ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉള്ളടക്കങ്ങളുടെ ഉടമസ്ഥാവകാശം ആര്‍ക്ക്?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മിക്കുന്ന മാര്‍ക്കറ്റിംഗ് ഉള്ളടക്കങ്ങളുടെ (വാചകങ്ങള്‍, ചിത്രങ്ങള്‍, ഡിസൈനുകള്‍ മുതലായവ) ഉടമസ്ഥാവകാശം ആര്‍ക്കാണ്? അവ നിര്‍മിക്കാന്‍ ഉപയോഗിച്ച എ.ഐ ടൂളിനാണോ? അതോ അവ ഉപയോഗിക്കുന്ന സ്ഥാപനത്തിനാണോ? അതോ അവ നിര്‍മിച്ച മാര്‍ക്കറ്റിംഗ് സ്ഥാപനത്തിനാണോ? ഇത് വളരെ സങ്കീര്‍ണമായ വിഷയമാണ്. 1957-ലെ പകര്‍പ്പവകാശ നിയമത്തില്‍ (Copy right Act ) എ.ഐയെ സൃഷ്ടിച്ച ഉള്ളടക്കത്തെ അഭിസംബോധന ചെയ്യുന്നില്ല. ആക്ടിലെ സെക്ഷന്‍ 2(d)(vi) പ്രകാരം, കമ്പ്യൂട്ടര്‍ നിര്‍മ്മിത സൃഷ്ടികള്‍ അത് സൃഷ്ടിക്കാന്‍ കാരണക്കാരനായ വ്യക്തിയാണ് രചയിതാവ് എന്നാണ്. എന്നാല്‍, എ.ഐ സംവിധാനങ്ങളെ രചയിതാക്കളായി കണക്കാക്കാനാവില്ലെന്ന് ഇന്ത്യന്‍ കോടതികള്‍ വിധിച്ചു. ട്രേഡ്മാര്‍ക്, കോപ്പിറൈറ് തുടങ്ങിയ നിയമങ്ങളില്‍ മാറ്റം ഇനി വരേണ്ടതുണ്ട്.

World Federation of Advertisers (WFA) ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 80% ബഹുരാഷ്ട്ര ബ്രാന്‍ഡുകളും തങ്ങളുടെ ക്രിയേറ്റീവ്, മീഡിയ ഏജന്‍സികള്‍ എങ്ങനെ ജനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്നാണ്. നിയമപരമായ അപകടസാധ്യതകള്‍, ധാര്‍മ്മിക ആശങ്കകള്‍, ബ്രാന്‍ഡ് റെപ്യൂട്ടേഷന് സംഭവിക്കാവുന്ന ആഘാതങ്ങള്‍ എന്നിവയാണ് അവരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനും എ.ഐ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ സ്ഥാപനങ്ങളും മാര്‍ക്കറ്റിംഗ് ഏജന്‍സികളും ശ്രദ്ധിക്കേണ്ടതുണ്ട്.

1. നിയമപരമായ പ്രശ്‌നങ്ങള്‍:

അറുപത്തിയാറ്‌ ശതമാനം ബഹുരാഷ്ട്ര ബ്രാന്‍ഡുകളും ഉയര്‍ത്തുന്ന പ്രധാന ആശങ്കകളിലൊന്ന് എ.ഐയുമായി ബന്ധപ്പെട്ട നിയമപരമായ അപകടസാധ്യതകളാണ്. ഡാറ്റാ സ്വകാര്യത പ്രശ്‌നങ്ങള്‍, Intellectual Property തര്‍ക്കങ്ങള്‍, എ.ഐ സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന്, മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ നിയമ വിദഗ്ദ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, ഏജന്‍സികളുമായും സാങ്കേതിക പങ്കാളികളുമായും ഉള്ള അവരുടെ കരാറുകളില്‍ എ.ഐയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന പ്രത്യേക നിബന്ധനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് അഡ്വര്‍ടൈസേഴ്സും (WFA) കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ R3 യും ചേര്‍ന്ന് മാര്‍ക്കറ്റിംഗിലും പരസ്യത്തിലും ജനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നിയന്ത്രിക്കാന്‍ കമ്പനികളെ സഹായിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബിസിനസുകള്‍ സ്വമേധയാ സ്വീകരിക്കാനും നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ മാധ്യമങ്ങളുമായും ക്രിയേറ്റീവ് ഏജന്‍സികളുമായുമുള്ള കരാറുകള്‍ നിര്‍മിക്കാനും ഉദ്ദേശിച്ചുള്ളതാണ്.

2. ധാര്‍മ്മിക പ്രശ്‌നങ്ങള്‍:

അമ്പത്തിയൊന്ന്‌ ശതമാനം ബ്രാന്‍ഡുകള്‍ക്കും ഒരു പ്രധാന തടസമായി ധാര്‍മ്മിക ആശങ്കകള്‍ തുടരുന്നു. ഡീപ്ഫേക്കുകള്‍ സൃഷ്ടിക്കാന്‍ എ.ഐ പ്രാപ്തമായതിനാല്‍, അതുമായി ബന്ധപ്പെട്ട ദുരുപയോഗം തടയുന്നതിന് വിപണനക്കാര്‍ ശക്തമായ ധാര്‍മ്മിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണം.

(എന്താണ് ഡീപ്ഫേക്ക്?: നിലവിലുള്ള ഉള്ളടക്കത്തില്‍ കൃത്രിമം കാണിച്ചും മാറ്റം വരുത്തിയും വളരെ റിയലിസ്റ്റിക് വ്യാജ ഇമേജുകളോ, വീഡിയോകളോ, ഓഡിയോയോ സൃഷ്ടിക്കാന്‍ അനുവദിക്കുന്ന ഒരു തരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയാണ് ഡീപ്‌ഫേക്ക്.)
സുതാര്യത ഇവിടെ പ്രധാനമാണ്. കമ്പനികള്‍ തങ്ങളുടെ കാമ്പെയ്നുകളില്‍, പ്രത്യേകിച്ച് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ഇടപെടലുകളില്‍ എപ്പോള്‍, എങ്ങനെ എ.ഐ ഉപയോഗിക്കുന്നു എന്നതില്‍ സുതാര്യത ഉണ്ടാകണം.
ഈ ആശങ്കകള്‍ പരിഹരിക്കുന്നതിന്, 63 ശതമാനം വന്‍കിട ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ AI ഉപയോഗത്തെ നയിക്കുന്നതിനുള്ള തത്ത്വങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്, എന്നാല്‍ 35% മാത്രമാണ് ആ തത്വങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കിയത്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് കമ്പനികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ജീവനക്കാരെ പരിശീലിപ്പിക്കുക, എ.ഐ സൃഷ്ടിച്ച ഉള്ളടക്കം ഓഡിറ്റ് ചെയ്യുക, ബ്രാന്‍ഡിന്റെ പ്രധാന മൂല്യങ്ങളുമായി AI ആപ്ലിക്കേഷനുകള്‍ യോജിപ്പിക്കുന്നുവെന്ന് ഉറപ്പാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

3. എ.ഐ നൈപുണ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക:

പല ബിസിനസുകാരും എ.ഐ വിപ്ലവത്തിന് വേണ്ടത്ര തയ്യാറായിട്ടില്ല. പഠനത്തില്‍, 55 ശതമാനം ബിസിനസുകാരും ജനറേറ്റീവ് എ.ഐ ഉപയോഗിക്കാനായി പരിമിതമായ കഴിവുമാത്രമാണുള്ളതെന്ന് സമ്മതിക്കുന്നു. ഈ വിടവ് നികത്താന്‍, ബിസിനസുകള്‍ അവരുടെ മാര്‍ക്കറ്റിംഗ് ടീമുകളെ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും എ.ഐയുടെ ശക്തി പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനും അത് പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കുന്ന പരിശീലന പരിപാടികള്‍ സങ്കടിപ്പിക്കേണ്ടതുണ്ട്.
മാര്‍ക്കറ്റിംഗ് ടീമിനെ പരിശീലിപ്പിക്കുന്നതിനൊപ്പം, വളര്‍ന്നുവരുന്ന AI സാങ്കേതികവിദ്യയുടെ സങ്കീര്‍ണത മനസിലാക്കാന്‍ AI വിദഗ്ധന്മാരുമായും ഏജന്‍സികളുമായും കമ്പനികള്‍ പങ്കാളിത്തം സൃഷ്ട്ടിക്കുന്നത് കാലത്തിനൊത്ത് വളരാന്‍ ബിസിനസ്സുകളെ സഹായിക്കും.

4. ഉള്ളടക്കം സൃഷ്ടിക്കല്‍

മാര്‍ക്കറ്റിംഗില്‍ ജനറേറ്റീവ് എ.ഐയുടെ ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷന്‍ ഉള്ളടക്കം(Content) സൃഷ്ടിക്കലും ഓട്ടോമേഷനുമാണ്. ടെക്സ്റ്റ്, ഇമേജുകള്‍, സംഗീതം എന്നിവ പോലുള്ള ഉള്ളടക്കം നിര്‍മ്മിക്കാന്‍ എ.ഐ കൂടുതലായി ഉപയോഗിക്കുന്നു, ഇത് ബ്രാന്‍ഡുകളെ സമയവും ചെലവും കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു. നിലവില്‍, സര്‍വ്വേ പ്രകാരം വന്‍കിട ബിസിനസുകളില്‍ 40 ശതമാനം ബിസിനസുകള്‍ മാര്‍ക്കറ്റിംഗ് അസറ്റുകള്‍ സൃഷ്ടിക്കാന്‍ എ.ഐ ഉപയോഗിക്കുന്നു.
കോണ്‍ടെന്റ് നിര്‍മ്മാണത്തിനായി എ.ഐ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകള്‍ക്ക്, വ്യക്തമായ ലക്ഷ്യങ്ങളും പെര്‍ഫോമന്‍സ് മെട്രിക്സ്‌കും ആവശ്യമാണ്. എന്നിരുന്നാലും, മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ എ.ഐയെ മാത്രം ആശ്രയിക്കുന്നത് ഗുണനിലവാര പ്രശ്നങ്ങളിലേക്കോ ബ്രാന്‍ഡിന്റെ സ്വഭാവം തെറ്റായി അവതരിപ്പിക്കുന്നതിലേക്കോ നയിച്ചേക്കാം. ഒരു ഹൈബ്രിഡ് സമീപനം-മനുഷ്യന്റെ സര്‍ഗാത്മകതയും എ.ഐ അധിഷ്ഠിത കാര്യക്ഷമതയും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ മികച്ച ഫലങ്ങള്‍ സൃഷ്ഠിക്കാന്‍ സാധിക്കും.
എ.ഐയുടെ ഉപയോഗത്തില്‍നിന്നും ബിസിനസുകള്‍ക്ക് മാറിനില്‍ക്കാന്‍ ഇനിയുള്ളകാലത്ത് സാധിക്കില്ല. നിയമവും ധാര്‍മികതയും ഉള്‍കൊണ്ടുവേണം മാര്‍ക്കറ്റിംഗിനായി എ.ഐ ഉപയോഗിക്കേണ്ടത്.
Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it