എന്നുവരും സിയാല്‍ ഐപിഒ, കാത്തിരിപ്പ് നീളുന്നത് എന്തുകൊണ്ട്? ഓഹരി ഉടമകളുടെ ചോദ്യം വീണ്ടും സജീവമാകുന്നു; അവകാശികളില്ലാതെ ₹11.58 കോടി

കേരളത്തില്‍ നിന്നുതന്നെ കൂടുതല്‍ സംരംഭങ്ങള്‍ ഓഹരി വിപണിയിലേക്ക് എത്തി ലിസ്റ്റഡ് പദവി നേടിയെടുക്കാന്‍ നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ സിയാല്‍ ലിസ്റ്റിംഗ് എന്ന് എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുകയാണ്
എന്നുവരും സിയാല്‍ ഐപിഒ,  കാത്തിരിപ്പ് നീളുന്നത് എന്തുകൊണ്ട്? ഓഹരി ഉടമകളുടെ ചോദ്യം വീണ്ടും സജീവമാകുന്നു; അവകാശികളില്ലാതെ ₹11.58 കോടി
Published on

വാസുദേവ ഭട്ടതിരി

ഇന്ത്യയിലെ 36 എണ്ണം ഉള്‍പ്പെടെ ലോകത്തെ ആയിരക്കണക്കിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളില്‍ വലുപ്പംകൊണ്ടോ യാത്രക്കാരുടെ എണ്ണംകൊണ്ടോ ഒന്നാം സ്ഥാനം അവകാശപ്പെടാനില്ലെങ്കിലും, ലോകശ്രദ്ധ പിടിച്ചുപറ്റിയ എയര്‍പോര്‍ട്ട് ഒന്നു മാത്രമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാല്‍). ലോകത്ത് ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ജന്മംകൊണ്ട എയര്‍പോര്‍ട്ട്, പൂര്‍ണമായും സൗരോര്‍ജത്തിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക എയര്‍പോര്‍ട്ട്, രാജ്യത്തെ ആദ്യ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, രാജ്യത്തെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ് വേ.

ഈ സവിശേഷതകള്‍ കൊണ്ട് വ്യത്യസ്തമായ എയര്‍പോര്‍ട്ട് അടുത്തിടെ മറ്റൊരു കാരണത്താലും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. എയര്‍പോര്‍ട്ടിന്റെ ഉടമസ്ഥത വഹിക്കുന്ന സിയാല്‍ എന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന് ലിസ്റ്റഡ് കമ്പനിയായി മാറുമെന്ന ചോദ്യം സജീവമായ പശ്ചാത്തലത്തിലാണിത്.

ഐപിഒ വിപണി വളരെ സജീവമാകുകയും കേരളത്തില്‍ നിന്നുതന്നെ കൂടുതല്‍ സംരംഭങ്ങള്‍ ആ മാര്‍ഗത്തിലൂടെ ലിസ്റ്റഡ് പദവി നേടിയെടുക്കാന്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിയാല്‍ ലിസ്റ്റിംഗ് എന്ന്? എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുകയാണ്.

അതേസമയം, ലിസ്റ്റിംഗ് അനന്തമായി നീണ്ടുപോകുന്നത് മൂലം അത് ഒരിക്കലുമുണ്ടാകില്ലേ എന്ന് സംശയിക്കാന്‍ പോലും ഇടയാക്കുന്നതുമാണ് നിലവിലെ അവസ്ഥ. ലിസ്റ്റിംഗിന് മാനേജ്‌മെന്റിനെ നിര്‍ബന്ധിക്കാന്‍ നിലവിലെ ഓഹരി ഉടമകള്‍ക്ക് കഴിയുമെന്നിരിക്കെ, അവര്‍ അതിനുള്ള നീക്കങ്ങള്‍ വേണ്ട രീതിയില്‍ എന്തുകൊണ്ട് നടത്തുന്നില്ല എന്ന ചോദ്യം ഉയരാനും ഈ അവസ്ഥ കാരണമാകുന്നുണ്ട്.

