

കിഴക്കമ്പലത്ത് വരുന്നു, അത്യാധുനിക സൗകര്യങ്ങളോടെ വമ്പന്‍ കോള്‍ഡ് സ്റ്റോറേജ് സൗകര്യം. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രയോജനകരമായ ഈ ഇന്റഗ്രേറ്റഡ് കോള്‍ഡ് ചെയ്ന്‍ പ്രോജക്റ്റ് ഒരുക്കുന്നത് വെസ്റ്റ്മാന്‍ സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. കേരളത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ കോള്‍ഡ് ചെയ്ന്‍ സൗകര്യങ്ങളിലൊന്നാകും ഇതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
കോള്‍ഡ് ചെയ്ന്‍, റഫ്രിജറേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ റിനാക് ഇന്ത്യ ലിമിറ്റഡാണ് ഇതിന്റെ കോള്‍ഡ് റൂം, റഫ്രിജറേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഭക്ഷ്യ സംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡയറി, മറൈന്‍, ഹോസ്പിറ്റാലിറ്റി, വ്യാവസായിക റഫ്രിജറേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്കായി ഇന്ത്യയിലുടനീളം അത്യാധുനിക കോള്‍ഡ് ചെയ്ന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രൂപകല്‍പന ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ശ്രദ്ധേയരാണ് റിനാക് ഇന്ത്യ ലിമിറ്റഡ്. റഫ്രിജറേഷന്‍ എന്‍ജിനീയറിങ്ങിലും ടേണ്‍കീ കോള്‍ഡ് സ്റ്റോറേജ് സൊല്യൂഷനുകളിലും പതിറ്റാണ്ടുകളുടെ പരിചയസമ്പത്ത് കമ്പനിക്കുണ്ട്.
6500 മെട്രിക് ടണ്‍ സംഭരണ ശേഷിയാണ് നിര്‍ദിഷ്ട കോള്‍ഡ് ചെയ്ന്‍ പ്രോജക്റ്റിന് ഉദ്ദേശിക്കുന്നത്. 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള എട്ട് സ്വതന്ത്ര ചേംബറുകള്‍ ഈ പ്രോജക്റ്റില്‍ ഉണ്ടാകും. പല്ലറ്റ് സ്റ്റോറേജും റീച്ച് ട്രക്ക് ഓപറേഷന്‍ സൗകര്യങ്ങളോടെയുമാണ് ഇത് ഒരുക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍സ്, പാല്‍ ഉല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, കോഴിയിറച്ചി, റെഡി ടു ഈറ്റ് - റെഡി ടു കുക്ക് ഉല്‍പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ സംഭരണത്തിനും സംരക്ഷണത്തിനും അനുയോജ്യമാണിത്.
പദ്ധതിക്ക് എല്ലാ വകുപ്പുകളില്‍ നിന്നും അനുമതികള്‍ ലഭിച്ചതായും പ്രാഥമിക ജോലികള്‍ ആരംഭിച്ചെന്നും അധികൃതര്‍ പറയുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ നിര്‍മാണ രീതികളാണ് കമ്പനി ഇവിടെയും പിന്തുടരുന്നത്. പ്രത്യേക ട്രാന്‍സ്‌ഫോര്‍മര്‍, ഡിജി ബാക്കപ്പ് സംവിധാനങ്ങള്‍ക്കൊപ്പം റൂഫ്ടോപ് സോളാര്‍ സംവിധാനവും ചേര്‍ത്താണ് പദ്ധതി ഒരുക്കുന്നത്. ഫ്രോസണ്‍ ഫുഡ്, ഫുഡ് പ്രോസസിങ് മേഖലകളിലേക്ക് കടന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അനുയോജ്യമായ താപനില നിയന്ത്രിത പ്രോസസിങ് ഏരിയകള്‍, പാക്കിങ് സോണുകള്‍, ബ്ലാസ്റ്റ് ഫ്രീസറുകള്‍, ക്ലീന്‍ റൂം തുടങ്ങിയവ ഇതിലുണ്ടാകും. ഈ പദ്ധതിയിലൂടെ നൂറോളം പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കൂടാതെ ഇത് ഭക്ഷ്യസുരക്ഷയും ഇന്ത്യയിലെ കോള്‍ഡ് ചെയ്ന്‍ ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് കണക്കുകൂട്ടുന്നു.
