

കേരളത്തിൽ ജീവിതശൈലീ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ വി.പി.എസ് ലേക്ഷോർ ആശുപത്രി ആരംഭിച്ച ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്ററിന് സാധിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ. സാംക്രമികേതര രോഗങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തിന് വലിയ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ചലച്ചിത്ര താരം നിഖില വിമൽ വിശിഷ്ടാതിഥിയായിരുന്നു.
വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. റോയ് ജെ. മുക്കട, തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ്, വി.പി.എസ് ലേക്ഷോർ മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. എബി എബ്രഹാം, എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിവേക് മാത്യു, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സ്മിത ജോയ്, കാർഡിയോളജി വിഭാഗം മേധാവി ഡോ. സിബി ഐസക്, ചീഫ് ഡയറ്റീഷ്യൻ ഡോ. മഞ്ജു പി. ജോർജ്, ഫിസിയോതെറാപ്പി വിഭാഗം മാനേജർ പി.വി. മനു, വി.പി.എസ് ലേക്ഷോർ ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ, സി.ഇ.ഒ ജയേഷ് വി.നായർ എന്നിവർ പങ്കെടുത്തു.
പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങൾക്ക് ഏകോപിത ചികിത്സ നൽകുന്നതിനായി ഏഴ് സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളാണ് ഈ സെന്ററിൽ സമന്വയിപ്പിച്ചിരിക്കുന്നത്. എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോളജി, നെഫ്രോളജി, ന്യൂട്രീഷൻ, ഫിസിയോതെറാപ്പി, ഗൈനക്കോളജി എന്നീ മേഖലകളെ സംയോജിപ്പിച്ചാണ് പ്രവർത്തനം. വ്യത്യസ്ത രോഗങ്ങൾക്ക് വെവ്വേറെ ഡോക്ടർമാരെ കാണുന്നതിന് പകരം, സ്റ്റാൻഡേർഡ് മെറ്റബോളിക് പരിശോധനയിലൂടെ രോഗിയുടെ ആകെയുള്ള ആരോഗ്യം വിലയിരുത്താനും സംയോജിത ചികിത്സ നൽകാനും ഇതിലൂടെ സാധിക്കും.
ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേക മെറ്റബോളിക് ഡാഷ്ബോർഡും കളർ കോഡിംഗ് സംവിധാനവുമാണ് (പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്) കേന്ദ്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇത് രോഗിയുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. കൂടാതെ, ബയോപ്സി കൂടാതെ തന്നെ ഫാറ്റി ലിവറും കരളിന്റെ കാഠിന്യവും അളക്കാവുന്ന ഫൈബ്രോസ്കാൻ സാങ്കേതികവിദ്യയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള സേവനങ്ങളും ഫോളോ-അപ്പ് കോഓർഡിനേറ്റർ വഴിയുള്ള ദീർഘകാല തുടർപരിശോധനകളും ലഭ്യമാക്കും.
ഐസിഎംആർ-ഐഎൻഡിഐഎബി (ICMR-INDIAB) പഠനപ്രകാരം കേരളത്തിലെ പ്രായപൂർത്തിയായവരിൽ 25.5% പേർക്ക് പ്രമേഹവും 18.3% പേർക്ക് പ്രീ-ഡയബറ്റിസുമുണ്ട്. രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി സങ്കീർണതകൾ ഒഴിവാക്കാൻ വി.പി.എസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ അബ്ദുള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സമഗ്ര ചികിത്സാ സംവിധാനം രോഗികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine