രാജഗിരിയുടെ വിജയത്തിന് പിന്നില്‍ എന്താണ്?

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ രംഗത്ത് നിരവധി പുതിയ പ്രവണതകള്‍ക്ക് തുടക്കമിട്ട രാജഗിരി ഹോസ്പിറ്റലിന്റെ വിജയത്തിന്റെ പിന്നിലെ കാരണങ്ങള്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി വിശദീകരിക്കുന്നു
Rajagiri hospital
Published on

''ചികിത്സ ഫലപ്രദമാകണം. അതുപോലെ തന്നെ പ്രധാനമാണ് അത് കാര്യക്ഷമമായിരിക്കുക എന്നതും.'' രാജഗിരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി ഇങ്ങനെ പറയുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ചികിത്സാ ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

എറണാകുളം ജില്ലയിലെ ചുണങ്ങന്‍വേലിയില്‍ രാജഗിരി ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ആശയ രൂപീകരണ ഘട്ടം മുതല്‍ ഇതോടൊപ്പമുള്ള ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി കാര്യക്ഷമമായ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. ഒപ്പം രാജഗിരിയുടെ വിജയത്തിന് പിന്നിലെ ഘടകങ്ങളും.

Q. രാജഗിരി ഹോസ്പിറ്റലിന്റെ തുടക്കം തന്നെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായിട്ടായിരുന്നല്ലോ. ചെറുതായി തുടങ്ങി വലുതായ രീതി ആയിരുന്നില്ല. അത് എന്തുകൊണ്ടായിരുന്നു?

ചുണങ്ങന്‍വേലിയിലെ ഈ സ്ഥലം രണ്ട് മൊണാസ്ട്രികളുടെ കീഴിലുള്ളതായിരുന്നു. രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴില്‍ ഇവിടെ മറ്റൊരു എന്‍ജിനീയറിംഗ് കോളെജ് ആരംഭിക്കാം എന്നതായിരുന്നു പ്രാഥമിക ചിന്ത. കൂടിയാലോചനകളില്‍ ഇവിടെ ഒരു ഹോസ്പിറ്റല്‍ സ്ഥാപിച്ചാലോയെന്ന ആശയം അന്ന് മുന്നോട്ട് വെച്ചു.

അതിനൊരു ബൈബിള്‍ പശ്ചാത്തലവുമുണ്ട്. യേശുക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ ഉദ്‌ബോധനവും സുഖപ്പെടുത്തലുമാണ് പ്രധാനം. രാജഗിരി ഗ്രൂപ്പ്, ഉദ്‌ബോധനം അഥവാ അധ്യയന രംഗത്ത് അടയാളമിട്ടിട്ടുണ്ട്. സുഖപ്പെടുത്തല്‍, ഹീലിംഗ്, ആ രംഗത്തേക്കുള്ള ചുവടുവെയ്പ്പായാണ് ഹോസ്പിറ്റല്‍ രംഗത്തേക്ക് കടന്നത്.

എളിയ നിലയില്‍ തുടങ്ങി, വലുതായി മാറുന്നതിന് പകരം ലോകോത്തര ചികിത്സാ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും താങ്ങാവുന്ന നിരക്കില്‍ നല്‍കാന്‍ സാധിക്കുന്ന ഹോസ്പിറ്റല്‍ കെട്ടിപ്പടുക്കുകയായിരുന്നു ലക്ഷ്യം.

ആശുപത്രി നിര്‍മാണത്തിന്റെ ആദ്യഘട്ടം മുതല്‍ ജെസിഐ, എന്‍എബിഎച്ച് തുടങ്ങി എല്ലാവിധ അക്രഡിറ്റേഷനുകള്‍ക്കും വേണ്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് മുന്നോട്ട് പോയത്. രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ മെഡിക്കല്‍ കോളെജ് എന്നതും ലക്ഷ്യമായിരുന്നു. അതിന് സുസജ്ജമായ ഉന്നത നിലവാരമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വേണമെന്നും തീരുമാനിച്ചിരുന്നു.

Q. അത്യാധുനിക സൗകര്യങ്ങളോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒറ്റയടിക്ക് ആരംഭിക്കുന്നതില്‍ ഒരു റിസ്‌കില്ലേ? അതെങ്ങനെ മറികടന്നു?

ഏതൊരു കാര്യം ചെയ്യുമ്പോഴും ആ രംഗത്തെ പ്രഗത്ഭരുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും തേടി ശാസ്ത്രീയമായി കാര്യങ്ങള്‍ ചെയ്യുക എന്നതാണ് രാജഗിരി ഗ്രൂപ്പിന്റെ ശൈലി. ഞാന്‍ ഹിസ്റ്ററിയാണ് പഠിച്ചത്. പഠിപ്പിച്ചുകൊണ്ടിരുന്നതും ഹിസ്റ്ററിയാണ്. പക്ഷേ അറിയാത്ത മേഖലയിലേക്ക് കടന്നപ്പോള്‍ ആ രംഗത്തെ കുറിച്ച് അറിവുള്ളവരില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടി. പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരുന്നു.

അതോടൊപ്പം അക്രഡിറ്റേഷനുകള്‍ നേടിയെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭം മുതല്‍ തന്നെ തുടങ്ങി. ഓരോ രംഗത്തും ഏറ്റവും അനുയോജ്യമായവരെ കണ്ടെത്തി ചുമതലകള്‍ ഏല്‍പ്പിച്ചു. ക്വാളിറ്റിയില്‍ ഒരിടത്തും വിട്ടുവീഴ്ച ചെയ്തില്ല. ഒപ്പം തന്നെ ടീം വര്‍ക്കും രാജഗിരിയിലുള്ള ജനങ്ങളുടെ വിശ്വാസവും രാജഗിരി ഹോസ്പിറ്റലിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്.

Q. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ക്ക് ടെക്‌നോളജിയുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയുമെല്ലാം കാര്യത്തില്‍ നിരന്തരം നവീകരണവും നിക്ഷേപവും വേണ്ടിവരില്ലേ? മികച്ച ചികിത്സ എങ്ങനെ താങ്ങാവുന്ന നിരക്കില്‍ നല്‍കാനാകും?

ഏറ്റവും മികവുറ്റ പരിചരണം, താങ്ങാവുന്ന നിരക്കില്‍ നല്‍കുക എന്നതാണ് ഹെല്‍ത്ത്കെയര്‍ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ അത് നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. മികവുറ്റ പരിചരണം ലഭ്യമാക്കാന്‍ പ്രഗത്ഭരായ ടീം വേണം. ഒപ്പം മികവുറ്റ ടെക്‌നോളജിയും വേണം. കുറയ്ക്കാന്‍ പറ്റുന്ന ചെലവുകള്‍ പരമാവധി കുറയ്ക്കും. അതുപോലെ തന്നെ ഞങ്ങള്‍ മാര്‍ജിനും പരമാവധി കുറച്ച് കൂടുതല്‍ പേര്‍ക്ക് ചികിത്സകള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധിക്കുന്നു.

മികച്ച ചികിത്സ നല്‍കാനായി വിനിയോഗിക്കപ്പെടുന്ന വിഭവങ്ങളിലും സവിശേഷ ശ്രദ്ധ തന്നെ നല്‍കണം. എങ്കില്‍ മാത്രമേ ചെലവ് നിയന്ത്രിച്ച് കാര്യക്ഷമമായ വിധത്തില്‍ ചികിത്സ നല്‍കാന്‍ സാധിക്കൂ. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ ചികിത്സാ ചെലവ് നിയന്ത്രിച്ച് നിര്‍ത്താനാകും.

Q. ആരോഗ്യ ഇന്‍ഷുറന്‍സ് ഇപ്പോഴും എല്ലാവരിലേക്കും എത്തിയിട്ടില്ലല്ലോ? ഇത് ഒരു വെല്ലുവിളിയല്ലേ?

സര്‍ക്കാരിനും മത-രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും. അതുപോലെ തന്നെ ജനങ്ങളും ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് പണം നീക്കിവെയ്ക്കാന്‍ ഇല്ലാത്തവരുണ്ടാകും. പക്ഷേ ഒരു രോഗം വന്നാല്‍ അവരാകും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുക. അതുകൊണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അത്യാവശ്യമാണെന്ന തിരിച്ചറിവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ജനങ്ങള്‍ കൂടി തയാറാവണം.

Q. മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ കേരളത്തിന് പരമാവധി ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടോ?

രാജഗിരി ഹോസ്പിറ്റലിനെ സംബന്ധിച്ചിടത്തോളം ഇന്റര്‍നാഷണല്‍ പേഷ്യന്റ്‌സില്‍ നിന്നുള്ള വരുമാനം പത്ത് ശതമാനമാണ്. വലിയ ധനാഢ്യന്മാരാണ് വിദേശത്തുനിന്ന് കേരളത്തില്‍ ചികിത്സ തേടി എത്തുന്നതെന്നത് തെറ്റായ ധാരണയാണ്. അവരുടെ രാജ്യങ്ങളില്‍ മതിയായ ചികിത്സാ സൗകര്യമില്ലാത്തതുകൊണ്ട് വരുന്ന സാധാരണക്കാരായ രോഗികള്‍ മാത്രമാണവര്‍.