കയറ്റുമതി - ഇറക്കുമതി മേഖലക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ വിഴിഞ്ഞം പോര്‍ട്ടിന് സമീപം ഒരുക്കുന്നത് ഉള്‍പ്പെടെ രാജ്യത്ത് ആറിടങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടെ കോള്‍ഡ് ചെയ്ന്‍ പദ്ധതികള്‍ വെസ്റ്റ്മാന്‍ സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ് ഒരുക്കുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
''രാജ്യത്ത് ഭക്ഷ്യ സംരക്ഷണത്തിന്റെയും താപനില നിയന്ത്രിത ലോജിസ്റ്റിക്‌സിന്റെയും ആവശ്യകത വര്‍ധിച്ചുവരികയാണ്. അതിനുള്ള സംയോജിത കോള്‍ഡ് ചെയ്ന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം,'' വെസ്റ്റ് അയര്‍ലന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സ്റ്റീവ് മെയ്ന്‍ പറയുന്നു.
''ഈ പ്രോജക്റ്റ് വെറുമൊരു കോള്‍ഡ് സ്റ്റോറേജ് സൗകര്യം മാത്രമല്ല. ബിസിനസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, കയറ്റുമതിക്കാര്‍, ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ എന്നിവരെ പിന്തുണക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സമ്പൂര്‍ണ കോള്‍ഡ് ചെയ്ന്‍ ഇക്കോസിസ്റ്റം കൂടിയാണ്,'' വെസ്റ്റ്മാന്‍ സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ് ഡയറക്റ്റര്‍ അഖില്‍ ബൈജു ചൂണ്ടിക്കാട്ടുന്നു.
''അത്യാധുനിക റഫ്രിജറേഷന്‍ സംവിധാനങ്ങള്‍, ഗ്രീന്‍ ബില്‍ഡിങ് സങ്കല്‍പങ്ങള്‍, ക്ലീന്‍ റൂം മാനദണ്ഡങ്ങള്‍, ഫ്‌ളെക്‌സിബ്ള്‍ താപനില നിയന്ത്രിത ചേമ്പറുകള്‍ എന്നിവ ഒരേ മേല്‍ക്കൂരക്ക് കീഴില്‍ സമന്വയിപ്പിച്ചുകൊണ്ട് ഭാവിയിലേക്കുള്ള ഒരു സമീപനത്തോടെയാണ് ഈ സൗകര്യം ആസൂത്രണം ചെയ്തിരിക്കുന്നത്,'' വെസ്റ്റ്മാന്‍ സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ് ടെക്‌നിക്കല്‍ ഡയറക്റ്റര്‍ സൂരജ് ആര്‍ നായര്‍ അഭിപ്രായപ്പെടുന്നു.
''കോള്‍ഡ് ചെയ്ന്‍ വ്യവസായത്തിലെ വലിയൊരു നാഴികക്കല്ലാണിതെന്നും വ്യാവസായിക റഫ്രിജറേഷനിലും വന്‍കിട കോള്‍ഡ് സ്റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ചറിലുമുള്ള വിപുലമായ അനുഭവപരിചയം ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഊര്‍ജക്ഷമതയുമുള്ള സംവിധാനം ഒരുക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുന്നു,'' റിനാക് ഇന്ത്യ ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ബി. രവിശങ്കര്‍ പറയുന്നു.
കോള്‍ഡ് സ്റ്റോറേജ്, ഫുഡ് പ്രോസസിങ് മേഖലകളില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും ഭക്ഷ്യവ്യവസായ മേഖലക്കും വലിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം, സംസ്ഥാനത്തിന്റെ കോള്‍ഡ് ചെയ്ന്‍ ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തും,'' റിനാക് ഡയറക്റ്റര്‍ പി. സുകുമാരന്‍ പറയുന്നു.
(Originally published in Dhanam Magazine June 30, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine