

ബിസിനസ് ലോകത്ത് എല്ലാ മാര്‍ക്കറ്റിംഗ് കമ്പനികളും പ്രധാനമായി ശ്രമിക്കുന്നത് ഓരോ ഉപഭോക്താവിന്റെയും കാഴ്ചയെ പിടിച്ചു നിര്‍ത്താനാണ്. ചിലപ്പോഴൊക്കെ, അവര്‍ അഡ്വര്‍ടൈസിംഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ മറന്നു പോകുന്നു. ഒരു ബ്രാന്റ് എന്താണെന്ന് ജനങ്ങളെ വ്യക്തമായി അറിയിക്കുന്നതിനാണ് പരസ്യം ചെയ്യുന്നത്. അത് വളരെ ലളിതവുമാണ്. കമ്മ്യൂണിക്കേഷനില്‍ വ്യക്തത കുറയുമ്പോള്‍ പരസ്യം ഏച്ചുകെട്ടൽ ആയി മാറും. ജനശ്രദ്ധ നേടാന്‍ വേണ്ടിയുള്ളതായി അത് മാറുകയും തിരിച്ചടിയാകുകയും ചെയ്യും. ആവശ്യമില്ലാതെ ധനനഷ്ടമുണ്ടാകുകയും ചെയ്യും.
പ്യൂമ ഒരു അറിയപ്പെടുന്ന പേരാണ്. സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവരുടെ മനസില്‍ ആ പേര് കൊത്തിവെച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ഐക്കണുകളില്‍ ഒരാളായ പിവി സിന്ധുവിനെ അവര്‍ ബ്രാന്റ് അംബാസിഡറായി നിയമിച്ചിരുന്നു. പ്യൂമക്ക് വേണ്ടി സിന്ധു ഒരു പത്രസമ്മേളനം നടത്തിയാല്‍ പോലും വലിയ പ്രചാരം ലഭിക്കും. എന്നാല്‍ പ്യൂമയുടെ മാര്‍ക്കറ്റിംഗ് ടീം അസാധാരണമായ ചില കാര്യങ്ങളാണ് ചിന്തിച്ചത്. ഒരു പക്ഷെ, പ്യൂമ പോലുള്ള ഒരു മികച്ച ബാന്റ് നൂറു വട്ടം ചിന്തിക്കേണ്ട കാര്യമായിരുന്നു അത്. കമ്പനി സ്റ്റോറുകളുടെ പ്രധാന ബോര്‍ഡുകളില്‍ പ്യൂമയുടെ ലോഗോയില്‍ മാറ്റം വരുത്തുകയാണ് അവര്‍ ചെയ്തത്. puma എന്നതിന് പകരം സിന്ധുവിന്റെ പേരെ pv ചേര്‍ത്ത് pvma എന്നാക്കിയാണ് മാര്‍ക്കറ്റിംഗുകാര്‍ മാറ്റിയത്. പ്രതീക്ഷിച്ചതു പോലെ, ഈ നീക്കം ഇന്റര്‍നെറ്റില്‍ വൈറലാകുകയും അവരുടെ പുതിയ അംബാസിഡര്‍ ആരാണെന്ന് ജനങ്ങള്‍ അറിയുകയും ചെയ്തു.
വന്‍ തുക ചിലവാക്കിയുള്ള ആ പരസ്യ തന്ത്രം പ്യൂമ എന്ന ബ്രാന്റിന് സമ്മാനിച്ചതെന്താണ്? സ്റ്റോര്‍ ബോര്‍ഡിലെ പുതിയ പേര് പ്രത്യേകമായ അര്‍ത്ഥമൊന്നുമുള്ളതല്ല. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശരവണ ഭവന്‍, ആര്യാ നിവാസ് തുടങ്ങിയ വ്യാജ പേരുകളില്‍ നിരവധി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പേര് കണ്ട് ഉപഭോക്താക്കള്‍ എത്തുമെന്ന കണക്കുകൂട്ടലിലാണിത്. എന്നാല്‍ ഇവിടെ എന്താണ് റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ്? പ്യൂമ ഇന്ത്യയുടെ മാനേജിംഗ് ഡയരക്ടര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്, ആ പരസ്യതന്ത്രത്തിന്റെ പ്രകടമായ സ്വാധീനം എത്രയെന്ന് അറിയില്ല, എന്നാല്‍ അത് പ്യൂമയെന്ന ബ്രാന്റിനെ ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നാണ്. കമ്പനിയുടെ ഇന്റേണല്‍ മാര്‍ക്കറ്റിംഗ് ടീമാണ് ഇത്തരമൊരു പരസ്യതന്ത്രത്തിന് പിന്നിലെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു. അവരുടെ ബ്രാന്റിംഗ് ഏജന്‍സിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കില്‍, ഒരു പക്ഷെ അവര്‍ മറ്റൊരു കാഴ്ചപ്പാട് നല്‍കിയിരുന്നേനെ.
ചെറുകിട, ഇടത്തരം ബ്രാന്റുകള്‍ക്ക് ഇതില്‍ നിന്ന് പഠിക്കാനുണ്ട്. റീബ്രാന്റിംഗ് ഏറെ പണചിലവുള്ള കാര്യമാണ്. പ്രത്യേകിച്ച് താല്‍കാലികമാണെങ്കില്‍, ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രമുള്ള പരസ്യങ്ങള്‍ക്ക് ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.
ഇത്തരത്തിലുള്ള കാമ്പയിനുകള്‍ കൂടുതല്‍ ബിസിനസ് കൊണ്ടു വരുന്നുണ്ടോ? ബാഡിമിന്റണ്‍ അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ പ്യൂമ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. അവരുടെ സ്റ്റോറുകളില്‍ ഇതിനായി ഒരു ഉപ വിഭാഗം ആരംഭിച്ച് അത് പി.വി സിന്ധുവിനെ കൊണ്ട് പ്രഖ്യാപനം നടത്താമായിരുന്നു. അല്ലെങ്കില്‍, സിന്ധുവിന്റെ പേരില്‍ ഒരു പുതിയ സ്‌പോര്‍ട്‌സ് ഉല്‍പ്പന്നം അവര്‍ക്ക് പുറത്തിറക്കാമായിരുന്നു. പ്യൂമയുടെ ടോപ് മാനേജ്‌മെന്റും, പിവിഎംഎ പരസ്യ കാമ്പയിനിനെ അനുകൂലിക്കുന്നവരായിരുന്നില്ല. ഇത്തരമൊരു കാമ്പയിന്‍ എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് അറിയില്ലെന്നും എന്നാല്‍ ജനങ്ങള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നുമായിരുന്നു അവരുടെ പ്രതികരണം. പ്യൂമയെ പോലെ സാമ്പത്തികമായി ശക്തമായ ഒരു ബ്രാന്റിന് ഇങ്ങനെയെല്ലാം ചെയ്യാന്‍ കഴിയും. എന്നാല്‍ ചെറുകിട, ഇടത്തരം ബ്രാന്റുകള്‍ ഇത് അനുകരിക്കാന്‍ ശ്രമിച്ചാല്‍ പണവും ബ്രാന്റ് ഐഡന്റിറ്റിയും നഷ്ടപ്പെടുകയാകും ഫലം.
അഡ്വര്‍ടൈസിംഗ് വ്യവസായ മേഖലയില്‍ കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നയാളെന്ന നിലക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാനാകും. ബ്രാന്റ് അംബാസിഡറെക്കാള്‍ വലുതാണ് ബ്രാന്റ്. അംബാസിഡറെ വെച്ച് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമക്കുമ്പോഴെല്ലാം ചിലയിടങ്ങളിലെങ്കിലും ബ്രാന്റുകള്‍ക്ക് തിരിച്ചടികളുണ്ടാകും. ബിസിനസ് കൊണ്ടു വരുന്നത് അവരുടെ ബ്രാന്റ് അംബാസിഡര്‍മാരാണെന്ന് ചില മാര്‍ക്കറ്റിംഗ് മേധാവികള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രമുള്ളവരാണ് ബ്രാന്റ് അംബാസിഡര്‍മാര്‍. ഉപഭോക്താവിന് നല്‍കാന്‍ ബ്രാന്റുകളുടെ കയ്യില്‍ എന്തെങ്കിലും ഉണ്ടാവുകയും അത് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമ്പോഴാണ് ബിസിനസ് വളരുന്നത്. ബ്രാന്റുകളുടെ മാര്‍ക്കറ്റിംഗ് തീരുമാനങ്ങളെ അംബാസിഡര്‍മാര്‍ നിഷ്പ്രഭമാക്കുകയും അതുവഴി ബ്രാന്റുകള്‍ക്ക് തിരിച്ചടികളുണ്ടാവുകയും ചെയ്ത നിരവധി അനുഭവങ്ങളുണ്ട്.
കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി 'ഭാവിയുടെ ഉച്ചകോടി എന്ന പേരില്‍ നടത്തിയ കാമ്പയിന്‍. നൂതന മാര്‍ക്കറ്റിംഗ് ആശയങ്ങളുടെ പേരിലുള്ള അമിതാവേശത്തിന്റെ ഉദാഹരണമാണ്. കേരള വിദ്യാഭ്യാസ വിപണിയില്‍ പുതിയ അതിഥിയാണ് ജെയിന്‍ യൂണിവേഴ്സിറ്റി. കേരളം സാക്ഷരതയുടെ കാര്യത്തിലും ഉന്നത വിദ്യാഭ്യാസം തേടുന്നവരുടെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. കാമ്പസ് ആരംഭിച്ചതു മുതല്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി വ്യാപകമായി മാര്‍ക്കറ്റിംഗും പരസ്യ പ്രചാരണവും നടത്തി വരുന്നുണ്ട്. ഉന്നത പഠനത്തിന് കൂടുതല്‍ വിദ്യാര്‍ഥികളെ അകര്‍ഷിക്കാന്‍ ഈ മാര്‍ക്കറ്റിംഗ് സഹായിച്ചിട്ടുണ്ട്. അതിനിടെയാണ് അവര്‍ ഭാവിയുടെ ഉച്ചകോടി (summit of future 2025) എന്ന പേരില്‍ വലിയ ഈവന്റ് നടത്തിയത്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരടക്കം നിരവധി പേര്‍ പങ്കെടുക്കുന്ന വലിയ ഈവന്റ് എന്ന നിലയില്‍ അവര്‍ വേറിട്ട മാര്‍ക്കറ്റിംഗ് തന്ത്രത്തിനാണ് ശ്രമിച്ചത്.
കേരളത്തിലെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജ്, പരസ്യ പേജ് ആക്കാനാണ് അവര്‍ തീരുമാനിച്ചത്. 2050 ല്‍ പുറത്തിറങ്ങുന്ന പത്രത്തിന്റെ ഒന്നാം പേജിലെ വാര്‍ത്തകള്‍ എന്തായിരിക്കുമെന്ന ഭാവനയാണ് ആ പരസ്യ പേജില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ പരസ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വായനക്കാര്‍ പരസ്യത്തിനും അത് പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കുമെതിരെ പ്രതികരിച്ചു. ഭാവനാ വിലാസത്തിനെതിരെ ജനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കുപിതരായി. അന്നത്തെ വാര്‍ത്തയാണെന്ന് വിശ്വസിച്ചാണ് എല്ലാവരും പത്രങ്ങള്‍ വായിച്ചത്. പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു ചെറിയ കോളത്തിലെ മുന്നറിയിപ്പ്. തിരക്കിനിടയില്‍ അധിക പേരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. 'നോട്ടുകള്‍ നിരോധിക്കുകയാണെന്നും ഇനിമുതല്‍ ഡിജിറ്റല്‍ കറന്‍സികളാ'ണെന്നുമുള്ള രീതിയിലുള്ള പ്രധാന വാര്‍ത്ത ജനങ്ങളെ പരിഭ്രാന്തരാക്കി. ഇത് യഥാര്‍ഥ വാര്‍ത്തയാണെന്ന് കരുതി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തവരും നിരവധിയായിരുന്നു. എന്നാല്‍ ഇത് മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, പരസ്യം നല്‍കിയവരും പത്രങ്ങളും തങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു എന്ന പൊതു ബോധമാണ് ജനങ്ങള്‍ക്കുണ്ടായത്.
പിറ്റേന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് പത്രങ്ങളുടെ ഒന്നാം പേജില്‍ തന്നെ ക്ഷമാപണ പരസ്യവും നല്‍കേണ്ടി വന്നു. അപ്പോഴും, വായനക്കാരെ കബളിപ്പിച്ചതിന് പത്രങ്ങള്‍ ക്ഷമാപണം നടത്തിയതായി കണ്ടില്ല. ഇവിടെയും, ചെറുകിട, ഇടത്തരം ബ്രാന്റുകള്‍ക്കുള്ള പാഠമിതാണ്. ജനശ്രദ്ധ നേടാനും ജനങ്ങള്‍ക്കിടയില്‍ സംസാര വിഷയമാകാനും വേണ്ടി മാത്രം ഇത്തരം കാമ്പയിനുകളില്‍ നിങ്ങളുടെ പണം നഷ്ടപ്പെടുത്താതിരിക്കുക. വ്യക്തതയാണ് പരസ്യത്തിന്റെ അടിസ്ഥാനം. നിങ്ങളുടെ ബ്രാന്റിന് ഉപഭോക്താക്കളുടെ മനസില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കണമെങ്കില്‍ അവരെ ആശയകുഴപ്പത്തിലാക്കുകയോ കബളിപ്പിക്കുകയോ ചെയ്യരുത്. ജനശ്രദ്ധ നേടുന്നതല്ല, മറിച്ച അത് നേടിയെടുക്കുന്ന വഴിയാണ് വ്യത്യസ്തമാക്കുന്നത്.
എല്ലാ മേഖലകളിലും എല്ലാവര്‍ക്കും ആശയങ്ങളുണ്ട്. പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും നൂതന പരസ്യ രീതികളും നടപ്പാക്കുമ്പോള്‍, എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ചെറുകിട, ഇടത്തരം സംരംഭത്തിന്റെ നിലനില്‍പ്പിനെ തന്നെ അത് ബാധിക്കും. നൂതന ആശയങ്ങള്‍ക്കുള്ള മന്ത്രമെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇതാണ്; എനിക്ക് പറയാനുള്ളത് എന്താണെന്ന് ചിന്തിക്കുന്നതിന് പകരം, എന്റെ ഉപഭോക്താവ് എന്ത്, എങ്ങനെ കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ചാണ് ബ്രാന്റ് ഉടമകള്‍ ചിന്തിക്കേണ്ടത്. ഉപഭോക്താവിന്റെ വിവേകവും സംവേദനക്ഷമതയുമാണ് നിങ്ങളുടെ നൂതന ആശയം എങ്ങനെ ആശയവിനിമയം ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ചെലവഴിക്കാന്‍ ധാരാളം ഫണ്ടുള്ള വലിയ ബ്രാന്‍ഡുകള്‍ക്ക് പരീക്ഷിച്ചുനോക്കാനും പരാജയപ്പെടാനും കഴിഞ്ഞേക്കാം, പക്ഷേ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല.
Read DhanamOnline in English
Subscribe to Dhanam Magazine