രാജഗിരിയില്‍ കൂടുതല്‍ വരുന്നത് ഒമാന്‍, മാലിദ്വീപ്, ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവിടെ നടക്കുന്നത് മെഡിക്കല്‍ ടൂറിസമല്ല, മെഡിക്കല്‍ വാല്യു ട്രാവലാണ്. കേരളത്തിലെ പോലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ യഥേഷ്ടമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് സന്നദ്ധസംഘടനകളുടെ സഹായം കൊണ്ട് വരുന്നവരാണ് പലരും. അവര്‍ക്കായി സേവനം നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്.

Q. ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?

നിലവില്‍ 570 കിടക്കകളാണ് ഇവിടെയുള്ളത്. പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അത് 750 ആയി ഉയരും. നിലവില്‍ സമീപ പഞ്ചായത്തുകളിലെ തീര്‍ത്തും നിര്‍ധനരായ കുടുംബങ്ങളിലെ കിടപ്പ് രോഗികള്‍ക്ക് സൗജന്യ പാലിയേറ്റീവ് ഹോം കെയര്‍ സംവിധാനം രാജഗിരി നല്‍കുന്നത് കൂടുതല്‍ ശക്തിപ്പെടുത്തും.

പുതിയ ബ്ലോക്കില്‍ നിര്‍ധനരായവരെ പരിപാലിക്കാന്‍ 30 ബെഡ്ഡുകള്‍ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സജ്ജമാക്കും. ഇത് തികച്ചും സൗജന്യമാണ്. വീടുകളിലെത്തി രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കുന്ന ഹോം കെയര്‍ സേവനങ്ങളും രാജഗിരിക്കുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി 30ലേറെ സെന്ററുകളില്‍ ടെലി-മെഡിസിന്‍ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

ആശുപത്രികളുടെ നിര്‍മാണം, സര്‍ട്ടിഫിക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുമൊക്കെയായി പ്രോജക്റ്റ് കണ്‍സള്‍ട്ടന്‍സി, ഓപ്പറേഷന്‍ കണ്‍സള്‍ട്ടന്‍സി എന്നിവ നല്‍കുന്ന രണ്ട് വിഭാഗങ്ങള്‍ കൂടിയുണ്ട്. നിലവില്‍ ധാക്കയിലും കംമ്പാലയിലുമായി രണ്ട് ആശുപത്രികളുടെ നിര്‍മാണമേല്‍നോട്ടം പ്രോജക്റ്റ് കണ്‍സള്‍ട്ടന്‍സി വിഭാഗം നടത്തുന്നുണ്ട്.

മൗറീഷ്യസിലും ഗോവയിലുമുള്ള രണ്ട് ആശുപത്രികള്‍ക്ക് ഓപ്പറേഷണല്‍ കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുന്നുമുണ്ട്. മാലദ്വീപില്‍ മറ്റൊരു പ്രോജക്റ്റുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കേരളം മുതിര്‍ന്ന പൗരന്മാരുടെ നാടായി മാറുന്ന സാഹ ചര്യം കണക്കിലെടുത്ത് സീനിയര്‍ സിറ്റിസണ്‍സ് ലിവിംഗിനായി ഒരു പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

Q. രാജഗിരി മെഡിക്കല്‍ കോളെജ് സാക്ഷാത്ക്കരിക്കപ്പെടുമോ?

നിലവില്‍ നയപരമായ കാര്യങ്ങള്‍ കൊണ്ടാണ് മെഡിക്കല്‍ കോളെജുകള്‍ക്ക് പുതുതായി അനുമതി ലഭിക്കാത്തത്. ഇക്കാര്യത്തില്‍ മാറ്റം വന്നാല്‍ തീര്‍ച്ചയായും രാജഗിരി ഗ്രൂപ്പ് അനുമതി തേടും. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഇപ്പോഴും രാജഗിരി ഹോസ്പിറ്റല്‍ ഉണ്ട്. ഇവിടെ 12 ഓളം ഡിപ്പാര്‍ട്ട്മെന്റുകളില്‍ ഡിഎന്‍ബി പരിശീലനം നടക്കുന്നുണ്ട്. പ്രമുഖ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ തുടങ്ങാനുള്ള നയപരമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ സ്വകാര്യ മേഖലയ്ക്ക് അതിനുള്ള അനുമതി നല്‍കുകയാണെങ്കില്‍ രാജഗിരി ആ കോഴ്‌സുകള്‍ നടത്താനും സജ്ജമാണ്.

യുകെയിലെ അതിപ്രശസ്തമായ എംആര്‍സിപി പരീക്ഷ പാസാകാനുള്ള നിര്‍ണായക പരിശീലനമായ ഇന്റേണല്‍ മെഡിസിന്‍ ട്രെയ്‌നിംഗ് പ്രോഗ്രാം രാജഗിരിയില്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ജൂലൈയില്‍ ഇത് ആരംഭിക്കാനാകും.

(Originally published in Dhanam Magazine 15 February 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com