ലോകത്താകെ എത്ര എയര്‍പ്പോര്‍ട്ടുകള്‍ എന്നതിന് കൃത്യമായ കണക്കുകളൊന്നുമില്ല. നാല്‍പ്പതിനായിരത്തിലേറെ എന്നത് മാത്രമാണ് ഏകദേശ കണക്ക്. എയര്‍ സ്ട്രിപ്പുകള്‍ വരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഈ കണക്കെന്ന കുഴപ്പവുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ജെറ്റ് പാസഞ്ചര്‍ സര്‍വീസുകളുള്ള എയര്‍പ്പോര്‍ട്ടുകള്‍ പതിനായിരത്തോളം മാത്രമാണ്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന നിലയിലുള്ളവയുടെ എണ്ണമാകട്ടെ അതിലും കുറവ്. അവയില്‍ത്തന്നെ ലിസ്റ്റഡ് കമ്പനികള്‍ യുഎസ്, ജര്‍മ്മനി, ജപ്പാന്‍, ചൈന, തായ്ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലായി ഇരുപത്തഞ്ചോളം മാത്രം.

ലിസ്റ്റഡ് കമ്പനികള്‍ രണ്ട്‌

എയര്‍പോര്‍ട്ട് ഉടമസ്ഥതയുള്ള ലിസ്റ്റഡ് കമ്പനികള്‍ ഇന്ത്യയില്‍ രണ്ടെണ്ണം മാത്രമാണ്. ജിഎംആര്‍ എയര്‍പോര്‍ട്‌സ് ലിമിറ്റഡ്, ജിവികെ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്നിവയാണവ. രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ ജിഎംആറിന്റേതാണ്.

മുംബൈ, ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍ ജിവികെയുടേതും. സിയാല്‍ ഈ കമ്പനികളുടെ ഗണത്തിലേക്ക് എത്തണമെന്ന് കരുതുന്നവരില്‍ നിലവിലെ ഓഹരി ഉടമകള്‍ മാത്രമല്ല, ഭാവി സാധ്യതകള്‍ സമ്മാനിച്ചേക്കാവുന്ന അസൂയാവഹ നേട്ടങ്ങളുടെ പങ്കില്‍ കണ്ണുവെച്ച് ഐപിഒയ്ക്ക് കാത്തിരിക്കുന്നവരുമുണ്ട്.

കാല്‍ നൂറ്റാണ്ട് മുമ്പ് സിയാല്‍ പിറവിയെടുക്കുമ്പോള്‍, ഓഹരി സംസ്‌കാരത്തിന് സംസ്ഥാനത്ത് വ്യാപകമായ പ്രചാരമൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ ഈ സംരംഭത്തിന് പണം മുടക്കാന്‍ മുന്നോട്ടുവന്നവര്‍ തീരെ കുറവായിരുന്നു. വ്യവസായ രംഗത്തെ ഏതാനും പ്രമുഖരും വിദേശ മലയാളികളുമാണ് പ്രധാനമായും ഓഹരി പങ്കാളിത്തത്തിന് മുന്നോട്ടുവന്നത്. സംരംഭം സാധ്യമാകുകയും സ്ഥാപക കൂട്ടായ്മയുടെ സ്വപ്‌നങ്ങള്‍ ചിറകടിച്ചു പറന്നുയരാന്‍ തുടങ്ങുകയും ചെയ്തതോടെ നിക്ഷേപാവസരം ആഗ്രഹിച്ചവരും എണ്ണത്തില്‍ പെരുകി. ആദ്യകാല നിക്ഷേപകരിലെ ചില്ലറക്കാരില്‍ പലരും ഇതിനിടെ ഓഹരികള്‍ ഗ്രേ മാര്‍ക്കറ്റിലൂടെ നല്ല നേട്ടത്തിന് കൈമാറിയിരുന്നു. തുടക്കത്തില്‍ 20,000 ഓഹരി ഉടമകള്‍ പോലും ഇല്ലാതിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അവരുടെ എണ്ണം അതിനേക്കാള്‍ എത്രയോ ഏറെയാണ്.

