ഒ-ആം സാങ്കേതികവിദ്യയിലൂടെ കേരളത്തിലെ ആദ്യ അഡൾട്ട് സ്കോളിയോസിസ് ശസ്ത്രക്രിയ; വി.പി.എസ് ലേക്‌ഷോർ ആശുപത്രിക്ക് ചരിത്രനേട്ടം

ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള
VPS Lakeshore Hospital
സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രീതിജ വി.പി.എസ് ലേക്‌ഷോർ സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ, സ്പൈൻ ആൻഡ് സ്‌കോളിയോസിസ് വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, പ്രീതിജയുടെ ഭർത്താവ് ബിനോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്‌ണോയ് എന്നിവർക്കൊപ്പം.
Published on

അത്യാധുനികമായ ഒ-ആം (O-Arm) സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി അഡൾട്ട് സ്കോളിയോസിസ് (നട്ടെല്ലിലെ വളവ്) പരിഹാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചരിത്രം കുറിച്ച് കൊച്ചിയിലെ വി.പി.എസ് ലേക്‌ഷോർ ആശുപത്രി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഈ സങ്കീർണമായ ശസ്ത്രക്രിയ നടന്നത്. അധ്യാപികയായ പ്രീതിജ പി. ചന്ദ്രനാണ് (51) ഈ നൂതന ചികിത്സയിലൂടെ തന്റെ ജീവിതം വീണ്ടെടുത്തത്.

നെട്ടെല്ലിന്റെ അസ്വാഭാവികമായ വളവ് കാരണം നിൽക്കുന്നതിനും നടക്കുന്നതിനും വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഇവർക്ക്, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ശാരീരിക അസ്വസ്ഥതകളിൽ നിന്ന് പൂർണ മുക്തി നേടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിച്ചു. വർഷങ്ങളായി കടുത്ത വേദനയും ബുദ്ധിമുട്ടുകളും സഹിച്ചാണ് താൻ ജീവിച്ചിരുന്നതെന്ന് പ്രീതിജ പറഞ്ഞു. അസന്തുലിതമായ ശരീര ഘടന മൂലം പ്രീതിജയുടെ ദൈനംദിന ജീവിതം വലിയ ബുദ്ധിമുട്ട് നിറഞ്ഞ അവസ്ഥയിലായിരുന്നു.

ഒ-ആം സാങ്കേതികവിദ്യ

ശസ്ത്രക്രിയ നടത്തുന്ന ശരീരഭാഗത്തിന്റെ ഉയർന്ന റെസല്യൂഷനിലുള്ള തത്സമയ 3ഡി ചിത്രങ്ങൾ സർജന് ലഭ്യമാക്കുന്നു എന്നതാണ് ഒ-ആം സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത. ഇത് നെട്ടെല്ലിനായുള്ള ഒരു ജി.പി.എസ് സംവിധാനം പോലെ പ്രവർത്തിക്കുകയും സങ്കീർണമായ ശസ്ത്രക്രിയകളിൽ ഇംപ്ലാന്റുകൾ അതീവ കൃത്യതയോടെയും സുരക്ഷിതമായും സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മുൻകാലങ്ങളിൽ 50 വയസിന് മുകളിലുള്ളവരിൽ ഇത്തരം ശസ്ത്രക്രിയകൾ ഇന്ത്യയിൽ വളരെ അപൂർവമായിരുന്നുവെന്ന് ഡോ. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. വിപുലമായ സൗകര്യങ്ങളുടെയും അവബോധത്തിന്റെയും കുറവായിരുന്നു ഇതിന് പ്രധാന കാരണം. ശസ്ത്രക്രിയയിലൂടെ രോഗിക്ക് നിവർന്നു നിൽക്കാനും വേദനയില്ലാത്ത സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിച്ചതായി ഡോ. കൃഷ്ണകുമാർ പറഞ്ഞു.

കേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ഈ ശസ്ത്രക്രിയ ഒരു പുതിയ നാഴികക്കല്ലാണ്. ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, രോഗിക്ക് ആത്മവിശ്വാസവും ജീവിതവും തിരികെ ലഭിച്ചതാണ് ഏറ്റവും വലിയ അംഗീകാരമെന്നും വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com