ഷിപ്പിംഗ്, കാര്‍ഗോ നിരക്കുകള്‍ കുതിച്ചുയര്‍ന്നു; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് കേരളത്തില്‍ നിന്നുള്ള കയറ്റുമതി

കേരളത്തിലുണ്ടായ നിപ വൈറസ് ബാധയെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ കാര്‍ഷിക കയറ്റുമതി ഉത്പന്നങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്കും സര്‍ട്ടിഫിക്കേഷനുകള്‍ക്കും കാരണമായി.
ഷിപ്പിംഗ്, കാര്‍ഗോ നിരക്കുകള്‍ കുതിച്ചുയര്‍ന്നു; പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് കേരളത്തില്‍ നിന്നുള്ള കയറ്റുമതി
Published on

മിഡില്‍ ഈസ്റ്റിലെ യുദ്ധവും അനിശ്ചിതത്വവും കേരളത്തിലെ കയറ്റുമതി മേഖലയ്ക്ക് സമ്മാനിച്ചത് കോടികളുടെ വരുമാന നഷ്ടവും തൊഴിലവസരങ്ങളും. ഷിപ്പിംഗ് ചാര്‍ജുകള്‍ ക്രമാതീതമായി വര്‍ധിച്ചതും ഗള്‍ഫില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതും സംസ്ഥാനത്തിന്റെ കയറ്റുമതി മേഖലയ്ക്ക് കടുത്ത പ്രഹരമായി മാറി. കേരള എക്‌സ്‌പോര്‍ട്ട് ഫോറം തയാറാക്കിയ റിപ്പോര്‍ട്ട് പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള പ്രഹരശേഷി വ്യക്തമാക്കുന്നു.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കയറ്റുമതിയില്‍ 200 കോടി രൂപയ്ക്ക് മുകളിലാണ് നഷ്ടമുണ്ടായത്. സമാധാന കരാറില്‍ ഒപ്പിട്ടെങ്കിലും കയറ്റുമതി പഴയതോതില്‍ എത്താന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി ധനംഓണ്‍ലൈനോട് പറഞ്ഞു.

2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2026 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന എയര്‍പോര്‍ട്ടുകളായ കൊച്ചി, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നും കൊച്ചിന്‍ പോര്‍ട്ടില്‍ നിന്നും ഉള്ള പെരിഷബിള്‍ (പെട്ടെന്ന് കേടാകുന്ന വസ്തുക്കള്‍) കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലേക്കുള്ള കയറ്റുമതിയെയും യുദ്ധം ഗുരുതരമായി ബാധിച്ചു.

കൊച്ചിയും കോഴിക്കോടും പിന്നോട്ട്

കേരളത്തിലെ പ്രധാന എയര്‍ കാര്‍ഗോ കേന്ദ്രങ്ങളായ കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി വന്‍തോതില്‍ കുറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.

സിയാല്‍ വഴിയുള്ള കയറ്റുമതി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്ക്‌
സിയാല്‍ വഴിയുള്ള കയറ്റുമതി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്ക്‌

സിയാല്‍ വഴിയുള്ള എയര്‍ കാര്‍ഗോ

ഇക്കാലയളവില്‍ സിയാല്‍ വഴിയുള്ള എയര്‍ കാര്‍ഗോയില്‍ വലിയ ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 3,146.9 മെട്രിക് ടണ്‍ കയറ്റുമതി നടത്തിയ സ്ഥാനത്ത് ഇത്തവണ 2000 മെട്രിക് ടണ്ണായി കുറഞ്ഞു. ഏപ്രിലില്‍ 2992 മെട്രിക് ടണ്ണായി ഉയര്‍ന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ 4370.7 ടണ്ണില്‍ നിന്ന് വളരെ കുറവാണിത്. മെയ് മാസത്തിലും നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കയറ്റുമതി കൂടിയെങ്കിലും പഴയ നിലയിലേക്ക് തിരിച്ചെത്തിയില്ല. മുന്‍വര്‍ഷം മെയ് മാസം 4563.6 ടണ്ണായിരുന്നു കയറ്റുമതി. ഇത്തവണയത് 3065 മെട്രിക് ടണ്‍ മാത്രമായി.