സിയാല്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നുകേട്ടത് 2015ല്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തി(എജിഎം)ലായിരുന്നു. അയ്യായിരത്തോളം ഓഹരി ഉടമകള്‍ പങ്കെടുത്ത യോഗത്തിലുയര്‍ന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുന്നതാണെന്നും നടപടികള്‍ ആരംഭിക്കുമെന്നും കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ എന്ന നിലയില്‍ അധ്യക്ഷ്യം വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഒരു പതിറ്റാണ്ടിലേറെ കടന്നുപോയിട്ടും ലിസ്റ്റിംഗ് ആലോചന വിഷയം പോലുമാകാതിരുന്ന പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27ന് ചേര്‍ന്ന എജിഎമ്മിലും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു.

എന്തുകൊണ്ട്‌ നടപടികള്‍ തുടങ്ങുന്നില്ല?

ആവശ്യം ആവര്‍ത്തിക്കപ്പെടുമ്പോഴും എന്തുകൊണ്ട് ലിസ്റ്റിംഗ് നടപടികള്‍ ആരംഭിക്കുന്നില്ല? ഈ ചോദ്യത്തിനുള്ള ഉത്തരം സിയാലിന്റെ ഭരണസമിതിയാണ്. ഡയറക്റ്റര്‍ ബോര്‍ഡിന്റെ ഘടന നോക്കുക. മാറിമാറിവരുന്ന മുഖ്യമന്ത്രിമാര്‍ ചെയര്‍മാന്‍മാരാകുന്നു. ബോര്‍ഡില്‍ ചില മന്ത്രിമാര്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നു.

ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബോര്‍ഡിലെ നോമിനികളാക്കാന്‍ സര്‍ക്കാരിന് സാധ്യമാകുന്നു. ചുരുക്കത്തില്‍, സര്‍ക്കാരിന്റേയോ സര്‍ക്കാരിന് പിന്നിലെ ഭരണ മുന്നണിയുടെയോ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് എന്നും സിയാല്‍. ഇത് തന്നെയാണ് ലിസ്റ്റിംഗിന് നിത്യതടസം.

ഈ സ്ഥിതി അവസാനിക്കുമോ? നിയന്ത്രണം കയ്യൊഴിയാന്‍ സര്‍ക്കാര്‍ തയാറാകുമോ? അതുമല്ലെങ്കില്‍ ബോര്‍ഡിലെ ഭൂരിപക്ഷ പ്രാതിനിധ്യം പ്രൊഫഷണലുകള്‍ക്കായി നീക്കിവെയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ? ഈ ചോദ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് അനുകൂലമായ ഉത്തരം സാധ്യമാകുന്നതുവരെ ലിസ്റ്റിംഗ് അസാധ്യമായിരിക്കുമെന്ന് കരുതാന്‍ മാത്രമെ ഇപ്പോള്‍ നിര്‍വാഹമുള്ളൂ. എന്നാല്‍ ഈ സ്ഥിതി അവസാനിപ്പിക്കാന്‍ കഴിയാത്തതൊന്നുമല്ല.

'ഷെയര്‍ഹോള്‍ഡര്‍ ആക്ടിവിസം' എന്നൊന്നുണ്ടല്ലോ. വിദേശരാജ്യങ്ങളില്‍ സാധാരണമായ ഷെയര്‍ഹോള്‍ഡര്‍ ആക്ടിവിസം ഇന്ത്യയില്‍ അപൂര്‍വമായെങ്കിലും ദൃശ്യമായിട്ടുണ്ട്. അടുത്തിടെയായി അത് കൂടുതലായി ദൃശ്യമാകുന്നുമുണ്ട്. കമ്പനി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ പിന്‍ബലത്തില്‍ സിയാലിന്റെ ഓഹരി ഉടമകള്‍ എന്തേ ആ വഴിക്ക് നീക്കം നടത്താന്‍ തയാറാകുന്നില്ല എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

മൂലധന സമാഹരണത്തിന് ഐപിഒ?

ചെറിയ കാലയളവില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച സിയാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ്. അതിനുള്ള വികസന പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

വികസന പദ്ധതികളില്‍ പ്രധാനം നിലവിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന് മുന്നില്‍ അതിവിശാലമായ വാണിജ്യ മേഖല സ്ഥാപിക്കലാണ്. ചേരാനല്ലരൂരിന് സമീപം വാങ്ങിയിട്ടുള്ള സ്ഥലത്ത് നക്ഷത്രപദവിയുള്ള സിറ്റി ഹോട്ടല്‍ പ്രോജക്റ്റ് ആരംഭിക്കുക എന്നതാണ് മറ്റൊരു പദ്ധതി. ഇവ രണ്ടും കോടികള്‍ ചെലവ് വരുന്ന പദ്ധതികളാണെന്നിരിക്കെ, സിയാലിന് മൂലധന സമാഹരണം ആവശ്യമായി വന്നേക്കാമെന്നാണ് അനുമാനം. മൂലധന സമാഹരണം ഐപിഒയിലൂടെയാകുമോ എന്നാണ് അറിയേണ്ടത്.

സിയാല്‍ എന്ന സ്വര്‍ണ ഖനി

സിയാല്‍ എന്ന കമ്പനിയുടെ ഓഹരി ഉടമയെന്ന നിലയില്‍ ഏറ്റവും വലിയ നേട്ടത്തിന് ഉടമയാകുന്നതും സര്‍ക്കാര്‍ തന്നെ. 95 കോടി രൂപ മാത്രം മുതല്‍മുടക്കിയിട്ടുള്ള സര്‍ക്കാരിന് ലാഭവിഹിതം ഇനത്തില്‍ 300 കോടിയിലേറെ രൂപ ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കൈവശമുള്ള 15,96,48,207 ഓഹരികളുടെ അനൗപചാരിക വിപണിയിലെ ഏകദേശവില കണക്കാക്കുന്നത് നേട്ടം വ്യക്തമാക്കും.

സിയാല്‍ 2024-25ല്‍ നേടിയ അറ്റാദായം 489.85കോടി രൂപയാണ്. ഇതേത്തുടര്‍ന്ന് 50 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.

478.22 കോടി രൂപയുടെ അടച്ചുതീര്‍ത്ത മൂലധനമുള്ള സിയാലിന്റെ 10 രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രതിയോഹരി വരുമാനം (ഇപിഎസ്) 11 രൂപയോളമാണ്.

അവകാശികളില്ലാതെ 11.58 കോടി

2002-03ല്‍ ആദ്യമായി ലാഭം രേഖപ്പെടുത്തിയ സിയാല്‍ 2003-04 മുതലുള്ള എല്ലാ വര്‍ഷങ്ങളിലും ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ആരാലും കൈപ്പറ്റാതെ കെട്ടിക്കിടക്കുന്ന ലാഭവിഹിതം 11.58 കോടി രൂപയാണ്.

ഏതൊക്കെ ഓഹരികളുടെ ലാഭവിഹിതമാണോ ഏഴ് വര്‍ഷമായി കൈപ്പറ്റിയിട്ടില്ലാത്തത്, ആ ഓഹരികളും അവയ്ക്ക് അര്‍ഹതപ്പെട്ട ലാഭവിഹിതവും കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍

ഫണ്ടിലേക്ക് (ഐഇപിഎഫ്) കൈമാറുമെന്ന് അറിയിപ്പുണ്ട്. ലാഭവിഹിതം സംബന്ധിച്ച അറിയിപ്പ് മരണമോ വിലാസത്തിലെ മാറ്റമോ കാരണം ബന്ധപ്പെട്ട ഓഹരി ഉടമകളുടെ കൈകളില്‍ എത്താത്തതിനാലാകാം തുക കൈപ്പറ്റാന്‍ ആരും മുന്നോട്ടുവരാത്തത് എന്ന് അനുമാനിക്കുന്നു.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

Despite being a global trailblazer, government control and management hesitation keep CIAL’s stock away from the main exchanges.

(ധനം മാഗസിന്‍ 2025 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com