കൊച്ചിയിലെ വെള്ളക്കെട്ട്: കോര്‍പ്പറേഷന്റെ അനാസ്ഥ രൂക്ഷമെന്ന് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ട്: കോര്‍പ്പറേഷന്റെ അനാസ്ഥ രൂക്ഷമെന്ന് ഹൈക്കോടതി
Published on

നഗരത്തിലെ ജന ജീവിതം സ്തംഭിക്കാനും കോടികളുടെ ബിസിനസ് നഷ്ടമുണ്ടാകാനും ഇടയാക്കിയ വെള്ളക്കെട്ട് വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നഗരത്തെ സിംഗപ്പൂര്‍ ആക്കണമെന്നല്ല, ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് പറയുന്നതെന്ന് കോടതി വ്യക്തമാക്കി.

നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ നാളെ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.പ്രളയത്തേക്കാള്‍ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തില്‍ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാന്‍ ആരുമില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നിഷ്‌ക്രിയതക്കെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടാവുന്നില്ലെന്നും കോടതി ചോദിച്ചു.

കൊച്ചി നഗരവാസികളുടെ രോദനം നാള്‍ക്കുനാള്‍ കൂടിവരുകയാണെന്നും ഒരു മഴപെയ്ത് തോര്‍ന്നതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വെള്ളത്തില്‍ കഴിയുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. എല്ലാം കോടതി ഇടപെടലിലൂടെ മാത്രമേ ശരിയാകൂ എന്ന് കരുതരുത്. കോര്‍പറേഷന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായാല്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം. മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം ഉപയോഗിച്ച് നഗരസഭ പിരിച്ചുവിടണമെന്നും കോടതി വ്യക്തമാകി. കൊച്ചി നഗരത്തെ സിങ്കപ്പൂര്‍ ആക്കി മാറ്റിയിലെങ്കിലും നല്ല രീതിയില്‍ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണം.

പേരണ്ടൂര്‍ കനാല്‍ കേസിലെ അമിക്കസ് ക്യൂറി അഡ്വ. സുനില്‍ ജോസ് ആണ് ഇന്നലത്തെ കനത്ത മഴയെ തുടര്‍ന്നുണ്ടായ നഗരത്തിലെ സ്ഥിതിവിശേഷം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കരണക്കോടം തോട് കയ്യേറ്റ കേസും നാളെ കോടതി പരിഗണിക്കും. കേസില്‍ അഡ്വ ജനറല്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

നഗരത്തിലെ ഇന്നലത്തെ വെള്ളപ്പൊക്കം മൂലം 300 കോടി രൂപയുടെ ബിസിനസ് നഷ്ടമുണ്ടായതായതായാണ് വ്യാപാരി സംഘടനകളുടെ  വിലയിരുത്തല്‍. മാര്‍ക്കറ്റ് റോഡ്, ജൂഡ് സ്ട്രീറ്റ്, ടിഡി റോഡ്, കോര്‍പ്പറേഷന്‍ ബസാര്‍, ബാനര്‍ജി റോഡ്, എംജി റോഡ്, നോര്‍ത്ത്, സൗത്ത് പ്രദേശങ്ങളിലെ 50 കടകളിലെങ്കിലും മലിന ജലം കടന്നതായി കട ഉടമകള്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ പ്രതിദിനം രണ്ട് കോടി രൂപ വരെ വിറ്റുവരവുള്ള കടകളുണ്ട്്. പ്രതിദിനം ഒരു ലക്ഷം രൂപയുടെ വിറ്റുവരവുള്ള നൂറുകണക്കിന് ചെറിയ സ്ഥാപനങ്ങള്‍ വേറെയും പ്രവര്‍ത്തിക്കുന്നു.

അതിനാല്‍ കേന്ദ്ര ബിസിനസ് ജില്ലയായ കൊച്ചിയില്‍ നിന്നുള്ള മൊത്തം ബിസിനസ് നഷ്ടം ഏകദേശം 300 കോടി രൂപയായിരിക്കണം.കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെസിസിഐ) മുന്‍ ചെയര്‍മാന്‍ രാജ സേതുനാഥിന്റെ അഭിപ്രായത്തില്‍ ശരാശരി ജിഎസ്ടി നിരക്ക് 10% കണക്കാക്കിയാല്‍ സര്‍ക്കാര്‍ ഖജനാവിന് നേരിട്ട നഷ്ടം 30 കോടി രൂപ വരും.

മാലിന്യ സംസ്‌കരണ കാര്യത്തില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പുലര്‍ത്തുന്ന ഉദാസീനത മൂലം ഓടകള്‍ അടഞ്ഞുപോകുന്നതാണ് വെള്ളക്കെട്ടിനു മുഖ്യ കാരണം.

മാലിന്യ സംസ്തരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള സംരംഭകരുണ്ടെങ്കിലും ഈ സാധ്യത മുതലാക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകുന്നില്ല. ഓടകള്‍ സമയത്തിനു വൃത്തിയാക്കാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com