കോഴിക്കോട് വിമാനത്താവളം വഴിയുള്ള കയറ്റുമതി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്ക്‌
കോഴിക്കോട് വിമാനത്താവളം വഴിയുള്ള കയറ്റുമതി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്ക്‌

കോഴിക്കോടിനും തിരിച്ചടി

യുദ്ധത്തിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലെ അഭാവം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതിക്ക് തിരിച്ചടിയായി. 2025 മാര്‍ച്ചില്‍ 2900.96 മെട്രിക് ടണ്‍ കയറിപ്പോയിടത്ത് ഇത്തവണ 1353.2 മെട്രിക് ടണ്ണായി ഒതുങ്ങി.

2025 ഏപ്രിലില്‍ 3818.93 മെട്രിക് ടണ്ണായിരുന്നത് ഇത്തവണ 1690.52 മെട്രിക് ടണ്ണായി താഴ്ന്നു. മെയ് മാസവും കാര്യമായ ഉണര്‍വ് കയറ്റുമതിയില്‍ ഉണ്ടായില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം 3384.42 മെട്രിക് ടണ്‍ ആയിരുന്നത് ഇത്തവണ 1467.96 ടണ്ണായി കുറഞ്ഞു.

കൊച്ചിന്‍ തുറമുഖം വഴിയുള്ള കയറ്റുമതി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്ക്‌
കൊച്ചിന്‍ തുറമുഖം വഴിയുള്ള കയറ്റുമതി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ കണക്ക്‌

കൊച്ചിന്‍ പോര്‍ട്ടു വഴിയുള്ള കടല്‍മാര്‍ഗമുള്ള കയറ്റുമതിയെയും പ്രതിസന്ധി ബാധിച്ചു. ഷിപ്പിംഗ് ചാര്‍ജുകള്‍ എട്ടിരട്ടിയിലധികം വര്‍ധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. 2025 മാര്‍ച്ചില്‍ 13,580 മെട്രിക് ടണ്‍ കയറ്റുമതി നടത്തിയപ്പോള്‍ ഈ വര്‍ഷമിത് 11,238 മെട്രിക് ടണ്ണായി ഇടിഞ്ഞു. 2025 ഏപ്രിലിലെ 11,866 മെട്രിക് ടണ്‍ കയറ്റുമതി ഇത്തവണ 8622 മെട്രിക് ടണ്ണിലേക്ക് കൂപ്പുകുത്തി.

ചില ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയപ്പോള്‍ ഭൂരിഭാഗം പരമ്പരാഗത ഉത്പന്നങ്ങളുടെയും കയറ്റുമതി കുറഞ്ഞു. മുളകുപൊടി, കയര്‍ മാറ്റിംഗ്‌സ്, റഗ്ഗുകള്‍, കയര്‍ ഉത്പന്നങ്ങള്‍, മഞ്ഞള്‍ തുടങ്ങിയവയുടെ ഡിമാന്‍ഡ് ഈ മാസങ്ങളില്‍ കൂടി. എന്നാല്‍, പുസ്തകങ്ങള്‍, ഏലയ്ക്ക, കോട്ടണ്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫ്രോസണ്‍ ഫിഷ് & പ്രോണ്‍സ്, പ്ലൈവുഡ്, ഫര്‍ണിച്ചര്‍, ഇഞ്ചി, കശുവണ്ടിപ്പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതി താഴേക്ക് പോയി.

നിപ ഭീതിയും ചതിച്ചു

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള വിദേശ വിപണികള്‍ ഫൈറ്റോസാനിറ്ററി, ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കേരളത്തിലുണ്ടായ നിപ വൈറസ് ബാധയെക്കുറിച്ചുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ കാര്‍ഷിക കയറ്റുമതി ഉത്പന്നങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്കും സര്‍ട്ടിഫിക്കേഷനുകള്‍ക്കും കാരണമായി. ഇത് കയറ്റുമതിച്ചെലവും സങ്കീര്‍ണത വര്‍ധിപ്പിച്ചുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

കോഴിക്കോട് അക്രഡിറ്റഡ് എക്‌സ്‌പോര്‍ട്ട് ടെസ്റ്റിംഗ് ലബോറട്ടറി ഇല്ലാത്തതിനാല്‍ സാമ്പിളുകള്‍ കൊച്ചി, ബെംഗളൂരു അല്ലെങ്കില്‍ ചെന്നൈ എന്നിവിടങ്ങളിലേക്ക് അയക്കേണ്ടി വരുന്നു. ഇത് സമയം നഷ്ടപ്പെടുത്തുകയും പെട്ടെന്ന് കേടാകുന്ന സാധനങ്ങളുടെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. മലബാര്‍ ഭാഗത്തു നിന്നുള്ള കയറ്റുമതി ഇടിയാന്‍ ഈ പ്രശ്‌നങ്ങളും കാരണമാകുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com