈ രോഗം കാൽപാദത്തിലെ അസ്ഥികളെയും സന്ധികളെയും ബാധിച്ച് അവയുടെ പ്രവർത്തനം തകരാറിലാക്കിയേക്കാം. ഇതുമൂലം കാൽപാദത്തിന് വൈകല്യം, അസ്ഥിരത, അണുബാധ എന്നിവയുണ്ടാകുന്നു. സമയബന്ധിതമായി രോഗനിർണയവും ചികിത്സയും ലഭിച്ചില്ലെങ്കിൽ കാല് മുറിച്ചുമാറ്റേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം. ഏഷ്യൻ ഫെഡറേഷൻ ഓഫ് ഫൂട്ട് ആൻഡ് ആങ്കിൾ സർജൻസിന്റെ (AFFAS) വൈസ് പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഡോ. രാജേഷ് സൈമൺ.
ഉയർന്ന അപകടസാധ്യതയുള്ള രോഗികളെ തിരിച്ചറിയാനും സങ്കീർണമായ പാദരോഗങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും തങ്ങളുടെ കോംപ്ലക്സ് പോഡിയാട്രിക് ലബോറട്ടറി സഹായിക്കുന്നു. പാദങ്ങളിലെ സെൻസേഷൻ കുറയുന്നതിനാൽ പലപ്പോഴും പ്രമേഹരോഗികൾക്ക് തങ്ങളുടെ കാലുകളിലുണ്ടാകുന്ന പരിക്കുകൾ തിരിച്ചറിയാൻ കഴിയാറില്ലെന്ന് ഫൂട്ട് ആൻഡ് ആങ്കിൾ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. ഡെന്നിസ് പി. ജോസ് പറഞ്ഞു. എന്നാൽ വിശദമായ വാസ്കുലർ, ന്യൂറോപതിക് പരിശോധനകളിലൂടെ അപകടസാധ്യതയുള്ള രോഗികളെ നേരത്തെ തിരിച്ചറിയാനും തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിക്കാനും കഴിയും.
കാൽപാദം മുറിച്ചുമാറ്റുന്ന സ്ഥിതിയിലേക്ക് പോകേണ്ടി വരുന്ന പ്രമേഹ ബാധിതരെ, അതൊഴിവാക്കി സുരക്ഷിതരാക്കാനുള്ള ആശുപത്രിയുടെ പ്രത്യേക ലക്ഷ്യത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. മുൻകൂട്ടിയുള്ള രോഗനിർണയം, പ്രതിരോധ പരിചരണം, തുടർചികിത്സ സൗകര്യങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തി രോഗികൾക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയി, കോർപറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine